മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ പേര് പറയാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്ട്രോങ്, താരിഖ് റമദാൻ തുടങ്ങിയ പേരുകൾ ഉത്തരമായി ലഭിച്ചേക്കാം. തീർച്ചയായും ഇവരടക്കം മറ്റ് നിരവധി പുരുഷന്മാർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാത്തരത്തിലുള്ള ബഹുമതിക്കും അർഹതയുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ശക്തരായ ആളുകളെ കുറിച്ച് പറയുമ്പോൾ മിക്ക ആളുകളും പുരുഷന്മാരെ മാത്രമേ ഓർക്കൂ. സ്ത്രീകൾ വിസ്മയകരമായ പല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും പലപ്പോഴും സമൂഹം മറക്കുന്നു.
അതിനാൽ, ഈ പരമ്പരയിൽ, നാം ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിൽ പലപ്പോഴും മറക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ കുറിച്ച് നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ പേരുകൾ നിങ്ങൾ ഒരിക്കലും മറക്കരുതെന്നും അവരുടെ നേട്ടങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
മുഹമ്മദ് എന്ന വ്യാപാരിയുടെ മകളായിരുന്നു അവൾ, ‘ഫെസിന്റെ സ്ത്രീ’ എന്നും ‘ആൺകുട്ടികളുടെ അമ്മ’ എന്നും അവർ അറിയപ്പെട്ടു. ഞാൻ സംസാരിക്കുന്നത് ആദ്യത്തെ അക്കാദമിക് യൂണിവേഴ്സിറ്റിയുടെ സ്ഥാപക ഫാത്തിമ അൽ ഫിഹ്‌രിയെക്കുറിച്ചാണ്.
ഇതെല്ലാം ആരംഭിച്ചത് 1215 വർഷങ്ങൾക്ക് മുമ്പാണ്. ഏകദേശം 800 CE-ൽ ടുണീഷ്യയിലാണ് ഫാത്തിമ ജനിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഫാത്തിമയുടെ കുടുംബം അന്നത്തെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം നഗരങ്ങളിലൊന്നായ ഫെസിലേക്ക് കുടിയേറി. അതിനർത്ഥം ആ നഗരം തീവ്രമായ ഉത്കര്‍ഷേച്ഛയുള്ള ആളുകൾ നിറഞ്ഞ സ്ഥലമായിരുന്നു എന്നാണ്. അൽ ഫിഹ്‌രിയുടെ കുടുംബത്തിന് അത് തന്നെയായിരുന്നു ലക്ഷ്യവും. പണത്തിന്ന് വളരെയധികം കഷ്ടപ്പെടുന്ന ഒരു കുടുംബമായി ജീവിതം ആരംഭിച്ച ഫിഹ്‌രിയുടെ പിതാവ് മുഹമ്മദ് അൽ ഫിഹ്‌രി കഠിനാധ്വാനം മൂലം വളരെ വിജയകരമായ ഒരു ബിസിനസുകാരനായി മാറി. ഫാത്തിമയുടെ പിതാവും സഹോദരനും പിന്നീട് മരിച്ചപ്പോൾ അവൾ സഹോദരി മറിയത്തോടൊപ്പം തനിച്ചായി. വലിയൊരു തുക പാരമ്പര്യമായി ലഭിച്ചതിനാൽ അവർ വളരെ ഭാഗ്യവതികളായിരുന്നു. വലിയ ഉദാരമതികളായിരുന്ന അവർ തങ്ങളുടെ പണം സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ഫാത്തിമയുടെ സഹോദരി ആൻഡലസ് മസ്ജിദ് എന്നറിയപ്പെടുന്ന ഒരു മസ്ജിദ് നിർമ്മിച്ചു. തന്റെ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയാണ് ഫാത്തിമ നിക്ഷേപം ഇറക്കാൻ തീരുമാനിച്ചത്. അങ്ങനെ 859-ൽ അവർ അൽ ഖറാവിയ്യീൻ യൂണിവേഴ്സിറ്റി സ്ഥാപിച്ചു, അത് ആദ്യത്തെ അക്കാദമിക് സർവ്വകലാശാലയായിരുന്നു. ഒരു മസ്ജിദായി ആരംഭിച്ച് വർഷങ്ങൾക്ക് ശേഷം സർവകലാശാലയായി വികസിച്ചുവന്നതാണെന്ന് ചില ആളുകൾ പറയാറുണ്ട്.
ഈ സർവ്വകലാശാല ഒരു വലിയ നേട്ടമായി പ്രവർത്തിച്ചത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല, മറിച്ച് മുസ്ലീങ്ങൾക്ക് യൂറോപ്യൻ സംസ്കാരങ്ങളുമായി ഐക്യപ്പെടാനുള്ള മികച്ച അവസരം കൂടിയായിരുന്നു അത്. അൽ ഖറാവിയ്യീൻ സർവകലാശാലയിൽ വിവിധ അമുസ്‌ലിംകൾ പഠിച്ചു. ഒരുപക്ഷേ വിശാലമായ വിഷയങ്ങൾ അവിടെ പഠിപ്പിക്കപ്പെട്ടതായിരിക്കാം ഒരു കാരണം. ഒമ്പതാം നൂറ്റാണ്ടിൽ ഒരു മുസ്ലീം രാജ്യത്ത് നിർമ്മിച്ച ഒരു സർവ്വകലാശാലയിൽ ഇസ്‌ലാമിക നിയമമായ ഖുർആനും ഫിഖ്ഹും മാത്രമാണ് പഠിപ്പിച്ചത് എന്ന് നിങ്ങൾ കരുതും. എന്നാൽ അങ്ങനെയായിരുന്നില്ല, ഭൂമിശാസ്ത്രം, ജ്യോതിഷം, വ്യാകരണം, രസതന്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, സംഗീതം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കപ്പെട്ടു!
എന്നെ സംബന്ധിച്ചിടത്തോളം ഫാത്തിമയിൽ കണ്ട ഏറ്റവും പ്രശംസനീയമായ കാര്യം അവർ ദീർഘവീക്ഷണമുള്ള ഒരു സ്ത്രീയായിരുന്നു എന്നതാണ്. ഒരു സമ്പന്ന സ്ത്രീ ആയിരുന്നിട്ടും തന്റെ പണം മറ്റുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിക്ഷേപിക്കാൻ അവർ തീരുമാനിച്ചു.
880 CE-ൽ ഫാത്തിമ അന്തരിച്ചു. എന്നാൽ അൽ ഖറാവിയ്യീൻ യൂണിവേഴ്സിറ്റി ഇപ്പോഴും നിലവിലുണ്ട്, അത് മൊറോക്കയിലെ സർവകലാശാലകളിൽ ഏറ്റവും മികച്ചതായി നൂറ്റാണ്ടുകൾക്ക് ശേഷവും അറിയപ്പെടുന്നു. ഫാത്തിമ മിടുക്കിയും പ്രചോദനാത്മകവുമായ സ്ത്രീയായതിനാൽ നിരവധി മൊറോക്കൻ സ്ത്രീകൾ അവരെ മാതൃകയാക്കുന്നു.