ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ
Islam

ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ

മനുഷ്യരാശിക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ് ഇസ്ലാം. നിരവധി നൂറ്റാണ്ടുകളായി, ലോകത്തിലെ മറ്റ് മതങ്ങൾക്ക് ചുറ്റും ധാരാളം മിഥ്യകൾ രൂപപ്പെട്ടിട്ടുള്ളത് പോലെ ഈ വിശ്വാസധാരക്ക് ചുറ്റും പല മിത്തുകൾ നിറഞ്ഞതായി കാണാം. എന്നാൽ ഇത്തരം തെറ്റിദ്ധാരണകളിൽ പലതും പണ്ടേ പൊളിച്ചെഴുതിയിട്ടുണ്ട്, എന്നിരുന്നാലും ചിലതൊക്കെ ഇപ്പോഴും വിനാശകരമായ സംഘടനകൾക്ക് കോപ്പ് കൂട്ടാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നു.

ഭാഗ്യവശാൽ, നമ്മൾ ജീവിക്കുന്നത് പുതിയ സാങ്കേതികവിദ്യകളുടെയും തുറന്ന വിവര ഇടങ്ങളുടെയും യുഗത്തിലാണ്, അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ അജ്ഞതയുടെ ഇരകളാകുകയും തെറ്റായ സ്റ്റീരിയോടൈപ്പുകളെ വെച്ചുപുലർത്തുകയും ചെയ്യേണ്ട കാര്യമില്ല. തെറ്റിദ്ധാരണകൾ ഒരു മാർഗത്തിലൂടെ മാത്രമേ മറികടക്കാൻ കഴിയൂ – അതാണ് അറിവ്.

ഇസ്ലാമിനെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ 10 തെറ്റിദ്ധാരണകൾ ഇതാ:

1. എല്ലാ മുസ്ലീങ്ങളും അറബികളാണ്

ലോകത്തിലെ 1.6 ബില്യൺ മുസ്‌ലിംകളിൽ, 60% ത്തിലധികം പേർ ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലാണ് താമസിക്കുന്നത്, ഇന്തോനേഷ്യയാണ് ഏറ്റവും ജനസംഖ്യയുള്ള മുസ്‌ലിം രാജ്യം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഏറ്റവും വലിയ മുസ്ലീം ഗ്രൂപ്പ് ആഫ്രിക്കൻ അമേരിക്കക്കാരും ദക്ഷിണേഷ്യക്കാരുമാണ്. കൂടാതെ, എല്ലാ അറബികളും മുസ്ലീങ്ങളല്ല, ചില അറബ് രാജ്യങ്ങളിൽ വലിയ ക്രിസ്ത്യൻ, ജൂത സമൂഹങ്ങളുണ്ട്.

2. ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്നു

തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഏറ്റവും ചൂടേറിയ വിഷയങ്ങളിൽ ഒന്നാണിത്. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വാധീനവും മതത്തിന്റെ നിർദേശങ്ങളും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മുസ്ലീം രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും, പുരുഷാധിപത്യം വാഴുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് സമൂഹം കെട്ടിപ്പടുക്കുന്നത്, അതിന്റെ നിയമങ്ങളും, പാരമ്പര്യങ്ങളുമാണ് സമൂഹത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്ക് നിർണ്ണയിക്കുന്നത്. ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന മതമാണ് ഇസ്ലാം, എന്നാൽ അത് തുല്ല്യ അവകാശങ്ങളല്ല, രണ്ടും വ്യത്യസ്തമാണ്‌, മറിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമുള്ള റോളുകൾ  വകവെച്ചുനൽകുന്നു.

