ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ
History

ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ

മംഗോളിയരുടെ ചരിത്രമെന്നത് പലപ്പോഴും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ പര്യവേഷണങ്ങളെയും/വിജയങ്ങളെയും കുറിച്ചായി മാത്രം ഒതുങ്ങാറുണ്ട്. അത് പലപ്പോഴും അദ്ദേഹത്തേക്കാൾ മികച്ച മറ്റ് പല മംഗോളിയൻ നേതാക്കളുടെ വലിയ നേട്ടങ്ങൾ കാണാതെ പോകുകയും, അർഹമായ പരിഗണന ലഭിക്കാതെ പോകുകയും, ഇത് വഴി ചരിത്രത്തിന്റെ മറ്റൊരു കോണിൽ അവരെല്ലാം മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഈ ലേഖനത്തിൽ, മംഗോളിയൻ സൃഷ്ടിച്ച ഏറ്റവും വലിയ യോദ്ധാകളിൽ ഒരാളായ ബെർക്ക് ഖാനെക്കുറിച്ചാണ് ഞാൻ എഴുതുന്നത്.

ചെങ്കിസ് ഖാന്റെ ചെറുമകനായിരുന്നു ബെർക്ക് ഖാൻ (ബിർക്കായി ഖാൻ എന്നും അറിയപ്പെടുന്നു). മറ്റ് മംഗോളിയരെപ്പോലെ ചെറുപ്പത്തിൽ തന്നെ തന്റെ സൈനിക ജീവിതം ആരംഭിച്ച അദ്ദേഹം നിരവധി സൈനിക പര്യവേഷണങ്ങളിൽ പങ്കെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതായി രേഖപ്പെടുത്തുന്നത് മംഗോളിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗോൾഡൻ ഹോർഡിന്റെ (1257-66) ഭരണ ചക്രം തിരിച്ചതായിരുന്നു.

1252-ൽ ബുഖാറയിൽ വെച്ചാണ് ബെർക്ക് ഇസ്ലാം സ്വീകരിക്കുന്നത്. നഗരത്തിലൂടെ കടന്നുപോവുകയായിരുന്ന ഒരു യാത്രാസംഘത്തെ അദ്ദേഹം കണ്ടുമുട്ടുകയും അവരുടെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുകയുണ്ടായി. ഐക്കണോക്ലാസത്തെ കുറിച്ചുള്ള ഇസ്ലാമിക സങ്കൽപ്പങ്ങളിലും വിശ്വാസത്തിലും ആകൃഷ്ടനായ ബെർക്ക്  ഇസ്ലാമിലേക്ക് കടന്നുവരികയും ജീവിതകാലം മുഴുവൻ ആ വിശ്വാസത്തിൽ തന്നെ തുടരുകയും ചെയ്തു.

പക്ഷേ, ബെർകെ ഖാന് അള്ളാഹു കരുതിയിരുന്ന പദ്ധതി അത് മാത്രമായിരുന്നില്ല.

തയ്യാറെടുപ്പ്

ഹുലാഗു ഖാൻ ചെങ്കിസ് ഖാന്റെ (ബെർക്കിന്റെ കസിൻ) മറ്റൊരു ചെറുമകനായിരുന്നു. മംഗോളിയൻ സാമ്രാജ്യത്തിലെ മറ്റൊരു അർദ്ധ സ്വയംഭരണ സംസ്ഥാനമായ ഇൽഖാനേറ്റിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. തന്റെ ക്രിസ്ത്യൻ പത്നി ഡോക്യുസ് ഖാത്തൂണിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഹുലാഗു, ഖാത്തൂണിന് ഇഷ്ട്ടമില്ലാത്ത എല്ലാവരോടും ഒരു തരം വെറുപ്പ് പ്രകടിപ്പിച്ചു. സ്വാഭാവികമായും, നെസ്തോറിയൻ സഭയിലെ അപ്പോസ്തലന്മാർ ‘അവിശ്വാസികളായ മുസ്ലീങ്ങൾ’ക്കെതിരെ നീങ്ങാനുള്ള ആവശ്യവുമായി ഹുലാഗുവിനെ സന്ദർശിച്ചപ്പോൾ,ഭാര്യയോടുള്ള രാജാവിന്റെ ഇഷ്ട്ടം അദ്ദേഹത്തെ സ്വാധീനിക്കാൻ ഇവർക്ക് വലിയ അവസരമാണ് നൽകിയത്. തന്റെ പത്നി-രാജ്ഞിയെ ആകർഷിക്കാൻ ഉത്സുകനായ ഹുലാഗു ഇസ്ലാമിക ലോകത്തെ തകർക്കാനുള്ള മുന്നേറ്റങ്ങൾ നടത്തി. [1]

