ആമിർ ഇബ്നു ആസ് (റ ) ഉദ്ധരിക്കുന്നു[1]
ഞാൻ നബി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു: നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി ആരാണ്? പ്രവാചകൻ പറഞ്ഞു: ആഇശ. ഞാൻ ചോദിച്ചു, “പുരുഷന്മാർക്കിടയിൽ?” പ്രവാചകൻ പറഞ്ഞു: അവരുടെ പിതാവ്.
അബൂബക്കർ അസ്-സിദ്ദീഖ് (റ) യുടെ മകളായ ആഇശ ബിൻത് അബൂബക്കർ (റ) CE 614 ൽ മക്കയിലാണ് ജനിച്ചത്.
ആയിഷ (റ) വിവരിച്ചതുപോലെ , മുഹമ്മദ് നബി (സ) യുമായുള്ള ആഇശ (റ)യുടെ വിവാഹം സ്വർഗത്തിൽ വെച്ചാണ് നിശ്ചയിച്ചത്: [2]
അല്ലാഹുവിന്റെ ദൂതൻ (എന്നോട്) പറഞ്ഞു: (എന്റെ) സ്വപ്നങ്ങളിൽ നിങ്ങളെ എനിക്ക് രണ്ടുതവണ കാണിച്ചുതന്നിരിക്കുന്നു. ഒരു മനുഷ്യൻ നിന്നെ ഒരു പട്ടുതുണിയിൽ ചുമന്നുകൊണ്ടു വന്ന് എന്നോട് പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ ഭാര്യ.’ ഞാൻ അത് അഴിച്ചു; അതു നീ ആയിരുന്നു. ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘ഈ സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണെങ്കിൽ, അവൻ അത് സാക്ഷാത്കരിക്കും.
ഖൗല ബിൻത് ഹക്കീം (റ) ആയിരുന്നു അബൂബക്കർ (റ) യോട് ആഇശയെ (റ) മുഹമ്മദ് നബി (സ) യുമായി വിവാഹം കഴിപ്പിക്കാൻ നിർദ്ദേശിച്ചത്. നബി(സ)യുടെ മൂന്നാമത്തെ ഭാര്യയായിരുന്നു ആഇശ(റ). അവർ പിന്നീട് ഒമ്പത് വർഷം (അതായത്, പ്രവാചകൻ ലോകം വിട്ടുപോകുന്നതുവരെ) നബി (സ) യുടെ കൂടെ പത്നിയായി ജീവിച്ചു. [3]
പ്രവാചകൻ മുഹമ്മദ് (സ) ക്ക് ആയിഷയോട് വലിയ സ്‌നേഹവും വാത്സല്യവും ആയിരുന്നു, ഇരുവരും പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തി. ഒരിക്കൽ ആഇശ(റ) നബി(സ)യോട് അവരോടുള്ള സ്‌നേഹം എങ്ങനെ വിവരിക്കുമെന്ന് ചോദിച്ചു. മുഹമ്മദ് നബി (സ) മറുപടി പറഞ്ഞു: “ഒരു ശക്തമായ കെട്ട് പോലെ. നിങ്ങൾ എത്രയധികം അത് മുറുക്കുന്നുവോ അത്രയും ശക്തമാകും. ” പലപ്പോഴും ആഇശ (റ) കളിയായി ചോദിക്കും, “കെട്ട് എങ്ങനെയുണ്ട്?” പ്രവാചകൻ (സ) മറുപടി പറയും, “ആദ്യ ദിവസത്തെ (നിങ്ങൾ ചോദിച്ച ദിവസം ) അത്ര തന്നെ ശക്തമാണ്.”
