സൂറത്ത് അന്നസ്റിന്റെ വിവർത്തനവും തഫ്സീറും
Islam

സൂറത്ത് അന്നസ്റിന്റെ വിവർത്തനവും തഫ്സീറും

വിശുദ്ധ ഖുർആനിലെ 110-ാമത്തെ സൂറത്താണ് സൂറ അൻ-നസ്ർ, വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന അൻ-നസ്ർ ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നാണ്. സൂറത്തിന് പേര് ലഭിച്ചത് ആദ്യ ആയത്തിൽ വരുന്ന “നസ്ർ” എന്ന വാക്കിൽ നിന്നാണ്. അവതരിപ്പിക്കപ്പെട്ട അവസാന സൂറത്താണ് സൂറ അന്നസ്ർ; ഇതിനു ശേഷം പൂർണ്ണമായ മറ്റൊരു സൂറത്തും അവതരിച്ചിട്ടില്ല. [1]

ഉബൈദുല്ലാഹ് ബിൻ അബ്ദുല്ല ബിൻ ഉത്ബ (റ) റിപ്പോർട്ട് ചെയ്യുന്നു:

ഇബ്‌നു അബ്ബാസ് (റ) എന്നോട് പറഞ്ഞു: ഖുർആനിൽ മൊത്തം അവതരിപ്പിക്കപ്പെട്ട സൂറത്തുകളിലെ അവസാന സൂറത്തിനെക്കുറിച്ച് താങ്കൾക്ക് അറിയാമോ? ഞാൻ പറഞ്ഞു: അതെ, “അല്ലാഹുവിന്റെ സഹായവും വിജയവും നേടിയപ്പോൾ.” അപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞത് സത്യമാണ്.

ഈ ലേഖനം അറബി പാഠത്തോടൊപ്പം സൂറത്തുൻ നസ്റിന്റെ പൂർണ്ണ പരിഭാഷയും തഫ്സീറുമാണ് നിങ്ങൾക്കായി പങ്ക് വെക്കുന്നത്.

ആദ്യം, സൂറത്ത് അന്നസ്റിന്റെ പൂർണ്ണമായ അറബി ഭാഗം:

surah-an-nasr-full-arabic

വിവർത്തനം

  1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
  1. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ നീ കാണുകയും ചെയ്താല്‍
  1. നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

ഇനി, സൂറത്ത് അന്നസ്റിന്റെ തഫ്സീറിലേക്ക്

തഫ്സീർ

surah-an-nasr-arabic-01

  1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍,

ഈ സൂക്തത്തിൽ പരാമർശിക്കുന്ന വിജയം മക്ക കീഴടക്കലിനെയാണ് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ സഹായമില്ലാതെ ഒരു വിജയവും സാധ്യമല്ല. [2]

“അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു”.

അൽ-ഇംറാൻ സൂറത്തിൽ അല്ലാഹു പറയുന്നു: [3]

“നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ്‌ നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ”.

മക്ക കീഴടക്കുന്നതിന് മുമ്പ്, ഹുദൈബിയ്യ ഉടമ്പടിയുടെ (മുഹമ്മദ് നബി (സ) യും മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന ഉടമ്പടിയുടെ) അവസരത്തിലാണ് സൂറ അൽ-ഫത്തയിലൂടെ ഈ മഹത്തായ വിജയത്തിന്റെ സുവാർത്ത അല്ലാഹു മുസ്ലീങ്ങൾക്ക് നൽകിയത്. ഉടമ്പടിയിലെ വ്യവസ്ഥകൾ മുസ്ലീങ്ങൾക്ക് എതിരായിരുന്നു. [4]

“തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു”.

ദീർഘനാളത്തെ പരീക്ഷണങ്ങൾക്കും ക്ഷമകൾക്കും ശേഷമാണ് ഈ വിജയം മുസ്ലീങ്ങൾക്ക് അല്ലാഹു ഉറപ്പുനൽകിയത്.

