മുഹമ്മദ് നബി (സ) യുടെ മാതൃസഹോദരിയും അംർ ഇബ്‌നു കൈസ് ബിൻ സൈദിന്റെ (റ) ഭാര്യയുമായിരുന്നു ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ). അവരുടെ ഭർത്താവും മകനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായി. പിന്നീട്, അവർ ഉബാദ ബിൻ അസ്-സമിത് (റ)യെ വിവാഹം കഴിച്ചു.
മദീനയ്ക്ക് പുറത്തുള്ള ഖുബ നഗരത്തിലെ മനോഹരമായ ഒരു വലിയ ഈന്തപ്പനത്തോട്ടത്തിലാണ് ഉമ്മു ഹറമും (റ) ഉബാദയും (റ)യും താമസിച്ചിരുന്നത്. ഉമ്മു ഹറാമിനെ (റ) വളരെ ബഹുമാനത്തോടെ പരിഗണിച്ചിരുന്ന മുഹമ്മദ് നബി (സ) ഖുബയിൽ പോകുമ്പോഴെല്ലാം ഉമ്മു ഹറം ബിൻത് മിൽഹാനെ (റ) സന്ദർശിക്കാറുണ്ടായിരുന്നു.
ഒരു ദിവസം ആ വീട്ടിൽ സന്ദർശനത്തിന് എത്തിയ പ്രവാചകൻ മുഹമ്മദ് നബിയെ അവർ നല്ല ഭക്ഷണം കൊടുത്തു വിരുന്നു ഊട്ടി. തുടർന്ന് ഒന്ന് മയങ്ങിയ പ്രവാചകൻ, പുഞ്ചിരിച്ചുകൊണ്ട് ഉണർന്നു. ഇത് കണ്ട അവർ പ്രവാചകനോട് ചോദിച്ചു, ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങളെ ചിരിപ്പിക്കുന്നത് എന്താണ്?’ പ്രവാചകൻ പറഞ്ഞു, ‘എന്റെ അനുയായികളിൽ ചിലർ അല്ലാഹുവിന്റെ കാര്യത്തിനായി പോരാടുന്ന യോദ്ധാക്കളായും സിംഹാസനങ്ങളിൽ ഇരിക്കുന്ന രാജാക്കന്മാരെപ്പോലെ കടലിന് മുകളിലൂടെ കപ്പലോട്ടം നടത്തുന്നവരായും എന്റെ മുന്നിൽ സ്വപ്നത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ഉമ്മു ഹറാം (റ) പറഞ്ഞു, ‘അല്ലാഹുവിന്റെ ദൂതരേ! എന്നെ അവരിലൊരാളാക്കാൻ അല്ലാഹുവിനെ പ്രാർത്ഥിക്കുക.’ ഇത് കേട്ട പ്രവാചകൻ പറഞ്ഞു: നിങ്ങൾ ഒന്നാമൻമാരിൽ ഒരാളായിരിക്കും. [1]
ഈ വാർത്തയിൽ അവർ വളരെ സന്തോഷിച്ചു.
വർഷങ്ങൾക്ക് ശേഷം, പ്രവാചകൻ (സ) ഇഹലോകത്ത് നിന്ന് വേർപെട്ടതിന് ശേഷം, ഉമ്മു ഹറം (റ) തന്റെ ഭർത്താവിനെ യാത്രകളിലൂടെ അനുഗമിക്കാറുണ്ടായിരുന്നു. ഇന്നത്തെ ഫലസ്തീനിൽ ഒരു പണ്ഡിതനെ നിലയുറപ്പിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും അവർക്കിടയിൽ ന്യായാധിപനാകാനും ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബ് (റ)തീരുമാനിച്ചു. ഉബാദ (റ) യെ ഉമർ (റ) ഈ ദൗത്യത്തിനായി നിയോഗിച്ചു, അദ്ദേഹം ഭാര്യയോടൊപ്പം പലസ്തീനിൽ തന്നെ സ്ഥിരതാമസമാക്കി.