3. മുസ്ലീങ്ങൾ യേശുവിനെ (അ) ബഹുമാനിക്കുന്നില്ല

മുസ്‌ലിംകൾ മറിയത്തിന്റെ (അ) പുത്രനായ യേശുവിനെ (അ) ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. പല മുസ്ലീങ്ങളും തങ്ങളുടെ ആൺമക്കൾക്ക് അദ്ദേഹത്തിന്റെ നാമവും പെൺമക്കൾക്ക് അദ്ദേഹത്തിന്റെ അമ്മയുടെ നാമവും പേരായി നൽകുന്നു. മരിച്ചവരെ ഉയർത്തയുന്നേൽപ്പിക്കുക, തൊട്ടിലിൽ സംസാരിക്കുക, കളിമൺ പക്ഷികളെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ അത്ഭുതങ്ങൾ അല്ലാഹുവിന്റെ ഹിതത്താൽ ചെയ്ത ഇസ്‌ലാമിലെ മഹാനായ പ്രവാചകന്മാരിൽ ഒരാളായാണ് യേശു കണക്കാക്കപ്പെടുന്നത്. യേശു (അ) തന്റെ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട ഒരു ദൂതനാണെന്നും അദ്ദേഹത്തിന് മുമ്പുള്ള എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച അതേ ആദർശങ്ങളാണ് അദ്ദേഹവും പകർന്നുകൊടുത്തതെന്നും ഞങ്ങൾ വിശ്വസിക്കുന്നു – ഏകനായ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഒന്നിനെയും ആരാധിക്കരുത് എന്നായിരുന്നു ആ ആദർശം. ഇസ്‌ലാം അനുസരിച്ച്, അധഃപതിച്ച യഹൂദ സമൂഹത്തെ തിരുത്തുക, അവരിൽ നിന്ന് ചില ഭാരമുള്ള മതപരമായ ബാധ്യതകൾ നീക്കുക, അല്ലാഹുവിൽ നിന്നുള്ള അടുത്ത ദൂതന്റെ വരവിനെക്കുറിച്ചുള്ള സുവാർത്ത എല്ലാ രാജ്യങ്ങളിലും അറിയിക്കുക എന്നതായിരുന്നു യേശുവിന്റെ (അ) ന് നൽകപ്പെട്ട പ്രധാന ദൗത്യവും സന്ദേശവും. ഒരു മുസ്ലീം യേശുവിനെ (അ) നിഷേധിക്കുകയും അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനല്ലെന്ന് വിശ്വസിക്കുകയും ചെയ്താൽ അവനെ മുസ്ലീമായി കണക്കാക്കാനാവില്ല. ഈശോയുടെ മാതാവായ മറിയം(അ)യുടെ പേരിൽ ഖുർആനിൽ ഒരു അധ്യായമുണ്ട്.

4. മുസ്ലീങ്ങൾ ചന്ദ്രനെ ആരാധിക്കുന്നു

പരമ്പരാഗത ചന്ദ്രക്കല ക്രിസ്ത്യാനികളുടെ കുരിശോ യഹൂദന്മാരുടെ ഡേവിഡിന്റെ നക്ഷത്രമോ പോലെയുള്ള ഇസ്ലാമിന്റെ കാനോനിക്കൽ ചിഹ്നമല്ല. തുനീഷ്യ, തുർക്കി, പാകിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ചന്ദ്രക്കല പ്രചാരത്തിലായി. എന്നാൽ ഇത് ഇസ്‌ലാമിന്റെ മതപരമായ ആട്രിബ്യൂട്ട് എന്നതിലുപരി രാഷ്ട്രീയ അധികാരത്തിന്റെ പ്രതീകമാണ്.