സന്ദേശം നൽകുന്നതിൽ അല്ലാഹു തന്റെ ദൂതനെ വിജയിപ്പിച്ചതിലൂടെ അദ്ദേഹത്തിന്റെ ദൌത്യം പൂർത്തീകരിച്ചുവെന്നും ഈ സൂക്തം സൂചിപ്പിക്കുന്നു.. [5]

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു:

അല്ലാഹുവിന്റെ പ്രസ്താവനയെക്കുറിച്ച് ഉമർ (റ) ആളുകളോട് ചോദിച്ചു: “എപ്പോഴാണ് അല്ലാഹുവിന്റെ സഹായവും (നിങ്ങളുടെ ശത്രുവിനെതിരെ മുഹമ്മദേ) മക്ക കീഴടക്കലും വരാൻ പോകുന്നത്?” അവർ മറുപടി പറഞ്ഞു, “ഇത് ഭാവിയിൽ പട്ടണങ്ങളും കൊട്ടാരങ്ങളും (മുസ്ലിംകൾ) പിടിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്നു.” ഉമർ പറഞ്ഞു: ഇബ്‌നു അബ്ബാസേ, ഇതിനെക്കുറിച്ച് താങ്കൾ എന്താണ് പറയുന്നത്? ഞാൻ മറുപടി പറഞ്ഞു, “(ഈ സൂറത്ത്) പ്രവാചകന്റെ ജീവിതാവസാനത്തെയാണ് സൂചിപ്പിക്കുന്നത്. അതിലൂടെ തന്റെ മരണത്തിന്റെ സാമീപ്യത്തെക്കുറിച്ച് അദ്ദേഹത്തെ അള്ളാഹു അറിയിച്ചു.

surah-an-nasr-02

  1. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ നീ കാണുകയും ചെയ്താല്‍

തീർച്ചയായും, മക്ക കീഴടക്കിയതിലൂടെ ഇസ്‌ലാമിക ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്നു. നേരത്തെ, അറബ് ഗോത്രങ്ങളിൽ പെട്ട പലരും മുഹമ്മദ് നബി (സ) യുമായി ബന്ധം സ്ഥാപിക്കുന്നതിനെ എതിർത്തിരുന്നു. അദ്ദേഹത്തിനും ഖുറൈശികൾക്കുമിടയിൽ ആരാണ് അന്തിമ വിജയികളാകുകയെന്ന് അവർ നിരീക്ഷിക്കുകയായിരുന്നു. ഖുറൈശികൾ വിജയിച്ചാൽ, മുഹമ്മദ് നബി (സ) യഥാർത്ഥത്തിൽ ഒരു പ്രവാചകനല്ലെന്ന് അവർ കട്ടായം പറഞ്ഞു! എന്നാൽ, മുഹമ്മദാണ് വിജയക്കൊടി പാറിക്കുന്നതെങ്കിൽ,  അദ്ദേഹം യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദൂതൻ ആയിരിക്കുമെന്നും അവർ ന്യായവാദം നടത്തി. [6]

അംർ ബിൻ സലാമ (റ) നിവേദനം ചെയ്യുന്നു:

അറബികൾ (ഖുറൈഷികൾ ഒഴികെയുള്ളവർ) ഇസ്‌ലാം സ്വീകരിക്കുന്നത് (മക്ക) കീഴടക്കുന്നതുവരെ വൈകിപ്പിച്ചു. അവർ പറയാറുണ്ടായിരുന്നു. “അദ്ദേഹത്തെയും (അതായത് മുഹമ്മദിനെയും) അദ്ദേഹത്തിന്റെ ജനതയായ ഖുറൈഷികളെയും വിട്ടേക്കുക: അദ്ദേഹം അവരെ കീഴടക്കിയാൽ അദ്ദേഹം ഒരു യഥാർത്ഥ പ്രവാചകനാണ്.” അങ്ങനെ, മക്ക കീഴടക്കിയപ്പോൾ, ഓരോ ഗോത്രവും ഇസ്‌ലാം ആശ്ലേഷിക്കാൻ പാഞ്ഞു.

പ്രവാചകൻ (സ) മക്കയുടെ മേൽ വിജയക്കൊടി നാട്ടിയപ്പോൾ അറബ് ഗോത്രങ്ങൾ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് ഒഴുകിയെത്തി.

താമസിയാതെ അറേബ്യൻ ഉപദ്വീപ് മുഴുവൻ ഇസ്ലാം സ്വീകരിച്ചു. മുഹമ്മദ്‌ നബി യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദൂതനായിരുന്നു എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ വിജയം.

surah-an-nasr-03

3.നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.

വിജയങ്ങൾ നൽകുന്നത് അല്ലാഹുവാണ്, അതിനാൽ അവനോട് നന്ദി പറയണം. അതുകൊണ്ടാണ് ഈ വാക്യത്തിൽ അല്ലാഹു നമ്മോട് പറയുന്നത് അവന്റെ സ്തുതികൾ ആഘോഷിക്കാനും അവനോട് നന്ദി പറയാനും.

