വിശുദ്ധ ഖുർആനിലെ 107-ാമത്തെ സൂറത്താണ് അൽ-മൗൻ. കേവലം ഏഴ് ആയത്തുകൾ മാത്രം അടങ്ങിയ ഈ സൂറത്തിൽ ഭക്തിയെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സൂറ അൽ-മഊൻ, അഥവാ “ചെറിയ ദയ”, എന്ന അർത്ഥം വരുന്ന ഈ സൂറത്ത് മുസ്ലീങ്ങളെന്ന് സ്വയം കരുതുന്ന ആളുകളുടെ പ്രവർത്തനങ്ങളെക്കുറിചാണ് ചർച്ചചെയ്യുന്നത്, എന്നാൽ അത്തരം ആളുകളുടെ പെരുമാറ്റം വിശ്വാസിക്ക് ചേരുന്നതുമാകില്ല. അവർ അനാഥകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു, ഒരു മായാലോകത്ത് ജീവിതം തള്ളിനീക്കുന്നു. ആ മനുഷ്യർ അല്ലാഹുവിനെ ഓർക്കുന്നത് അപൂർവ്വമായി മാത്രമാകും. അവരുടെ പ്രാർത്ഥനകളാകട്ടെ യാതൊരു പ്രതിബദ്ധതയുമില്ലാത്തതുമാണ്.
ഈ ലേഖനം സൂറ അൽ-മൗനിന്റെ പൂർണ്ണ വിവർത്തനവും തഫ്സീറുമാണ് നിങ്ങളുടെ മുമ്പിൽ മുന്നോട്ടുവെക്കുന്നത്.
സൂറ അൽ-മഊനിന്റെ പരിഭാഷയും തഫ്സീറും
വിവർത്തനം
ആദ്യം, മലയാളം വിവർത്തനത്തോടൊപ്പം സൂറത്തിന്റെ മുഴുവൻ അറബി പാഠവുമാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
- മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
- അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
- പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
- എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
- തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
- സൽക്കർമ്മങ്ങൾ പൊങ്ങച്ചത്തിന്ന് വേണ്ടി മാത്രം ചെയ്യുന്നവർ
- പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ
തഫ്സീർ
-
വിധി നിഷേധിക്കുന്ന വ്യക്തിയെ നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ?
ഈ ആയത്ത് ഒരു ലളിതമായ ചോദ്യം ഉന്നയിക്കുന്നു: ഏത് തരത്തിലുള്ള വ്യക്തിയാണ് വ്യക്തമായ സത്യത്തെ നിഷേധിക്കുന്നത്? ഈ സൂറത്തിലെ ഇനിപ്പറയുന്ന ആയത്തുകളിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുന്നു.
-
അനാഥനോട് പരുഷമായി പെരുമാറുന്നത് അവനാണ്
അനാഥരോട് ഒരു മുസ്ലീമിന് നിരവധി ബാധ്യതകളുണ്ട്: അനാഥകൾക്ക് അവരുടെ അവകാശം നൽകാത്തവർ, അതായത്, അവർക്ക് ഭക്ഷണം നൽകാത്തവരും ദയയോടെ പെരുമാറാത്തവരും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവരാണ്.
-
ആവശ്യക്കാർക്ക് ഭക്ഷണം നൽകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയില്ല അവർ
മുസ്‌ലിംകളുടെ മേലുള്ള മറ്റൊരു ബാധ്യതയാണ് ദാനധർമ്മം, ദരിദ്രരെയും നിരാലംബരെയും സഹായിക്കുക എന്നത് സാമ്പത്തികമായും ശാരീരികമായും മുന്നിട്ട്നിൽക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഉത്തരവാദിത്ത്വമാണ്. ദാനധർമ്മങ്ങൾ ചെയ്യാതിരിക്കുന്നത്, മുമ്പത്തെ ആയത്തിൽ സൂചിപ്പിച്ചത് പോലെ, അല്ലാഹുവിനോടുള്ള ചെയ്യുന്ന അനുസരണക്കേടാണ്.
-
അതിനാൽ പ്രാർത്ഥിക്കുന്നവർക്ക് അയ്യോ കഷ്ടം
-
എന്നാൽ അവരുടെ പ്രാർത്ഥനയിൽ അവർ അശ്രദ്ധരാണ്
അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കുന്ന ചിലയാളുകൾ ഉണ്ട്. എന്നാൽ അത്തരക്കാർ ഇസ്‌ലാമിന്റെ മറ്റു തത്ത്വങ്ങളൊന്നും മുഖവിലക്കെടുക്കില്ല, ശരിക്കും കപടവിശ്വാസിയുടെ ലക്ഷണം കാണിക്കുന്നവരാണ് അവർ.
