ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം
History

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

ഇബ്‌റാഹീം നബി(അ)യുടെ ജീവിതം, യുക്തി ചിന്ത നില നിർത്തി കൊണ്ട് തന്നെ തന്റെ ആത്മീയ ചേതനയുമായി ഐക്യപ്പെടാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്ന സംഭവങ്ങളാൽ നിറഞ്ഞതാണ്.

വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവാരാധകരുടെ സമൂഹത്തിലാണ് ഇബ്രാഹിം നബി (അ) ജീവിച്ചിരുന്നത്. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ പിതാവും അറിയപ്പെടുന്ന ഒരു വിഗ്രഹാരാധകനായിരുന്നു. തന്റെ പിതാവ് വിഗ്രഹങ്ങൾ നിർമ്മിച്ച് ആരാധിക്കുന്നത് കണ്ടിട്ട്, ചെറുപ്പം മുതലേ ഇബ്രാഹിം നബി (അ) ക്ക് ഈ ജീവനില്ലാത്ത വസ്തുക്കളെ എങ്ങനെയാണ് തങ്ങളുടെ ദൈവങ്ങളായി കണക്കാക്കുന്നതെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായി. എന്തിനേറെ ആളുകൾ ആ നിർജീവ ഘടനകൾക്ക് ഭക്ഷണം നൽകുകയും അവരോട് പാപമോചനം തേടുകയും ചെയ്യും!

ഇബ്രാഹിം നബി (അ) അത്തരം ആചാരങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പലതവണ പ്രതിഷേധിച്ചു, എന്നാൽ ഓരോ തവണയും ചുറ്റുപാടിൽ നിന്നും ഭീഷണിയും പിതാവിൽ നിന്ന് രോഷവും ഏറ്റുവാങ്ങേണ്ടി വന്നു അദ്ദേഹത്തിന്. എന്നിട്ടും, വിഗ്രഹാരാധന പോലുള്ള സ്റ്റീരിയോടൈപ്പിക്കൽ ആചാരങ്ങൾ പ്രയോജനകരമല്ലെന്നും നിർജീവ വസ്തുക്കളുടെ മുന്നിൽ മനുഷ്യർ തലകുനിക്കേണ്ട ആവശ്യമില്ലെന്നും ഇബ്രാഹിം നബി (അ) പ്രഖ്യാപിച്ചു.

അതുപോലെ,  നമ്മൾ ശരിയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന ജീവിതമാണ് ഇബ്രാഹിം നബി (അ) യുടെത്. സഹജീവികളുടെ യുക്തിരഹിതമായ ആചാരങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹം ചെയ്തത്,മറിച്ച് യുക്തിയുടെ ശബ്ദമാണ് തന്റേതെന്ന പൂർണ്ണ ബോധ്യത്തോടെ തന്റെ ജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ  സജീവമായി നടത്തി. എല്ലാറ്റിനുമുപരിയായി, ജനങ്ങളിൽ നിന്നും വെറുപ്പും തിരസ്‌കാരവും നേരിട്ടപ്പോയും സത്യത്തിലുള്ള വിശ്വാസം അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല.

ഗ്രേറ്റ് ഫയർ സംഭവത്തിൽ ഇത് വളരെ മനോഹരമായി ചിത്രീകരിക്കപ്പെട്ടു. ഇബ്രാഹിം നബി (അ) ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ശിരസ്സറുത്തത്, നാട്ടുകാർ ഭയക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ പോലും കഴിയില്ലെന്ന് ജനങ്ങളെ കാണിക്കാനായിരുന്നു. പക്ഷേ, തീർച്ചയായും, ജനനം മുതൽ നമ്മുടെ തലയിൽ പതിഞ്ഞ കാര്യങ്ങൾ അത്ര എളുപ്പത്തിൽ മാറ്റാൻ കഴിയില്ല, അതിനാൽ എല്ലാവരും തങ്ങളുടെ “ദൈവങ്ങളെ” അപമാനിച്ചതിന് ഇബ്രാഹിമിനെതിരെ (അ)  തിരിഞ്ഞു, അങ്ങനെ ഇബ്രാഹിമിനെ (അ) ചുട്ടെരിക്കാൻ അവർ തീരുമാനിച്ചു. അടുത്തെങ്ങും പോകാൻ പോലും പ്രയാസമുള്ള തരത്തിൽ വലിയൊരു തീ അവർ ഉണ്ടാക്കി, ഇബ്രാഹിമിനെ (അ) ചങ്ങലയിൽ ബന്ധിച്ച് തീയിലേക്ക് എറിഞ്ഞു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ, തീ ഇബ്‌റാഹീമിന് (അ) ഒരു ദോഷവും വരുത്തിയില്ലെന്ന് അവർ കണ്ടു. വാസ്തവത്തിൽ അത് അദ്ദേഹത്തിന്റെ ബന്ധനങ്ങളെ നശിപ്പിക്കുകയും ഇബ്രാഹിം (അ) യോട് സമാനമായ ഒരു വ്യക്തി അദ്ദേഹത്തോടപ്പം തീയിൽ ഇരിക്കുന്നതും അവർ കണ്ടു. ഇബ്രാഹിമിനെ രക്ഷിക്കാൻ അല്ലാഹു അയച്ച മാലാഖയായിരുന്നു ഇത്.