199-quran-quotes-an-nasr-110-03

കൂടുതൽ ചിത്രങ്ങൾക്കായി നിങ്ങൾക്ക് ഖുർആനിക് ഉദ്ധരണികൾ സന്ദർശിക്കാം.

സൂറ അൽ-ഫാത്തിഹയുടെ ആദ്യ വാക്യം ഉദ്ധരിക്കുന്നു: [7]

“പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു”.

അല്ലാഹുവിന്റെ പൂർണത പ്രഖ്യാപിക്കുന്നതിനും അവന്റെ സ്തുതികൾ ആഘോഷിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം സൂറ അൽ-ഹിജ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ പ്രാർഥനകളും (നിസ്കാരം) അവനു സാഷ്ടാംഗം ചെയ്യലുമാണ്: [8]

“ആകയാല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിച്ച്‌ കൊണ്ട്‌ നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ്‌ ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക”

മാത്രമല്ല, ലോകത്ത് ഒരു മനുഷ്യനും പൂർണനല്ലാത്തതിനാൽ, ഒരാളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട്  ആത്മാർത്ഥമായി ക്ഷമ ചോദിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, സൂറ അൽ-അൻബിയയിൽ പ്രവാചകൻ യൂനുസ് (സ) യുടെ പ്രാർത്ഥന പരാമർശിച്ചിരിക്കുന്നതുപോലെ, : [9]

“നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു”.

കൂടാതെ, സൂറത്ത് നൂഹിൽ, അല്ലാഹു കരുണാമയനും ഏറെ പൊറുക്കുന്നവനുമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: [10]

“നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു”.

അവസാനമായി,  അല്ലാഹുവിനെ സ്തുതിക്കുകയും തനിക്കും തന്റെ ഉമ്മത്തിനും വേണ്ടി എപ്പോഴും അവനോട്‌ പാപമോചനം തേടുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ)യെ കുറിച്ച് തീർച്ചയായും പരാമർശിക്കേണ്ടതുണ്ട്.

ആയിഷ (റ) റിപ്പോർട്ട് ചെയ്തു: [11]

അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ മരണത്തിന് മുമ്പ് പലപ്പോഴും ഇങ്ങനെ ചൊല്ലുമായിരുന്നു: “നീ മഹത്വപ്പെടട്ടെ, നിന്റെ സ്തുതിയോടെ ഞാൻ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് മടങ്ങുകയും ചെയ്യുന്നു.”

ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, താങ്കൾ പാരായണം ചെയ്യുന്ന ഈ വാക്കുകൾ എന്താണ്?”

അദ്ദേഹം പറഞ്ഞു: എന്റെ ഉമ്മത്തിൽ എനിക്കൊരു ദൃഷ്ടാന്തം നൽകപ്പെട്ടിരിക്കുന്നു. അത് കണ്ടപ്പോൾ ഞാൻ അവ ഉച്ചരിച്ചു (അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന ഈ വാക്കുകൾ), അടയാളം ഇതാണ് – “അല്ലാഹുവിന്റെ സഹായവും വിജയവും വരുമ്പോൾ, അല്ലാഹുവിൻറെ മതത്തിലേക്ക് ആളുകൾ കൂട്ടത്തോടെ പ്രവേശിക്കുന്നത് നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ നാഥനെ സ്തുതിക്കുകയും, അവനോട്‌ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുക: അവൻ (കൃപയിലും കാരുണ്യത്തിലും) പലപ്പോഴും മടങ്ങിവരുന്നവനാണ്.

 റഫറൻസ്

  1. Sahih Muslim Book 43 Hadith 7174
  2. The Quran 08:10 (Surah al-Anfal)
  3. The Quran 03:160 (Surah al-Imran)
  4. The Quran 48:01 (Surah al-Fath)
  5. Sahih Bukhari Vol 6 Book 60 Hadith 493
  6. Sahih Bukhari Vol 5 Book 59 Hadith 595
  7. The Quran 01:01 (Surah al-Fatihah)
  8. The Quran 15:98 (Surah al-Hijr)
  9. The Quran 21:87 (Surah al-Anbya)
  10. The Quran 71:10 (Surah Nuh)
  11. Sahih Muslim Book 4 Hadith 982

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...