ഹുലാഗുവിന്റെ ഈ അക്രമാസക്തമായ മുന്നേറ്റം വർഷങ്ങളോളം നീണ്ടുനിന്നു. 1256-ൽ പേർഷ്യയിൽ നിന്ന് തുടക്കം കുറിച്ച ഈ നാശം വിതച്ചു കൊണ്ടുള്ള യാത്രയിൽ തന്റെ വഴിയിൽ നിന്നിരുന്ന എല്ലാ പ്രധാന സംസ്ഥാനങ്ങളെയും കീഴടക്കാൻ അദ്ദേഹം ശ്രമിച്ചു. 1258-ൽ, ബാഗ്ദാദ് യുദ്ധത്തിൽ ഹുലാഗുവിന്റെ സൈന്യം അബ്ബാസിദ് ഖിലാഫത്ത് ഇല്ലാതാക്കുകയും അന്നത്തെ ഖലീഫ അൽ മുസ്തസിം ബില്ലയെ വധിക്കുകയും ചെയ്തു. ഇസ്ലാമിക ലോകത്തിന്റെ നെടും തൂണായിരുന്ന നേതാവിനെ കൊന്നത് ഒരു വലിയ പ്രഹരമായിരുന്നു.

ഡമാസ്കസിലെ അയ്യൂബികളും ഹുലാഗുവിന്റെ ദയാരഹിതമായ ആക്രമണത്തിന് ഇരയായി. മംഗോളിയക്കാർ ഒരു ഭീമാകാരമായ ശക്തിയാണെന്ന ബോധ്യം ഉണ്ടെങ്കിലും “ശത്രുവിന്റെ ശത്രു  സുഹൃത്താണ്” എന്ന സങ്കൽപ്പത്തെ അംഗീകരിച്ച നിരവധി കുരിശുയുദ്ധ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ക്രൈസ്തവലോകത്തിലെ പല രാജ്യങ്ങളും മംഗോളിയർക്ക് പിന്തുണ നൽകുന്നതിൽ വലിയ രീതിയിൽ സന്തോഷിച്ചു.

മംഗോളിയരും മംലൂക്കുകളും

പശ്ചിമേഷ്യയിലെ എല്ലാ പ്രധാന മുസ്ലീം ശക്തികളെയും പരാജയപ്പെടുത്തിയ ഹുലാഗു ജോർജിയ, സിലിഷ്യൻ അർമേനിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ മംലൂക്ക് സുൽത്താനേറ്റിലേക്ക് ലക്ഷ്യമാക്കി തിരിച്ചു. അദ്ദേഹം തന്റെ ദൂതനെ മംലൂക്കിലെ സുൽത്താൻ ഖുത്തൂസിന്റെ അടുക്കലേക്ക് താഴെ കാണുന്ന കത്തുമായി അയച്ചു: [2]

“കിഴക്കിന്റെയും പടിഞ്ഞാറിന്റെയും രാജാക്കന്മാരുടെ രാജാവായ ഗ്രേറ്റ് ഖാനിൽ നിന്ന്. നമ്മുടെ വാളുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടിപ്പോയ മംലൂക്ക് ഖുത്തൂസിന്. മറ്റ് രാജ്യങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ നന്നായി ചിന്തിക്കുകയും ഞങ്ങൾക്ക് മുമ്പിൽ കീഴടങ്ങുകയും ചെയ്യുക. ഞങ്ങൾ എങ്ങനെയാണ് ഒരു വലിയ സാമ്രാജ്യം കീഴടക്കി ഭൂമിയെ മലിനമാക്കിയ ക്രമക്കേടുകളിൽ നിന്ന് ശുദ്ധീകരിച്ചതെന്ന് നിങ്ങൾ കേട്ടിട്ടുണ്ട്. എല്ലാ ആളുകളെയും കൂട്ടക്കൊല ചെയ്തുകൊണ്ട് ഞങ്ങൾ വിശാലമായ പ്രദേശങ്ങൾ കീഴടക്കി. ഞങ്ങളുടെ സൈന്യത്തിന്റെ ഭീകരതയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാവില്ല. നിങ്ങൾക്ക് എവിടേക്കാണ് ഓടിപ്പോകാൻ കഴിയുക? ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ ഏത് വഴിയാണ് ഉപയോഗിക്കുന്നത്? ഞങ്ങളുടെ കുതിരകൾ വേഗതയുള്ളവയാണ്, ഞങ്ങളുടെ അമ്പുകൾ മൂർച്ചയുള്ളവയാണ്, ഞങ്ങളുടെ വാളുകൾ ഇടിമിന്നൽ പോലെയുള്ളവയാണ്, ഞങ്ങളുടെ ഹൃദയങ്ങൾ പർവതങ്ങൾ പോലെ കഠിനമാണ്, ഞങ്ങളുടെ പടയാളികൾ മണൽ പോലെ എണ്ണി തീറ്റപ്പെടുത്താൻ കഴിയാത്തതാണ്. ഒരു കോട്ടകളും സൈന്യങ്ങളും നമ്മെ തടയുകയില്ല.