അല്ലാഹുവിനോട് അഞ്ച് തവണയും അവർ പ്രാർത്ഥിക്കും, എന്തിനേറെ, ഉപവസിക്കുകയും ഇസ്‌ലാമിന്റെ മറ്റെല്ലാ കടമകളും പാലിക്കുകയും ചെയ്യുന്നവരുമായിരിക്കും. എന്നാൽ മറ്റുള്ളവരെ സഹായിക്കുകയും അവരുടെ ദരിദ്രരായ സഹോദരങ്ങൾക്ക് ദാനം നൽകുകയും ചെയ്യുന്ന സാഹചര്യം വരുമ്പോൾ അവർ മുഖം തിരിക്കും.
തീർച്ചയായും, അത്തരക്കാരുടെ അശ്രദ്ധമായ പ്രാർത്ഥനകൾ അല്ലാവുവിന് മുമ്പിൽ പ്രയോജനകരമല്ല.
-
സൽക്കർമ്മങ്ങൾ പൊങ്ങച്ചത്തിന്ന് വേണ്ടി മാത്രം ചെയ്യുന്നവർ
ഈ ആയത്ത് സൂചിപ്പിക്കുന്നത് ഒരു പറ്റം മനുഷ്യരെ കുറിച്ചാണ്. വിശ്വാസികളുടെ സഭയിൽ പ്രാർത്ഥിക്കുന്ന ആളുകളായിരിക്കും ഇവർ, എന്നാൽ അവർ അല്ലാഹുവിന്റെ കാരുണ്യം തേടാനല്ല പ്രാർത്ഥിക്കുന്നത്; മറിച്ച് , തങ്ങൾ മതവിശ്വാസികളും നീതിമാനുമാണെന്ന് ലോകത്തെ കാണിക്കാനാണ് പ്രാർത്ഥനയിൽ മുഴുകുക. ഇത് തീർച്ചയായും, കാപട്യത്തിന്റെ ഒരു അടയാളമാണ്, കാരണം അത്തരം ആളുകൾ അല്ലാഹുവിന്റെ പ്രീതിക്കായി പ്രാർത്ഥിക്കുന്നില്ല, പകരം, അവർ തങ്ങളുടെ സഹജീവികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കാൻ വേണ്ടി മാത്രം പ്രാർത്ഥന നടത്തുന്നു.
-
പരോപകാര പ്രവർത്തികൾ മുടക്കുന്നവർ!
മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ഏതൊരു പ്രവർത്തനവും സാമാന്യ ദയയാണ്. മറ്റുള്ളവരോട് സംസാരിക്കുന്നതോ, ഒരു പുഞ്ചിരിയോ, ദയയോടെയുള്ള ഒരു വാക്കോ ആയിരിക്കാം അത്. എന്നാൽ അത് മറ്റുള്ളവർക്ക് സന്തോഷം നൽകും. ഇത്തരം ചെറിയ കാരുണ്യ പ്രവർത്തനങ്ങളെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ആളുകൾ ഏറ്റവും മോശക്കാരാണെന്ന് അല്ലാഹു പറയുന്നു, കാരണം അവർ സഹജീവികളോട് ദുഷ്പ്രവണത മാത്രം പ്രകടിപ്പിക്കുന്നവരാണ്.
വിലയിരുത്തൽ
കപടവിശ്വാസികൾ ആളുകളുടെ പ്രീതി മാത്രം കൊതിച്ച് പ്രാർത്ഥിക്കുന്നവരും പ്രാർത്ഥനയിൽ ആത്മാർത്ഥതയില്ലാത്തവരുമാണെന്ന് സൂറ അൽ-മഊൻ വ്യക്തമായി വിവരിക്കുന്നു. കൂടാതെ, കപടവിശ്വാസികൾ ആളുകളോട് പരുഷമായ രീതിയിൽ പെരുമാറുന്നു, അനാഥർക്ക് അർഹിച്ച പങ്ക് അവർ നിഷേധിക്കുന്നു, മറ്റുള്ളവരോട് ദയ കാണിക്കുന്നതിൽ അവർ പിശുക്ക്കാണിക്കുന്നു, ദരിദ്രർക്കും പാവപ്പെട്ടവർക്കും ഒരിക്കലും അവർ ദാനം നൽകില്ല.
അല്ലാഹുവിനോടുള്ള നമ്മുടെ പ്രാർത്ഥനകളിൽ ഉറച്ചുനിൽക്കാനും അവന്റെ സൃഷ്ടികളോട് ദയ കാണിക്കാനുമുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് സൂറ അൽ-മൗൻ.