മുഹമ്മദ് നബി (സ) യോടൊപ്പം ആഇശ (റ) വിവിധ പ്രചാരണങ്ങളിലും യാത്രകളിലും അനുഗമിച്ചു. ഒരിക്കൽ ആയിഷ (റ)ഒരു യാത്രാസംഘത്തോടപ്പം യാത്ര ചെയ്യുകയായിരുന്നു, യാത്രയ്ക്കിടെ അബദ്ധത്തിൽ യാത്രാസംഘത്തിൽ നിന്ന് വേർപിരിഞ്ഞ അവർ മരുഭൂമിയിൽ ഒറ്റപ്പെട്ടു. പിന്നീട്, അവർ അത് വഴി വന്ന സഫ്വാൻ ബിൻ മൗത്തലിനെ കണ്ടുമുട്ടി, മിച്ചമുള്ളവ ശേഖരിക്കാൻ യാത്രാസംഘത്തിന് പിന്നിൽ സഞ്ചരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. അദ്ദേഹം ആഇശ(റ)യെ തിരിച്ചറിഞ്ഞു. അദ്ദേഹം ഒന്നും പറയാതെ ഒട്ടകത്തെ ആയിഷയുടെ അടുക്കലേക്ക് അടുപ്പിച്ചു. അവർ അതിന് പുറത്ത് കയറി. അദ്ദേഹം ഒട്ടകത്തിന്റെ കയറ് പിടിച്ചു നടന്നു യാത്ര സംഘത്തോടെപ്പം ചേർന്നു. എന്നാൽ കപടവിശ്വാസികൾ ഇരുവർക്കുമെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു, ഒരു കാട്ട് തീ പോലെ അത് മദീനയാകെ പരന്നു. എന്നാൽ സൂറ അൽ-നൂറിൽ, ആയിഷ (റ) യുടെ നിരപരാധിത്വം അല്ലാഹു സ്ഥിരീകരിച്ചു. [4]
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.
നിങ്ങള്‍ അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല
അവര്‍ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.
ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍ ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
നിങ്ങള്‍ അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല. ( അല്ലാഹുവേ, ) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ( നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? )
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ( പിശാച് ) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ഹിജ്റ 11-ൽ നബി (സ) രോഗബാധിതനായി, ഈ രോഗാവസ്ഥയിൽ, പ്രവാചകൻ (സ) ആഇശ (റ) യുടെ സഹവാസം ഇഷ്ടപ്പെട്ടു. പ്രവാചകൻ (സ) ഈ നശ്വരലോകം വിടുമ്പോൾ അവർക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആയിഷ (റ) വിവരിക്കുന്നു: [5]
രോഗാവസ്ഥയിൽ അള്ളാഹുവിന്റെ ദൂതൻ ആവർത്തിച്ച് ചോദിച്ചു: “ഞാൻ ഇന്ന് എവിടെയാണ്? നാളെ ഞാൻ എവിടെ ആയിരിക്കും?” എനിക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് നബി(സ) വഫാത്തായത് എന്റെ വീട്ടിൽ, എന്റെ മുറിയിൽ,എന്റെ നെഞ്ചിന്റെയും, കഴുത്തിന്റെയും ഇടയിൽ കിടന്നു കൊണ്ടാണ്.
മുഹമ്മദ് നബി (സ) അന്ത്യശ്വാസം വലിച്ച ആഇശ (റ) യുടെ മുറിയിലാണ് അവിടത്തെ മറവ് ചെയ്തിരിക്കുന്നതും. രണ്ട് വർഷത്തിന് ശേഷം, നബിയുടെ പ്രിയ സഹചാരി അബൂബക്കർ (റ) യെയും പ്രവാചകന്റെ ചാരത്തായി അടക്കം ചെയ്യപ്പെട്ടു. പിന്നീട്, ഉമർ ഇബ്‌നു അൽ-ഖത്താബ് (റ) തന്റെ മരണശേഷം മുഹമ്മദ് നബി (സ) യുടെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് ആഇശ (റ) യോട് അഭ്യർത്ഥിച്ചു. എന്നാൽ ആഇശ(റ) തന്റെ ഭർത്താവിന്റെ അടുത്ത് അടക്കം ചെയ്യപ്പെടാൻ ആഗ്രഹിച്ചത് കാരണം ആ സ്ഥലം തനിക്കായി നീക്കിവെച്ചിരുന്നു. എന്നിരുന്നാലും, പ്രവാചകൻ മുഹമ്മദ് (സ) യുടെ അടുത്ത സുഹൃത്തും കൂട്ടാളിയുമാണ് ഉമർ (റ ) എന്ന വസ്തുത പരിഗണിച്ചു അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കുകയും ആ സ്ഥലം വിട്ടുനൽകുകയും ചെയ്‌തു.