ദൈവത്തോടുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കെതിരെ പ്രയോജനപ്പെടില്ല. കണ്ണുനീർ നമ്മെ തളർത്തുന്നില്ല, വിലാപങ്ങൾ സ്പർശിക്കുന്നില്ല. നമ്മുടെ സംരക്ഷണം യാചിക്കുന്നവർ മാത്രമേ സുരക്ഷിതരായിരിക്കൂ. യുദ്ധത്തിന്റെ തീ ആളിക്കത്തുന്നതിനു മുമ്പ് നിങ്ങളുടെ മറുപടി വേഗത്തിലാക്കുക. ചെറുത്തുനിന്നാൽ, നിങ്ങൾ ഏറ്റവും ഭയാനകമായ ദുരന്തങ്ങൾ അനുഭവിക്കും. ഞങ്ങൾ നിങ്ങളുടെ പള്ളികൾ തകർക്കുകയും നിങ്ങളുടെ ദൈവത്തിന്റെ ബലഹീനത വെളിപ്പെടുത്തുകയും നിങ്ങളുടെ കുട്ടികളെയും വൃദ്ധരെയും ഒരുമിച്ച് കൊല്ലുകയും ചെയ്യും. ഇപ്പോൾ ഞങ്ങൾ മാർച്ച് നടത്തേണ്ട ഒരേയൊരു ശത്രു നിങ്ങൾ മാത്രമാണ്.”

കത്തിന്റെ സ്വരം സുൽത്താൻ ഖുത്തൂസ്  പ്രകോപിതനാക്കി(പ്രത്യേകിച്ച് മുകളിൽ എഴുതിയ ഭാഗം), ക്രോധനായ മാറിയ അദ്ദേഹം മംഗോളിയൻ ദൂതനെ വധിച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി.തീര്ച്ചയായും ഒരു വിശ്വാസി ചെയ്യേണ്ട കാര്യമല്ല ഇത് !

മംഗോളിയർക്കും അവരുടെ സഖ്യകക്ഷികൾക്കും മുമ്പിൽ മംലൂക്കുകൾ ഒരു ചെറിയ ശക്തിയാണെന്നത് ഊഹിക്കാൻ എളുപ്പമായിരുന്നു. പക്ഷെ അല്ലാഹുവിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. ഗ്രേറ്റ് ഖാൻ ചൈനയിൽ വച്ച് മരിച്ചു, ഇത് കാരണം ഹുലാഗുവിന് തിരിച്ചു  മടങ്ങേണ്ടി വന്നു. കൂടാതെ, സാമ്പത്തികമായി ഒരു വലിയ സൈന്യത്തെ കൂടുതൽ കാലം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല..

മമ്മൂക്കുകൾ ഇത് ഒരു അവസരമായി കാണുകയും അത് തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്‌തു . ഇതടിസ്ഥാനത്തിൽ സുൽത്താൻ കുത്തൂസും ബൈബറും മേഖലയിലെ ശേഷിക്കുന്ന മംഗോളിയൻ സേനയ്‌ക്കെതിരായ പര്യവേഷണത്തിന് നേതൃത്വം നൽകകയും, 1260-ലെ ഐൻ ജലൂട്ട് യുദ്ധത്തിൽ ഹുലാഗുവിന്റെ ജനറൽമാരെയും അവരുടെ ജോർജിയൻ/അർമേനിയൻ സഖ്യകക്ഷികളെയും വിജയകരമായി തോൽപ്പിക്കുകയും ചെയ്‌തു.