5. മുസ്ലീങ്ങൾ മുഹമ്മദ് നബി (സ)യെ ആരാധിക്കുന്നു

മൂസ  (അ), നൂഹ് (അ), ഇബ്രാഹിം (അ) എന്നിവരെപ്പോലെ മുഹമ്മദ് (സ) അല്ലാഹുവിന്റെ പ്രവാചകനായിരുന്നു.  അല്ലാഹുവിന്റെ  പ്രീതി ഏറ്റവും കൂടുതൽ നേടിയത് അദ്ദേഹമായിരുന്നു, അതുകൊണ്ടാണ് ആ കാലത്തെ മറ്റെല്ലാ മനുഷ്യരെയും മാറ്റി നിർത്തി ഖുർആൻ കൊണ്ടുവരാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അദ്ദേഹം എത്ര മഹാനായിരുന്നുവെങ്കിലും, മുഹമ്മദ് ഒരു മനുഷ്യനായിരുന്നു. മുഹമ്മദ്‌ നബി അല്ലാഹുവിന്റെ പുത്രനോ അള്ളാഹുവിന്റെ ഭൗമിക അവതാരമോ ആയിരുന്നില്ല, അതിനാൽ ആരാധിക്കാൻ പാടില്ല. ക്വുർആൻ നമ്മോട് ആവർത്തിച്ച് പറയുന്നതുപോലെ, സ്തുതിക്ക് യോഗ്യൻ അള്ളാഹു മാത്രമാണ്, അവന്റെ പ്രവാചകന്മാർക്ക് വേണ്ടി പോലും അവനെ അവഗണിക്കാൻ പാടില്ല.

6. മുസ്ലീങ്ങൾ കഅബയെ ആരാധിക്കുന്നു

മുസ്‌ലിംകൾ ആരും കഅബയെയോ കറുത്ത കല്ലിനെയോ ആരാധിക്കുന്നില്ല.

വാസ്തവത്തിൽ, വിശുദ്ധ ഭവനത്തിന് ചുറ്റുമുള്ള പ്രദക്ഷിണം എവിടെ തുടങ്ങണം എന്നതിന്റെ സൂചനയായി മാത്രമേ കറുത്ത കല്ലിനെ കാണുന്നൊള്ളു.

നിസ്കാരം നിർവഹിക്കാൻ മുസ്‌ലിംകളോട് ഏത് വഴിയാണ് തിരിയേണ്ടതെന്നും കഅബ പറയുന്നു.

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഏറ്റവും അടുത്ത കൂട്ടാളികളിലൊരാളായ  ഉമർ കഅബയ്ക്ക് ചുറ്റും നടക്കുകയും കറുത്ത കല്ലിൽ ചുംബിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരു കല്ല് മാത്രമാണെന്നും നിങ്ങൾ ദോഷമോ ഗുണമോ ചെയ്യുന്നില്ലെന്നും എനിക്കറിയാം. അല്ലാഹുവിന്റെ ദൂതൻ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഞാനത് ചെയ്യുമായിരുന്നില്ല” (ബുഖാരി).

അങ്ങനെ, മുഹമ്മദ് നബി (സ) ഈ കർമ്മം ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾപ്പെടുത്തുന്നത് കണ്ടതുകൊണ്ടാണ്  ഉമർ കറുത്ത കല്ലിനെ ചുംബിച്ചത്. പ്രവാചകന്റെ മാതൃക പിന്തുടർന്ന്, നബി (സ) ചെയ്തതുപോലെതന്നെ ഉമർ ഹജ്ജ് ചെയ്തു.

7. ഇസ്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു

ഇസ്ലാമിനെക്കുറിച്ചുള്ള ഏറ്റവും ശക്തമായ തെറ്റിദ്ധാരണകളിൽ ഒന്നാണത്. സമൂഹമാധ്യമങ്ങൾ അടിച്ചേൽപ്പിക്കുന്ന  ഇസ്ലാമിനെ കുറിച്ചുള്ള ക്ലീഷുകളുടെ ഫലം. തീവ്രവാദി ആക്രമണങ്ങളുടെ കാര്യത്തിൽ മാധ്യമങ്ങൾ മുസ്ലീങ്ങളോട് വളരെ പക്ഷപാതപരമായാണ് പെരുമാറുന്നത്. അവർ ഒരു മുസ്ലിമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നു. എന്നാൽ ഒരു ചെടി പോലും നശിപ്പിക്കാനോ അനാവശ്യമായി ഒരു മൃഗത്തെ കൊല്ലാനോ ഇസ്ലാം ആരെയും അനുവദിക്കുന്നില്ല എന്നതാണ് യഥാർത്ഥ വസ്തുത. സമാധാനം, സ്‌നേഹം, അനുകമ്പ, ഐക്യം, സാഹോദര്യം എന്നീ നയങ്ങളാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം.