ആയിഷ (റ) വളരെ ബുദ്ധിമതിയും സൂക്ഷ്മമായ ഓർമ്മശക്തിയുള്ളതുമായ ഒരു പെൺകുട്ടിയായിരുന്നു. അവരുടെ ചെറുപ്പത്തിൽ തന്നെ പ്രവാചകൻ മുഹമ്മദ് (സ) യുടെ സംരക്ഷണത്തിലും ശ്രദ്ധയിലുമായിരുന്നു അവർ. തന്റെ ജീവിതത്തിന്റെ ഒമ്പത് വർഷം പ്രവാചകനോടൊപ്പം ചെലവഴിച്ച അവർക്ക് ലഭിച്ച അറിവിന്റെ ഭൂരിഭാഗവും അല്ലാഹുവിന്റെ ദൂതനിൽ നിന്ന് നേരിട്ടാണ് നേടിയത്. ആയിഷ (റ) ഖുർആനിലെ ധാരാളം സൂറത്തുകൾ മനഃപാഠമാക്കി, കൂടാതെ രണ്ടായിരത്തിലധികം ഹദീസുകൾ വിവരിച്ചുകൊണ്ട് ഇസ്‌ലാമിക ചരിത്രവും മുഹമ്മദ് നബി (സ)യുടെ സ്വകാര്യവും പൊതുവുമായ ജീവിതത്തിന്റെ വിശദാംശങ്ങൾ സംരക്ഷിക്കാനും വലിയ സഹായങ്ങൾ നൽകി.
ആയിഷ (റ) വിദ്യാഭ്യാസത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സജീവമായി പങ്കെടുത്തു. അബു ഹുറൈറ (റ), അബു മൂസ അശാരി (റ), അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ), അബ്ദുല്ല ഇബ്‌നു സുബൈർ (റ) എന്നിവരുൾപ്പെടെ, അവരുടെ മാർഗനിർദേശത്തിന് കീഴിൽ ഏകദേശം 200 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
നാലാം ഖലീഫയുടെ ഭരണകാലത്ത്, അലി ഇബ്നു അബി താലിബ് (റ), ആയിഷ (റ) എന്നിവർ ജമൽ യുദ്ധത്തിൽ പങ്കെടുത്തു. മുൻ ഖലീഫ ഉസ്മാൻ ഇബ്നു അഫാൻ (റ) യുടെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആഗ്രഹിച്ചു. ആഇശ (റ) യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും, അവരുടെ ഇടപെടലും നിശ്ചയദാർഢ്യവും ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിച്ചു. അതിനുശേഷം, ആഇശ (റ) മദീനയിലേക്ക് പിൻവാങ്ങുകയും രാഷ്ട്രീയത്തിൽ നിന്നും പൊതുപ്രവർത്തനത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ അവസാന രണ്ട് വർഷക്കാലം, മുഹമ്മദ് നബി (സ) യുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ഇസ്‌ലാമിക നിയമം രൂപീകരിക്കുന്നതിനുമായി ആയിഷ (റ) തന്റെ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചു.
നബി(സ)ക്ക് ശേഷം 47 വർഷം ജീവിച്ച അവർ ഹിജ്റ 58 റമദാൻ 17ന് (16 ജൂലൈ 678 CE) 66 വയസ്സുള്ളപ്പോൾ വഫാത്തായി. ജന്ന അൽ-ബാഖിയിൽ അടക്കം ചെയ്ത അവരുടെ മയ്യിത്ത് നമസ്കാരം അബു ഹുറൈറ (റ) യാണ് നടത്തിയത്.
ഇസ്‌ലാമിലേക്കുള്ള ആഇശ(റ)യുടെ പണ്ഡിതോചിതമായ സംഭാവനകളും അവരുടെ ഭക്തിനിർഭരമായ ജീവിതശൈലിയും അവർക്ക് “വിശ്വാസികളുടെ മാതാക്കളുടെ” ഇടയിൽ ഒരു പ്രത്യേക പദവി നേടിക്കൊടുത്തു, ഇത് നബി (സ) യുടെ പത്നിമാർക്ക് നൽകുന്ന ആദരവാണ്: [ 6]
പ്രവാചകൻ സത്യവിശ്വാസികളോട് അവരുടെ സ്വന്തങ്ങളേക്കാൾ കൂടുതൽ അടുപ്പമുള്ളയാളാണ് , അവിടെത്തെ ഭാര്യമാർ അവരുടെ മാതാക്കളാണ്.
റഫറൻസ്
- Sahih Bukhari, Volume 5, Book 57, Number 14
- Sahih Bukhari, Volume 7, Book 62, Number 15
- Sahih Bukhari Volume 7, Book 62, Number 64
- The Quran 24:11-21 (Surah al-Nur)
- Sahih Bukhari, Volume 2, Book 23, Number 471
- The Quran 33:06 (Surah al-Ahzab)
