അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ നാമങ്ങളിലൊന്നിന്റെ പേരിലാണ് സൂറ അർ-റഹ്മാൻ അറിയപ്പെടുന്നത്. ഈ സൂറത്ത് ദൈവിക കൃപയുടെ ഉദാഹരണങ്ങൾ വിളിച്ചോതുകയും അല്ലാഹു നൽകിയ വിവിധ അനുഗ്രഹങ്ങളുടെ പ്രാധാന്യം ചൂണ്ടികാണിക്കുകയും ചെയ്യുന്നു.
ഈ ലേഖനത്തിൽ സൂറത്ത് അർ-റഹ്മാന്റെ ഗുണങ്ങൾ ചുരുക്കത്തിൽ വിശദീകരിക്കുന്നു.
സൂറത്ത് അർ-റഹ്മാന്റെ ഗുണങ്ങൾ
ദിവ്യകാരുണ്യത്തിന്റെ മനോഹരമായ ആശയത്തെക്കുറിച്ച് ചിന്തിക്കാൻ സൂറത്ത് അർ-റഹ്മാൻ നമ്മെ പ്രേരിപ്പിക്കുന്നു. അല്ലാഹു നമുക്ക് പലതരത്തിലുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ലോകത്ത് ജീവിക്കാനായത് പോലും അവൻ നൽകിയ ഒരു സമ്മാനമാണ് – മരങ്ങൾ, ഭക്ഷണം, നമ്മുടെ ചുറ്റുപാടുകൾ, വായു, വെള്ളം, ആരോഗ്യമുള്ള ശരീരവും മനസ്സും, കുടുംബം, സുഹൃത്തുക്കൾ, എല്ലാം അല്ലാഹു കരുതി വെച്ച സമ്മാനങ്ങളാണ്. നമ്മൾ എല്ലാം നിസ്സാരമായി കാണുന്നു, എന്നാൽ എല്ലാറ്റിനുപരി, അവൻ നൽകിയ അത്തരം എല്ലാ സമ്മാനങ്ങളും മൂല്ല്യമുള്ളതാണ്.
അത്തരത്തിലുള്ള എല്ലാ ദൈവിക അനുഗ്രഹങ്ങളും നാം അവഗണിക്കേണ്ട ഒന്നല്ലെന്ന് ഓർമ്മിക്കാൻ സൂറത്ത് അർ-റഹ്മാൻ നമ്മെ സഹായിക്കുന്നു. “നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?” എന്ന് വിശുദ്ധ ഖുർആനിലെ ഈ അദ്ധ്യായം ആവർത്തിച്ചുകൊണ്ട് നമ്മോട് ചോദിക്കുന്നു. നമ്മുടെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഒന്നിനെയും നാം നിഷേധിക്കരുതെന്നാണ് ഈ സൂറത്ത് പറയുന്നത്.
“നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?”
അക്കാലത്തെ സാഹചര്യമനുസരിച്ചു , സത്യനിഷേധികൾ തുടർച്ചയായി സത്യം തിരസ്ക്കരിക്കുകയും മുസ്ലീങ്ങളെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്തു. “നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?” എന്ന ഖുർആനിന്റെ ആവർത്തനം സത്യനിഷേധികളായ നന്ദികെട്ടവരും നിരന്തരമായി അല്ലാഹുവിന്റെ മഹത്വത്തോട് അന്ധത കാണിക്കുന്നവരും യാതൊരു പ്രകോപനവുമില്ലാതെ മുസ്‌ലിംകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന അഹങ്കാരികൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു .
അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ അനന്തമായ പട്ടിക സൂറത്ത് അർ-റഹ്മാൻ മനോഹരമായി വിവരിക്കുന്നു. അത് യഥാർത്ഥ വിശ്വാസികളുടെ ഹൃദയത്തെ സ്പർശിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുന്നു.
പരമമായ സത്യം
മനുഷ്യർക്ക് സത്യത്തെ അവഗണിക്കുക എന്ന ഒരു ദൗർബല്യമുണ്ട് – എല്ലാം നശിക്കുന്നതാണെന്ന് നമുക്കറിയാം, എന്നിട്ടും ലൗകിക സമ്പത്തിനും സുഖസൗകര്യങ്ങൾക്കും വേണ്ടി നാം ഭ്രാന്തമായി മത്സരിക്കുന്നു. ഈ ജീവിതത്തിൽ നമുക്കുള്ളതെല്ലാം ശാശ്വതമല്ലെന്ന് നാം അറിഞ്ഞിരിക്കണം – നമ്മുടെ കുടുംബവും സുഹൃത്തുക്കളും നമ്മെ വിട്ടുപിരിഞ്ഞേക്കാം, നല്ല ആരോഗ്യം ക്ഷയിച്ചേക്കാം, നമ്മുടെ സമ്പത്ത് നശിച്ചേക്കാം. എന്നിട്ടും നമ്മൾ ആത്മാഭിമാനികളും അഹങ്കാരികളുമായി ജീവിക്കുന്നു.
അള്ളാഹുവിനോട് നന്ദിയുള്ളവരായിരിക്കണമെന്ന് സൂറത്ത് അർ-റഹ്മാൻ ആവർത്തിച്ച് നമ്മോട് ഓർമ്മിപ്പിക്കുന്നു, കാരണം നമുക്കുള്ളതെല്ലാം അവന്റെ സമ്മാനമാണ്. അങ്ങനെ നാം പരലോകത്തിനായി പ്രവർത്തിക്കുകയും സൽകർമ്മങ്ങളിൽ മുഴുകുകയും അല്ലാഹുവിനെ മാത്രം തൃപ്തിപ്പെടുത്താൻ പരിശ്രമിക്കുകയും വേണം.
അതുപോലെ, വിശ്വാസി എന്ന നിലയിൽ സൂറത്ത് അർ-റഹ്മാൻ മനഃപാഠമാക്കുന്നത് സമാധാനവും ഐശ്യര്യവും പ്രധാനം ചെയ്യുമെന്ന് നാം അറിയണം. അല്ലാഹുവിന്റെ വിവിധ അനുഗ്രഹങ്ങളെക്കുറിച്ച് സ്വയം ഓർമ്മിക്കുന്നതിലൂടെ, സമ്മർദ്ദത്തെയും വിഷാദത്തെയും ചെറുക്കാനും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും നമുക്ക് കഴിയും.