ഇസ്ലാമിൽ ഹിജാബിന്റെ പങ്ക്
Islam

ഇസ്ലാമിൽ ഹിജാബിന്റെ പങ്ക്

“( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”.

ഖുർആൻ 24:30-31 (സൂറത്തു നൂർ)

വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്താൻ ഇസ്‌ലാം സ്ത്രീകളോടും പുരുഷന്മാരോടും ആവശ്യപ്പെടുന്നു. ഏറെക്കാലമായി ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വിഷയമാണ് യഥാർത്ഥത്തിൽ  ഇസ്‌ലാമിലെ ഹിജാബ് എന്ന ആശയം.

എന്തുകൊണ്ടാണ് ഇസ്ലാം ഹിജാബ് നിർബന്ധമാക്കുന്നത്?

ഇത് പൊതുവായി കേൾക്കുന്ന ഒരു ചോദ്യം ആണ്.

എന്നാൽ വാസ്തവത്തിൽ ഹിജാബ് മാന്യതയുടെയും എളിമയുടെയും പ്രതീകമാണ്. സൂറ അൽ-അഹ്സാബിൽ, അല്ലാഹു വളരെ നല്ല കാരണം അതിനായി നൽകുന്നു: [1]

“നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”.

അതിനാൽ, സ്ത്രീകൾ ഹിജാബ് ധരിക്കാൻ ഖുറാൻ ആവശ്യപ്പെടുന്നു, അതിലൂടെ  വിശ്വാസികളായ സ്ത്രീകളെ തിരിച്ചറിയാൻ സാധിക്കും. മാത്രമല്ല, ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ഒരു കവജമായി നിങ്ങളെ സംരക്ഷിക്കും. അതുകൊണ്ട്, സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയല്ല ഹിജാബ് ചെയ്യുന്നത്, മറിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് അതിന്റെ ലക്ഷ്യം.

ഇസ്ലാമിൽ മുഖം മൂടൽ നിർബന്ധമാണോ?

ഹിജാബ് നിർബന്ധമാണെന്ന് മുകളിലെ ആയത്തുകൾ കാണിക്കുന്നു. എന്നിരുന്നാലും, മുഖം മൂടുപടം സംബന്ധിച്ചെന്താണ് ഇസ്ലാമിക കാഴിച്ചപ്പാട്?

രണ്ട് ചിന്താധാരകളുണ്ട്. കൈകളും മുഖവും മറയ്ക്കുന്നതാണ് ഹിജാബ് എന്ന് ഒരു ചിന്താധാര വിശ്വസിക്കുന്നു, അതേസമയം ഹിജാബ് ശരീരത്തെ മാത്രമേ മറയ്ക്കാവൂ, അതായത് മുഖവും കൈകളും മറക്കേണ്ടത് ആവശ്യമില്ലെന്ന് മറ്റൊരു ചിന്താഗതി മുന്നോട്ടുവെയ്ക്കുന്നു.

മുഖം മൂടുപടം നിർബന്ധമല്ലെന്ന് പ്രസ്താവിക്കുന്ന വാദങ്ങൾ

ആയിഷ (റ) വിവരിക്കുന്നു: [2]

“അബൂബക്കർ (റ) യുടെ മകൾ അസ്മ, കട്ടി കുറഞ്ഞ വസ്ത്രം ധരിച്ച് അല്ലാഹുവിന്റെ റസൂലിന്റെ (സ) സന്നിധിയിൽ പ്രവേശിച്ചു. അല്ലാഹുവിന്റെ റസൂൽ (സ) അവളിൽ നിന്ന് ശ്രദ്ധ തിരിച്ചു. അദ്ദേഹം പറഞ്ഞു: അസ്മാ! ഒരു സ്ത്രീ പ്രായപൂർത്തിയാകുമ്പോൾ, അവൾ ഇതും ഇതും ഒഴികെയുള്ള ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് അവൾക്ക് അനുയോജ്യമല്ല, തുടർന്ന് അദ്ദേഹം തന്റെ മുഖത്തേക്കും കൈകളിലേക്കും ചൂണ്ടിക്കാണിച്ചു”.

കൂടാതെ:

അബ്ദുല്ല ബിൻ അബ്ബാസ് (റ) വിവരിക്കുന്നു: [3]

നഹ്ർ ദിനത്തിൽ (ദുൽഹിജ്ജ 10) അൽ-ഫദ്ൽ ബിൻ അബ്ബാസ് (റ) നബി (സ)യുടെ ഒട്ടകപ്പുറത്ത് അദ്ദേഹത്തിന്റെ പുറകെയിരുന്നു സഞ്ചരിക്കുമ്പോൾ, ഖത്ആം ഗോത്രത്തിലെ സുന്ദരിയായ ഒരു സ്ത്രീ വന്നു അല്ലാഹുവിന്റെ റസൂലിന്റെ വിധിയെ കുറിച്ച് ചോദിച്ചു. ഇതിനിടയിൽ, ആ സ്ത്രീയുടെ സൗന്ദര്യം  അൽ-ഫദ്ൽ (റ) യെ ആകർഷിച്ചതിനാൽ അവളെ അദ്ദേഹം നോക്കാൻ തുടങ്ങി. അൽ-ഫദ്ൽ (റ) അവളെ നോക്കുന്നതിനിടയിൽ പ്രവാചകൻ പിന്നിലേക്ക് നോക്കി; അത് കണ്ട പ്രവാചകൻ തന്റെ കൈ പിന്നിലേക്ക് നീട്ടി അൽ-ഫദ്ൽ (റ) യുടെ താടിയിൽ പിടിച്ച് അവളെ നോക്കാതിരിക്കാൻ മുഖം (മറുവശത്തേക്ക്) തിരിച്ചു.