8. മുസ്ലീം പുരുഷന്മാർ ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കണം

ഈ തെറ്റിദ്ധാരണയ്ക്ക് ഒരു ചരിത്ര പശ്ചാത്തലം ഉണ്ടായിരിക്കണം. 14 നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇസ്‌ലാമിന്റെ ആവിർഭാവ സമയത്ത്, സാമൂഹിക ഘടനകൾ സ്ത്രീകൾക്ക് ഒരു അവകാശവും വകവെച്ചു നൽകിയിരുന്നില്ല. വിവാഹമെന്നത് അവളുടെ സംരക്ഷണത്തിനും, വീടിനും അവകാശങ്ങൾക്കും വേണ്ടിയായിരുന്നില്ല അക്കാലത്ത്. അത് കൊണ്ട് തന്നെ സാമൂഹിക ക്ഷേമം നിലനിർത്താൻ സഹായിക്കുന്നതിന്  ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കാനുള്ള അവകാശം കൊണ്ടുവന്നു. കാരണം ഒരു പാട് വിധവകളും വിവാഹമോചിതരുമായ സ്ത്രീകളും അന്ന് വ്യാപകമായിരുന്നു. മാത്രവുമല്ല, രണ്ടുപേരെയും ഒരുപോലെ പരിഗണിക്കാനും അവരോട് തുല്യ നീതി പുലർത്താനും കഴിയുന്നില്ലെങ്കിൽ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാൻ ഇസ്ലാം ശുപാർശ ചെയ്യുന്നില്ല. മിക്ക മുസ്ലീം രാജ്യങ്ങളിലും സമൂഹങ്ങളിലും, ഈ ആചാരം കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി കണക്കാക്കപ്പെടുന്നു.

9. ശരീഅത്ത് ക്രൂരമാണ്

മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സർവ്വശക്തന്റെ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഒരു കൂട്ടമാണിത്. അതെ, അതിൽ ക്രിമിനൽ കോഡും നിയമവ്യവസ്ഥയും അടങ്ങിയിരിക്കുന്നു, എന്നാൽ ഇത് ഒരു വശം മാത്രമാണ്. കാരണം ശരീഅത്ത്  ധാർമികവും  സാമൂഹികവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്നു. ഓരോ വ്യക്തിയെയും അല്ലാഹുവുമായി സ്ഥിരമായ ബന്ധം സ്ഥാപിക്കാൻ ഇത് അനുവദിക്കുന്നു. അതിലെ നിയമങ്ങൾ ആളുകൾക്ക് തിന്മയുടെ മേൽ നന്മയെ പുൽകാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു.

10. അല്ലാഹു മുഹമ്മദിന് മാത്രമുള്ള ദൈവമാണ്

അള്ളാഹു ഒരു പ്രത്യേക ഇസ്ലാമിക ദൈവമാണെന്ന് ചിലർ വിശ്വസിക്കുന്നു, എന്നാൽ യഥാർത്ഥത്തിൽ അല്ലാഹു എന്നാൽ അറബിയിൽ ഏകദൈവം എന്നാണ് അർത്ഥമാക്കുന്നത്. ക്രിസ്ത്യൻ അറബികൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അല്ലാഹു എന്ന വാക്ക് ഉപയോഗിക്കുന്നു. ഈസ (യേശു) (അ), മൂസ (മോസസ്) (അ) എന്നിവരും മറ്റ് ബൈബിൾ പ്രവാചകന്മാരും ആരാധിച്ചിരുന്ന ഏക ദൈവമാണ് അല്ലാഹു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...