അള്ളാഹു എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നതിന് ഈ സംഭവം ഒരു മികച്ച ഉദാഹരണമല്ലേ? നാം നീതിയുള്ളവരും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരുമാണെങ്കിൽ അല്ലാഹു നമ്മുടെ പക്ഷത്ത് നിൽക്കും.

മറ്റൊരിക്കൽ, സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച അതിശക്തനായ ഒരു രാജാവ്, മറിച്ച് തെളിയിക്കാൻ ഇബ്രാഹിം നബി (അ)യെ വെല്ലുവിളിച്ചു. ഇബ്രാഹിം നബി (അ) വളരെ ശാന്തമായി അദ്ദേഹത്തോട് സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കാമോ എന്ന് ചോദിച്ചു. ലളിതം. അതുപോലെ തന്നെ, ഈ പ്രത്യേക രാജാവും മറ്റുള്ളവരെപ്പോലെ മർത്യനായ ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ലെന്ന് ഇബ്രാഹിം (അ) തെളിയിച്ചു.

ഈ രണ്ട് സംഭവങ്ങളും ഇബ്രാഹിം നബി(അ)യുടെ ആത്മവിശ്വാസവും വിശ്വാസവും ഉയർത്തിക്കാട്ടുന്നു. തന്റെ വിശ്വാസങ്ങൾ യുക്തിയുടെ പിൻബലമുള്ളതാണെന്ന് അദ്ദേഹത്തിന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന് ഭയപ്പെടേണ്ടി വന്നില്ല.

അവസാനമായി, ഇബ്രാഹിം നബി (അ) യിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ക്ഷമാശീലമാണ്. അതെ, അദ്ദേഹം തന്റെ ജനങ്ങളുടെ ആചാരങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ സത്യത്തെ മുറുകെ പിടിക്കുന്ന കാഴ്ചപ്പാട് മനസ്സിലാക്കാൻ പിതാവിന് കഴിയാതെ വന്നതിനാൽ അദ്ദേഹത്തിന് പിതാവിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി സഞ്ചരിക്കേണ്ടി വന്നു. മാത്രമല്ല വിശ്വസിച്ചതിന്റെ പേരിൽ സഹജീവികളാൽ അദ്ദേഹം തീയിൽ എറിയപ്പെട്ടു, പക്ഷേ ക്ഷമയെന്ന മനോഹരമായ ഗുണം അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. മറ്റുള്ളവരോട് പക പുലർത്തുന്നത് ശരിയായ വഴിയല്ലെന്ന് ഇബ്രാഹിം (അ) ന് അറിയാമായിരുന്നു. അങ്ങനെ, പാരമ്പര്യവും കളങ്കവും മൂലം അന്ധരായിരുന്നെങ്കിലും, തന്റെ ജനത്തെ സഹായിക്കാൻ അദ്ദേഹം ആവർത്തിച്ച് ശ്രമിച്ചു. തീർച്ചയായും, നൂറ്റാണ്ടുകൾക്ക് ശേഷം നമ്മുടെ പ്രവാചകൻ മുഹമ്മദ് (സ) അത് തന്നെ ചെയിതു.

അള്ളാഹുവിനുവേണ്ടി ഏറ്റവും വലിയ ത്യാഗം ചെയ്യാൻ ഇബ്രാഹിം നബി (അ) സന്നദ്ധത പ്രകടിപ്പിച്ചതിനെ അനുസ്മരിക്കുന്ന ഈദ് അൽ-അദ്ഹയെ നാം സമീപിക്കുമ്പോൾ, നമ്മുടെ ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിത്. ഈദുൽ അദ്ഹയുടെ ആഘോഷങ്ങൾക്കിടയിൽ, ഇബ്രാഹിം നബി (അ) നിലകൊണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് സ്വയം ഓർമ്മിപ്പിക്കാം, അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന പാഠങ്ങളെക്കുറിച്ച് ചിന്തിക്കാം

ആകാൻക്ഷി ശ്രീവാസ്തവ

ആകാൻക്ഷി ശ്രീവാസ്തവ സൈക്കോളജി വിദ്യാർത്ഥിയാണ്. മനുഷ്യന്റെ പെരുമാറ്റ രീതികളെ കുറിച്ച് പഠിക്കാൻ അവർ വലിയ താല്പര്യം പ്രകടിപ്പിക്കുന്നു

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...