മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )
History

മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )

മറിയം ബിൻത് ഇമ്രാൻ (റ) അല്ലെങ്കിൽ ഈസ (റ)ന്റെ മാതാവായ കന്യകാമറിയത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. ഖുറാനിൽ പേര് പരാമർശിക്കപ്പെട്ട ഒരേയൊരു സ്ത്രീ അവർ മാത്രമാണ്. മാത്രമല്ല, അവരുടെ പേരിൽ സൂറത്ത് മറിയം എന്ന ഒരു അധ്യായമുണ്ട് വിശുദ്ധ ഖുർആനിൽ.

സൂറ അൽ-ഇംറാനിൽ അല്ലാഹു പറയുന്നു: [1]

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച്‌ ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

കൂടാതെ, മറിയമിനെ പ്രവാചകൻ മുഹമ്മദ്‌ നബി(സ) വിശേഷിപ്പിച്ചത് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും “തികഞ്ഞ” സ്ത്രീരത്‌നങ്ങളിൽ ഒരാളായയാണ്. അബു മൂസ അൽ-അശ്അരി (റ) വിവരിക്കുന്ന ഹദീസ്: [2]

അല്ലാഹുവിന്റെ  പ്രവാചകൻ (സ) പറഞ്ഞു, “പുരുഷന്മാരിൽ പലരും പൂർണത കൈവരിച്ചിട്ടുണ്ട് , എന്നാൽ സ്ത്രീകളിൽ ഇമ്രാന്റെ മകളായ മറിയവും ഫറവോന്റെ ഭാര്യ ആസിയയും ഒഴികെ ആരും പൂർണത നേടിയിട്ടില്ല.”

ഇമ്രാന്റെ കുടുംബത്തിൽ പെട്ടയാളായിരുന്നു മറിയം (റ). ഒരു കുഞ്ഞികാലിനു വേണ്ടി ഇമ്രാന്റെ ഭാര്യ അല്ലാഹുവിനോട് മനമുരുകി പ്രാർത്ഥിച്ചു. മറിയമിന്റെ മാതാവ് ഗർഭം ധരിച്ചപ്പോൾ, അവർ അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്തത് തന്റെ ഗർഭസ്ഥ ശിശുവിനെ എല്ലാ ലൗകിക കാര്യങ്ങളിൽ നിന്നും മുക്തമാക്കി അവന്റെ സേവനത്തിനായി സമർപ്പിക്കുമെന്നായിരുന്നു. മാത്രമല്ല,സാത്താന്റെ “സ്പർശനത്തിൽ” നിന്ന് തന്റെ കുട്ടിയെ സംരക്ഷിക്കാനും അവർ പ്രാർത്ഥിച്ചു. അല്ലാഹു അവരുടെ പ്രാർത്ഥന സ്വീകരിക്കുകയും സൂറ അൽ-ഇമ്രാനിൽ ഈ വാക്യങ്ങളിൽ വിവരിക്കുകയും ചെയ്തു: [3

ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.

അല്ലാഹു മർയമിനെ (അ) തന്റെ സേവനത്തിനായി സ്വീകരിക്കുകയും അവരുടെ രക്ഷാധികാരിയായി സക്കറിയയെ (അ) തിരഞ്ഞെടുക്കുകയും ചെയ്തു. അക്കാലത്ത് ജീവിച്ചിരുന്ന എല്ലാ എഴുത്തുകാരിൽ നിന്നും മറിയമിനെ സംരക്ഷിക്കാൻ അദ്ദേഹത്തെയാണ് അല്ലാഹു നിശ്‌ച്ചയിച്ചത്. അവരെല്ലാം ഒരു അരുവിയുടെ തീരത്ത് ഒരുമിച്ചുകൂടി, തുടർന്ന് അവരുടെയെല്ലാം പേനകൾ ആ അരുവിയിലേക്ക് എറിയാൻ നിർദ്ദേശിച്ചു. ഒഴുക്കിനെതിരെ  നീന്തുന്നത് ആരുടെ പേനയാണോ അയാളായിരിക്കും ആ കുട്ടിയുടെ രക്ഷിതാവായിരിക്കുക എന്ന് അവരോട് അല്ലാഹു പറഞ്ഞു. സക്കറിയ (അ)യുടെ തൂലികയാണ് ഒഴിക്കിനെതിരെ സഞ്ചരിച്ചത്.