മൂന്നാം ഖലീഫ, ഉസ്മാൻ ഇബ്‌നു അഫ്ഫാൻ (റ) അധികാരത്തിലിരുന്നപ്പോൾ, മുസ്‌ലിംകൾ വിദൂര ദേശങ്ങൾ മോചിപ്പിച്ചിരുന്നു. എന്നിരുന്നാലും, ബൈസന്റൈൻസ് സാധാരണക്കാർക്കെതിരെ നിയമവിരുദ്ധമായ നാവിക ആക്രമണങ്ങൾ തുടർന്നു, ആധുനിക സൈപ്രസ് ആണ് ഈ പ്രദേശം.
അക്കാലത്ത്, ഡമാസ്കസിൽ നിലയുറപ്പിച്ച ഗവർണർ മുആവിയ ഇബ്നു അബി സുഫ്യാൻ (റ) ആയിരുന്നു. ഖലീഫ ഉസ്മാന്റെ (റ) അനുമതി തേടിയ ശേഷം, മുആവിയ (റ) ഒരു നാവിക പര്യവേഷണം ആരംഭിക്കാനും ബൈസന്റൈന്റെ വഞ്ചന നിറഞ്ഞ നടപടി അവസാനിപ്പിക്കാനും തീരുമാനിച്ച അദ്ദേഹം സൈപ്രസിലേക്ക് ഒരു കപ്പൽ സേനയെ അയച്ചു. ഉബാദയും (റ), ഉമ്മ് ഹറം (റ) യും ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു (ഇത് മുസ്ലീങ്ങളുടെ ആദ്യത്തെ ഔദ്യോഗിക നാവികസേനയായിരുന്നു).
ഈ അവസരത്തിലാണ് ഉമ്മു ഹറം (റ) മുഹമ്മദ് നബി(സ)യുടെ വാക്കുകൾ അനുസ്മരിച്ചത്. സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാരെപ്പോലെ ബോട്ടുകൾ തിരമാലകൾക്കിടയിലൂടെ സഞ്ചരിക്കുന്നത് കണ്ണീരോടെ അവർ ശ്രദ്ധിച്ചു! അതിനാൽ, തന്റെ കൺമുന്നിൽ വെച്ച് നബി (സ)യുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്നതിന് അവർ സാക്ഷ്യം വഹിച്ചു, കൂടാതെ ബോട്ടിൽ ആദ്യമായി പുറപ്പെട്ടവരിൽ ഒരാളും അവരായിരുന്നു.
മുസ്ലീം നാവികസേനയ്ക്ക് യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നില്ല, കാരണം സൈപ്രസിലെ തദ്ദേശവാസികൾ ഇതിനകം തന്നെ ബൈസന്റൈൻ അതിക്രമങ്ങളിൽ മടുത്തിരുന്നു, മുസ്ലീങ്ങളെ ഇരു കൈകളും നീട്ടി അവർ സ്വീകരിച്ചു. സൈപ്രസ് സമാധാനപരമായി മോചിപ്പിക്കപ്പെട്ടു. നിർഭാഗ്യവശാൽ, കപ്പലിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ ഉമ്മു ഹറാം (റ) യുടെ കുതിര പരിഭ്രാന്തിയാവുകയും, തുടർന്ന് നിലത്ത് വീണ അവർക്ക് മാരകമായ പരിക്കുകൾ പറ്റി മരണപ്പെടുകയും ചെയ്‌തു.
സൈപ്രസിൽ തന്നെ അവരെ അടക്കം ചെയ്തു. ഇന്നും മഹതി അന്ത്യ വിശ്രമം കൊള്ളുന്ന ശ്മശാനം ഒരു മഹത്തായ മുസ്ലീം സ്ത്രീയുടെ സ്മാരകമായി പ്രവർത്തിക്കുന്നു. ഉമ്മു ഹറാമിനോടുള്ള (റ) ബഹുമാന സൂചകമായി ഓട്ടോമൻമാർ പണികഴിപ്പിച്ച ഹലാ സുൽത്താൻ മസ്ജിദും അവിടെയുണ്ട്.
റഫറൻസ്
Sahih Bukhari Vol 8, Book 74, Hadith 299