ഈ ഹദീസിൽ, അൽ-ഫദ്ൽ (റ) സൗന്ദര്യം കാരണം ആ സ്ത്രീയെ നോക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ഇതൊക്കെയാണെങ്കിലും, പ്രവാചകൻ (സ) ആ സ്ത്രീയോട് മുഖം മറയ്ക്കാൻ നിർദ്ദേശിച്ചില്ല, പകരം അൽ-ഫദ്ൽ (റ) യുടെ മുഖം മറ്റൊരു ദിശയിലേക്കാണ് പ്രവാചകൻ തിരിച്ചത്, അത് അവളെ നോക്കുന്നത് തടയാനായിരുന്നു.

മുഖാവരണം നിർബന്ധമല്ല എന്ന വാദത്തെ പിന്തുണച്ചാണ് മേൽപ്പറഞ്ഞ ആഖ്യാനങ്ങൾ ഉപയോഗിക്കുന്നത്.

മുഖം മൂടുപടം നിർബന്ധമാണെന്ന് പ്രസ്താവിക്കുന്ന വാദങ്ങൾ

ആയിഷ (റ) വിവരിക്കുന്നു: [4]

“അല്ലാഹുവിന്റെ റസൂൽ (സ) ഫജർ നമസ്‌കരിക്കുമ്പോൾ , പർദ്ദ കൊണ്ട് മറച്ച ചില വിശ്വാസികളായ സ്ത്രീകൾ അദ്ദേഹത്തോടൊപ്പം ഫജ്ർ നമസ്കാരത്തിൽ പങ്കെടുക്കുകയും പിന്നീട് അവർ തിരിച്ചറിയപ്പെടാതെ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു”.

വ്യക്തമായും, ഒരു സ്ത്രീ തിരിച്ചറിയപ്പെടാതെ വീട്ടിലേക്ക് മടങ്ങിയെങ്കിൽ, അതിനർത്ഥം അവൾ മുഖം മറച്ചിരിക്കണം എന്നാണ്.

സഫിയ ബിൻത് ഷൈബ (റ) നിവേദനം ചെയ്യുന്നു: [5]

ആഇശ (റ) പറയാറുണ്ടായിരുന്നു: “അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ ”  എന്ന ഭാഗം അല്ലാഹു വെളിപ്പെടുത്തിയപ്പോൾ  അവർ (സ്ത്രീകൾ) അരക്കെട്ടുകൾ മറച്ച തുണികളുടെ അരികുകളിൽ മുറിച്ച്, വെട്ടിയ തുണി കഷണങ്ങൾ കൊണ്ട് തലയും മുഖവും മറച്ചു”.

അതിനാൽ, മുഖാവരണത്തെ പിന്തുണയ്ക്കുന്ന പണ്ഡിതന്മാർ ഇത് നിർബന്ധിത അലങ്കാരമായി കണക്കാക്കുന്നു.

ഉപസംഹാരം

മുഖാവരണത്തിന് അനുകൂലമായോ പ്രതികൂലമായോ വശംവദരാകുന്നതിനുപകരം, നമുക്ക് ഇപ്പോൾ “ഹിജാബ്” എന്ന ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാം, അതിനെ ഒരു ആരാധനയായി വീക്ഷിക്കാം.

വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുക എന്നത് ഒരു ആരാധനയാണ്. അതിനാൽ, അല്ലാഹു കൽപിച്ചതുപോലെ വസ്ത്രം ധരിക്കുന്നത് അവനെ സേവിക്കുന്നതിനോ ആരാധിക്കുന്നതിനോ ഉള്ള ഒരു മാർഗമാണ്. സ്വാഭാവികമായും, ആരാധനയുടെ കീഴിലുള്ള ഒരു പ്രവൃത്തി ഉപേക്ഷിക്കുകയും ന്യായവിധി നാളിൽ നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതിനെ മാറ്റിനിർത്തുകയും ചെയ്യണം.

ചുരുക്കത്തിൽ, ഹിജാബ് മുസ്ലീം സ്ത്രീകൾക്ക് ഒരു നിയന്ത്രണമല്ല, മറിച്ച് അവർക്ക് ഒരു അലങ്കാരമാണ്. വാസ്തവത്തിൽ, ഞാൻ കൂട്ടിച്ചേർക്കുകയാണെങ്കിൽ, അത് ഈ ലോകത്ത് ഭക്തിയും എളിമയും പരലോകത്ത് മഹത്തായ പ്രതിഫലവും ഉറപ്പാക്കുന്ന ഒന്നാണ്.

റഫറൻസ്

  1. The Quran 33:59 (Surah al-Ahzab)
  2. Sunan Abi Dawud Book 34 Hadith 4092
  3. Sahih Bukhari Vol 8 Book 74 Hadith 247
  4. Sahih Bukhari Vol 1 Book 8 Hadith 368
  5. Sahih Bukhari Vol 6 Book 60 Hadith 282

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ . ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ , തന്റെ ഒഴിവ് സമയം ഹദിസ് , സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...