ഖുർആനനുസരിച്ച്, സക്കറിയ  മർയമിനെ (അ) സന്ദർശിക്കാൻ പോകുമ്പോഴെല്ലാം, അവരുടെ മുമ്പിൽ ഭക്ഷണവും മറ്റു ആവശ്യ സാമഗ്രികളും കാണാറുണ്ടായിരുന്നു. ഇത് കണ്ട് ആശ്ചര്യപ്പെടാറുള്ള അദ്ദേഹം ഉറവിടത്തെക്കുറിച്ച് അവരോട് ആരായികയും ചെയ്യും. അപ്പോയെല്ലാം ഭക്ഷണം അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവർ പ്രതികരിക്കും. താഴെ പറയുന്ന സൂക്തത്തിലൂടെ ഖുർആൻ ഇത് സ്ഥിരീകരിക്കുന്നു: [4]

അങ്ങനെ അവളുടെ ( മര്‍യമിന്‍റെ ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ ( പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.

അങ്ങനെ അള്ളാഹുവിനെ ആരാധിക്കുന്ന നീതിനിഷ്ഠയും ഭക്തിയുള്ളതുമായ ഒരു മുസ്ലിം സ്ത്രീയായി അവർ വളർന്നു.  അല്ലാഹുവിൽ മാത്രം സമർപ്പിച്ച് മറിയം (റ) അവരുടെ കുടുംബത്തിൽ നിന്ന് സ്വയം മാറിനിന്നു. ജറുസലേമിലെ സേക്രഡ് മസ്ജിദിന്റെ കിഴക്ക് ഭാഗത്തേക്ക് പോയ അവർ അവിടെ ഇരുന്നു പ്രാർത്ഥിച്ചു. ഈ സാഹചര്യത്തിലാണ് പുരുഷരൂപത്തിൽ ഒരു മാലാഖ അവർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. മാലാഖ ഒരു പുരുഷനാണെന്ന് കരുതി അവർ ഭയപ്പെട്ടു, തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അയാളോട് അവർ ആവശ്യപ്പെട്ടു. [5]

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം.

എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ ( എന്നെ വിട്ട്‌ മാറിപ്പോകൂ. )

അദ്ദേഹം ( ജിബ്‌രീല്‍ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.

അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല

അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു

അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!

ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.

നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.

അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.

ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.

അപ്പോള്‍ അവള്‍ അവന്‍റെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങള്‍ എങ്ങനെ സംസാരിക്കും

അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അവന്‍ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

( അവന്‍ എന്നെ ) എന്‍റെ മാതാവിനോട്‌ നല്ല നിലയില്‍ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌.

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.

( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം

എന്നിട്ട്‌ അവര്‍ക്കിടയില്‍ നിന്ന്‌ കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.

അള്ളാഹു ഒരു പുരുഷനോ സ്ത്രീയോ ഇല്ലാതെ ആദമിനെ (അ) സൃഷ്ടിച്ചതുപോലെ,  ഈസ (അ) യെ സൃഷ്ടിച്ചത് പുരുഷനില്ലാത്ത ഒരു സ്ത്രീയിൽ നിന്നായിരുന്നു, തീർച്ചയായും അത് മനുഷ്യരാശിക്ക് ഒരു അടയാളമായി നിലനിൽക്കും. [6]

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ ( അവന്‍റെ രൂപം ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ ( ആദം ) അതാ ഉണ്ടാകുന്നു.

വിശുദ്ധയും നിർമലവുമായ ഒരു സ്ത്രീ എന്ന നിലയിൽ  മറിയത്തിന്റെ (അ) ന്റെ ഉദാഹരണം ഖുർആൻ ഉയർത്തിപ്പിടിക്കുന്നു: [7]

തന്‍റെ പവിത്രത കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു). അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

കൂടാതെ, ജീവിച്ചിരുന്നവരിൽ ഏറ്റവും മികച്ച സ്ത്രീയാരായിരുന്നു എന്ന ചോദ്യത്തിന് , മുഹമ്മദ് നബി (സ) മർയം (റ) എന്നാണ് മറുപടി പറഞ്ഞത്.

അലി(റ) നിവേദനം: [8]

പ്രവാചകൻ (സ) പറഞ്ഞു: “ലോകത്തിലെ സ്ത്രീകളിൽ ഏറ്റവും മികച്ചത് മറിയമാണ് (അവളുടെ ജീവിതകാലത്ത്).

റഫറൻസ്

  1. The Quran 03:42 (Surah al-Imran)
  2. Sahih Bukhari Volume 5, Book 57, Number 113
  3. The Quran 03:35-37 (Surah al-Imran)
  4. The Quran 03:37 (Surah al-Imran)
  5. The Quran 19:16-34 (Surah Maryam)
  6. The Quran 03:59 (Surah al-Imran)
  7. The Quran 66:12 (Surah at-Tahrim)
  8. Sahih Bukhari Volume 5, Book 58, Number 163

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ . ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ , തന്റെ ഒഴിവ് സമയം ഹദിസ് , സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...