പരാജയം തീർച്ചയായും ഹുലാഗുവിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം, മംലൂക്കുകൾക്കെതിരായ ദൗത്യം തന്റെ വ്യക്തിപരമായ ലക്ഷ്യമാക്കി ഒരു പോരാട്ടത്തിന് കോപ്പുകൂട്ടി.

ബെർക്ക്-ഹുലാഗു യുദ്ധം

1262-ൽ, ഐൻ ജലൂത്തിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ തുനിഞ്ഞ ഹുലാഗു മുസ്ലീം രാജ്യങ്ങൾക്കെതിരെ വലിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. പ്രതികാരത്താൽ ജ്വലിക്കുകയും മംലൂക്കുകളേക്കാൾ വളരെ വലിയ ഒരു സൈനിക സേനയെ  നിലനിർത്തുകയും ചെയ്യുന്ന ഹുലാഗുവിന് തീർച്ചയായും തന്റെ എതിരാളികളെ നശിപ്പിക്കാൻ സാധിക്കുമായിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ് ബെർക്ക് ഖാൻ ചുവടുവെച്ചത്. മംഗോളിയൻ മഹാനായ ഖാനെ അഭിസംബോധന ചെയ്ത

കത്തിൽ ബെർക്ക് ഇങ്ങനെ എഴുതി: [3]

“ഹുലാഗു മുസ്ലീങ്ങളുടെ എല്ലാ നഗരങ്ങളും കൊള്ളയടിക്കുകയും ഖലീഫയെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. അല്ലാഹുവിന്റെ സഹായത്താൽ, ഇത്രയും നിരപരാധികളായ മനുഷ്യരുടെ രക്തത്തിന്റെ കണക്ക് പറയാൻ ഞാൻ അവനെ വിളിക്കുക തന്നെ ചെയ്യും “.

അതെ ബെർക്ക് വാക്ക് പാലിച്ചു.

മുസ്ലീം ഭൂമിയിൽ കൂടുതൽ ആക്രമണം നടത്താൻ ഇതോടെ ഹുലാഗുവിന് കഴിഞ്ഞില്ല. പടിഞ്ഞാറൻ മംഗോളിയൻ സാമ്രാജ്യത്തിലെ ആദ്യത്തെ പ്രധാന ആഭ്യന്തരയുദ്ധമായിരുന്നു 1262-ലെ ബെർക്ക്-ഹുലാഗു യുദ്ധം. കോക്കസസ് പർവതനിരകളിൽ നടന്ന ഈ യുദ്ധം ഹുലാഗുവിന്റെ സർവ്വ ശക്തിയെയും തകർത്തു കളഞ്ഞു. ബെർക്കിന്റെ അനന്തരവൻ നൊഗായ് ടെറക് നദിക്ക് സമീപം ഹുലാഗുവിന്റെ സൈന്യത്തെ തകർത്തു, ഹുലാഗു പിൻവാങ്ങാൻ നിർബന്ധിദ്ധനായി. 1265-ൽ അദ്ദേഹം അന്തരിച്ചു, അങ്ങനെ മുസ്ലീങ്ങൾക്കെതിരായ അയാളുടെ ഭീകര ഭരണം അവസാനിച്ചു.

ബെർക്ക് ഖാൻ മുന്നിൽ എത്തിയ പ്രതിസന്ധിയോട് പെട്ടെന്ന് പ്രതികരിക്കുന്നുണ്ടെങ്കിലും, തന്റെ ബന്ധുവായ ഹുലാഗുവിനോട് പോരാടുന്നതിൽ അദ്ദേഹം മടിച്ചു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ ഇത് കാണാം: [4]

“മംഗോളിയക്കാർ മംഗോളിയൻ വാളുകളാൽ കൊല്ലപ്പെടുന്നു. നമ്മൾ ഒരുമിച്ചിരുന്നെങ്കിൽ ലോകം മുഴുവൻ കീഴടക്കിയേനെ”.

എന്നാൽ ഓരോ ദിവസം കഴിയുന്തോറും ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ ഹുലാഗു കൊല്ലുന്നത്  നോക്കിനിൽക്കാൻ ബെർക്കിന് കഴിഞ്ഞില്ല. അദ്ദേഹം അത് കൊണ്ട് അത് നേരിടുക തന്നെ ചെയ്തു.

ബെർക്ക് ഖാൻ: പൈതൃകം

ഹുലാഗു മരിച്ചു കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞ് 1266-67-ൽ ബെർക്ക് ഖാനും അന്തരിച്ചു. അനന്തരാവകാശിയായി അദ്ദേഹത്തിന്റെ മരുമകൻ മെംഗു-തിമൂർ അധികാരത്തിലെത്തി, അദ്ദേഹം മംലൂക്കുകളുമായുള്ള സഖ്യത്തിനും ഇൽഖാനേറ്റിനെതിരായ എതിർപ്പിനും ബെർക്കിന്റെ നയം തന്നെ തുടർന്നു.

