അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്
History

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള ‘കിതാബ് അൽ-തസ്രിഫ്’ എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെയും ഉപകരണങ്ങളുടെയും വികസനത്തിൽ ആൽബുകാസ് എന്ന പ്രതിഭ കൊണ്ട് വന്ന പരിഷ്കാരങ്ങൾ കിഴക്കും പടിഞ്ഞാറും കാര്യമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങൾ ഇപ്പോഴും വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നു. എക്ടോപിക് ഗർഭാവസ്ഥയെ വിവരിക്കുകയും ഹീമോഫീലിയയുടെ പാരമ്പര്യ സ്വഭാവം നിർണ്ണയിക്കുകയും ചെയ്ത ആദ്യത്തെ ഡോക്ടർ ആൽബുകാസിസ് ആയിരുന്നു.

കോർഡോബ മേഖലയിലെ സഹ്‌റയിലാണ് 936-ൽ അബുൽ-ഖാസിം ഖലഫ് ഇബ്‌നു അൽ-അബ്ബാസ് അൽ-സഹ്‌റാവി  ജനിക്കുന്നത്. മുസ്ലീം ലോകത്തെ ഏറ്റവും പ്രശസ്തനായ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായി മാറിയ അദ്ദേഹം കോർഡോവ ഖലീഫ അൽ-ഹകം രണ്ടാമന്റെ ഡോക്ടറായിരുന്നു. 50 വർഷത്തിലേറെ അദ്ദേഹം ചികിത്സ രംഗത്ത് പ്രവർത്തിച്ചു.

അൽ-തസ്രിഫ്

ആധുനിക ആശുപത്രികളിലെ പല ഡോക്ടർമാരിൽ നിന്നും വ്യത്യസ്തനായ അദ്ദേഹം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ രോഗികളെയും കാണാൻ തയ്യാറായിരുന്നു. എല്ലാ ദിവസവും തന്നെ സന്ദർശിക്കുന്ന രോഗികളെ പരിശോധിക്കുന്നിനിടയിൽ അവരുടെ മെഡിക്കൽ ചരിത്രങ്ങളും രോഗനിർണയങ്ങളും അദ്ദേഹം രേഖപ്പെടുത്തി. പ്രസിദ്ധനായ ഈ ശസ്ത്രക്രിയാ വിദഗ്ധൻ “അൽ-തസ്രിഫ്” എന്ന് വിളിച്ച തന്റെ കൃതിയുടെ അടിസ്ഥാനം ഇത്തരത്തിൽ  ശേഖരിച്ച വളരെ മൂല്യവത്തായ മെഡിക്കൽ വിജ്ഞാനങ്ങളായിരുന്നു.

മെഡിക്കൽ സയൻസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന മുപ്പത് വാല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് “അൽ-തസ്രിഫ്”. ഈ വിജ്ഞാനകോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ശസ്ത്രക്രിയയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളാണ്. അത് അദ്ദേഹം നടത്തിയിരുന്ന ഓപ്പറേഷനുകളെ അടിസ്ഥാനമാക്കിയുള്ള ശസ്ത്രക്രിയാ ചികിത്സയുടെ വിവിധ വശങ്ങൾ വിശദമായി വിവരിക്കുന്ന പുസ്തകങ്ങളാണ്. തൊണ്ട ശസ്ത്രക്രിയ, ജീവനില്ലാത്ത ഭ്രൂണം നീക്കം ചെയ്യലും ഛേദിക്കലും ഉൾപ്പെടെ നിരവധി സൂക്ഷ്മമായ ഓപ്പറേഷനുകൾ അദ്ദേഹം നടത്തി.

ശസ്ത്രക്രിയാ ഉപകരണങ്ങൾ

നിരവധി ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഉപജ്ഞാതാവായിരുന്നു അൽ-സഹ്‌റാവി. അവയിൽ ഏറ്റവും ശ്രദ്ധേയമായത് മൂന്നണ്ണമാണ്: ചെവിയുടെ ആന്തരിക പരിശോധനയ്ക്കുള്ള ഉപകരണം, മൂത്രനാളത്തിന്റെ ആന്തരിക പരിശോധനയ്ക്കുള്ള ഉപകരണം, തൊണ്ടയിൽ ബാഹ്യ വസ്തുക്കൾ പ്രയോഗിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള ഉപകരണം.

കൂടാതെ, ആന്തരിക സ്യൂച്ചറുകൾക്കായി(തുന്നൽ)ക്യാറ്റ്ഗട്ട് ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. മൃഗങ്ങളുടെ കുടലിന്റെ പുറംതൊലിയിൽ നിന്ന് നിർമ്മിക്കുന്ന ഒരു പ്രത്യേക ത്രെഡാണ് ക്യാറ്റ്ഗട്ട്. ശസ്ത്രക്രിയാ തുന്നലുകൾക്ക് ഉപയോഗിക്കാവുന്ന ഒരേയൊരു മെറ്റീരിയൽ ഇതാണ്, കാരണം ഇത്തരം നൂലുകൾ കാലക്രമേണ അലിയുന്നു, ഇത്തിലൂടെ തുന്നലുകൾ നീക്കം ചെയ്യുന്നതിനുള്ള ആവർത്തിച്ചുള്ള ശസ്ത്രക്രിയയുടെ ആവശ്യകതയെ  ഇല്ലാതാക്കാൻ കഴിയും.