ഗോൾഡൻ ഹോർഡിന്റെ ഖാൻ എന്ന നിലയിലുള്ള തന്റെ ഹ്രസ്വകാല ഭരണ കാലയളവിൽ തന്നെ ബെർക്ക് വലിയ സ്വാധീനം അവിടെയാകെ ചെലുത്തി. മിക്ക ചരിത്രകാരന്മാരും മംഗോളിയൻ ആക്രമണത്തെ തടഞ്ഞ നിർണായക സംഭവമായി ഐൻ ജലൂട്ട് യുദ്ധത്തെ വീക്ഷിക്കുമ്പോൾ, അത് ഒരു ഭാഗിക വിജയം മാത്രമായിരുന്നു. ഹുലാഗു തന്നെ യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല. മംലൂക്കുകൾ എണ്ണത്തിൽ കുറവായിരുന്നിട്ടും  ഹുലാഗുവിന്റെ ജനറൽമാരെയും അവരുടെ സഖ്യകക്ഷികളെയും പരാജയപ്പെടുത്തിയത് പ്രശംസനീയമായ ഒരു നേട്ടമായിരുന്നെങ്കിലും, ഭീഷണി പൂർണ്ണമായും ഒഴിവാക്കാനായില്ല.

മുസ്ലീങ്ങൾക്കു നേരെയുള്ള കൂട്ടക്കൊലകൾ നിലച്ചത് ബെർക്ക് ഖാന്റെ ശ്രമങ്ങളിലൂടെ മാത്രമാണ്. ബെർകെ ഖാന്റെ ഇടപെടൽ ഹുലാഗുവിന്റെ സൈന്യത്തിൽ നിന്ന് മക്ക, മദീന, ജറുസലേം എന്നിവയുൾപ്പെടെയുള്ള വിശുദ്ധമായ ഇസ്ലാമിക നഗരങ്ങളെ രക്ഷിച്ചു. ബാഗ്ദാദിന്റെ പതനത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ഹുലാഗുവിന്റെ തേരോട്ടത്തിൽ കൊല്ലപ്പെട്ടത് എല്ലാവരും കണ്ടതാണ്. ബെർക്ക് ഖാൻ ഇല്ലായിരുന്നുവെങ്കിൽ, മറ്റ് പല നഗരങ്ങൾക്കും ഇതേ ഗതി വരുമായിരുന്നു.

ഇന്നത്തെ മുസ്‌ലിംകളിൽ പലരും ബെർക്ക് ഖാനെ കുറിച്ചും അദ്ദേഹം ഇസ്‌ലാമിന് നൽകിയ സംഭാവനകളെ കുറിച്ചും കേട്ടിട്ടു പോലുമില്ല എന്നത് വേദനാജനകമാണ്.

തീർച്ചയായും, അദ്ദേഹം ഒരുപക്ഷേ വിശുദ്ധിയുടെ ഒരു മാതൃകയായിരുന്നില്ല. എന്നാൽ വിശ്വാസത്തിലുള്ള തന്റെ സഹോദരങ്ങൾക്ക് തന്റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഒരാളായിരുന്നു ബെർക്ക് ഖാൻ. ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്യുന്നതിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. ഇന്നത്തെ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ബെർക്ക് ഖാൻ നയതന്ത്രത്തിന്റെയോ വ്യക്തിപരമായ നേട്ടങ്ങളുടെയോ ദേശീയതയുടെ വ്യാജ അതിർത്തികളുടെയോ പിന്നിൽ ഒളിച്ചിരുന്നില്ല.

ഇത് അദ്ദേഹത്തിന്റെ പൈതൃകമാണ്, ബെർക്ക് ഖാന്റെ പരിശ്രമങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ

റഫറൻസ്

  1. Jackson, Peter (2014). The Mongols and the West: 1221-1410. Taylor & Francis. ISBN 978-1-317-87898-8.
  2. Blair, S. (1995). A Compendium of Chronicles: Rashid al-Din’s Illustrated History of the World. Nour Foundation.
  3. Ibid.
  4. Johan Elverskog (6 June 2011). Buddhism and Islam on the Silk Road. University of Pennsylvania Press. ISBN 0-8122-0531-6.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...