ശിശുക്കളുടെയും അമ്മമാരുടെയും മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന്, പ്രസവത്തിൽ ആദ്യമായി ഫോഴ്സ്പ്സ് ഉപയോഗിച്ചത് അദ്ദേഹമാണ്. ഇന്ന് ഉപയോഗിക്കുന്ന അതേ ടങ്ക്‌ റെസ്‌ട്രെയിൻറ്റുകൾ , കത്രികകൾ എന്നിവ ഉപയോഗിച്ച് അൽ-സഹ്‌റാവി ഒരു ടോൺസിലക്ടമി നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രോഗികളുടെ വേദന കുറയ്ക്കാൻ ലോക്കൽ, ഓറൽ അനസ്തേഷ്യകൾ ഉപയോഗിച്ചു അദ്ദേഹം.

ഓരോ പുതിയ കേസും വൈദഗ്ധ്യത്തോടെ നേരിട്ട ഈ പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധൻ മെഡിക്കൽ നടപടിക്രമങ്ങളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു: ചില അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഇവിടെ പരാമർശിക്കുന്നു. നഷ്ടപ്പെട്ട പല്ലിന് പകരം അവിടെ ഒരു അസ്ഥി സ്ഥാപിക്കുക, ആരോഗ്യമുള്ള പല്ലുകൾ ചേർത്ത് അയഞ്ഞവ സ്വർണ്ണത്തിലോ വെള്ളിയിലോ ഉള്ള വയറു ഉപയോഗിച്ച് ചേർത്ത് ഘടിപ്പിക്കുക; സസ്തനഗ്രന്ഥികളുമായ ബന്ധപ്പെട്ട ശസ്ത്രക്രിയാ ഇടപെടലുകൾ, രക്തസ്രാവം തടയാൻ പരുത്തിയുടെ ആദ്യ ഉപയോഗം, പ്ലാസ്റ്റർ ബാൻഡേജുകളുടെ ഉപയോഗം; ട്രക്കിയോടോമി, യുറോലിത്തിയാസിസ് പരിഹരിക്കാൻ മൂത്രനാളിയിലേക്ക്  നേർത്ത ശസ്ത്രക്രിയാ ഡ്രില്ലിന്റെ ഉപയോഗം.

രക്തസ്രാവത്തെ അദ്ദേഹം നേരിട്ട വിധം

രക്തസ്രാവം കൈകാര്യം ചെയ്യുന്നതിനുള്ള നാല് തന്ത്രങ്ങൾ രൂപപ്പെടുത്തി അൽ-സഹ്‌റാവി: cauterization വഴി, ശക്തിയായി ബാൻഡെജ് ഉണ്ടെങ്കിൽ ധമനിയെ മുറിച്ചുകൊണ്ടുള്ള രീതി,ഹെമോസ്റ്റാറ്റിക് ഏജന്റുകളും ഇറുകിയ ബാൻഡേജും പ്രയോഗിചുള്ള മാർഗങ്ങൾ. ശസ്ത്രക്രിയാ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഡോക്ടർമാർക്ക് രക്തസ്രാവം തടയുന്നതിനുള്ള ഇത്തരം രീതികളെക്കുറിച്ചുള്ള അറിവ് നിർബന്ധമായിരുന്നു. രക്തക്കുഴലുകളെ അറിയുന്നതും പ്രവർത്തിപ്പിക്കാൻ കഴിയുന്നതും പ്രധാനമാണ്, കാരണം അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ചികിത്സാ രീതികളിലൊന്ന് ബ്ലഡ്‌ ലേറ്റിങ് ആയിരുന്നു. രക്തസ്രാവത്തെ ചെറുക്കാനും രക്തക്കുഴലുകളിൽ ലിഗേച്ചറുകൾ പ്രയോഗിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വാസ്കുലർ അനൂറിസത്തെ വിജയകരമായി ചികിത്സിക്കാൻ വലിയ രീതിയിൽ സഹായിച്ചു.

പുരാതന ശസ്ത്രക്രിയയെയും മധ്യകാല യൂറോപ്പിലെ ശസ്ത്രക്രിയയെയും ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ച അൽ-സഹ്‌റാവിയുടെ പ്രവർത്തനങ്ങൾ നിരവധി നൂറ്റാണ്ടുകളായി മനുഷ്യരോഗങ്ങളുടെ ശസ്ത്രക്രിയാ ചികിത്സയിൽ ഏർപ്പെട്ടിരുന്ന എല്ലാവർക്കും ആധികാരിക വഴികാട്ടിയായി നിലനിന്നു.  അൽ-സഹ്‌റാവി യഥാർത്ഥത്തിൽ മധ്യകാല അറബി ശസ്ത്രക്രിയയുടെ പ്രതീകമായിരുന്നു

റഫറൻസ്:

 

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...