നൂറുദ്ധീൻ സങ്കി : വിശ്വാസത്തിന്റെ പ്രകാശം
History

നൂറുദ്ധീൻ സങ്കി: വിശ്വാസത്തിന്റെ പ്രകാശം

“വിശ്വാസത്തിന്റെ പ്രകാശം”എന്ന അർത്ഥം വരുന്ന വാക്കുകളാണ് നിങ്ങളുടെ പേരെങ്കിലും അത് അർത്ഥവത്താക്കുന്ന പ്രവർത്തി നടത്തുക എന്നത് ദുർഘടകമായ പ്രവർത്തിയാണ്, എന്നാൽ അങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെങ്കിലോ. നൂറുദ്ധീൻ സങ്കി തന്റെ പേരിനെ അർത്ഥവത്താക്കിയ മഹാ മനീഷിയായിരുന്നു.

നൂറുദ്ധീൻ സങ്കി എന്ന പേരിൽ പ്രസിദ്ധനായ നൂർ അദ്ദീൻ അബുൽ ഖാസിം മഹമൂദ് ഇബ്ൻ ഇമാമുദീൻ സങ്കി തുർക്ക് വംശ പരമ്പരയിൽ ഉള്ള സിങ്കിദ് രാജ വംശത്തിൽ പെട്ട ആളായിരുന്നു. ചെറുത്ത് നിൽപ്പിലൂടെ രണ്ടാം കുരിശ് യുദ്ധത്തിൽ അദ്ഭുതകരമായ മികവ് കാണിച്ച അദ്ദേഹം 1146 മുതൽ 1174 (CE) വരെ ആലപ്പോ പ്രവിശ്യ ഭരിച്ച ഭരണാധികാരിയായിരുന്നു.

അക്രമകാരികൾക്ക് എതിരെയുള്ള ചെറുത്ത് നിൽപ്പ്

രണ്ടാം കുരിശ് യുദ്ധവും പിന്നീട് ഈജിപ്ത് പിടിച്ചെടുക്കാനുള്ള ക്രൈസ്തവരുടെ ശ്രമങ്ങളും ചരിത്രത്തിലെ സംഭവ ബഹുലമായ കാല ഘട്ടമാണ്. മത പ്രാന്ത് മൂത്ത ക്രുസാഡുകൾ മുസ്ലിം ഹൃദയ ഭൂമിയും ചുറ്റും പിടിച്ചെടുക്കാനുള്ള അതീവ ശ്രമങ്ങൾ നടത്തിയ കാലം. ഇത് മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം ചെറുത്ത് നിൽപ്പിന്റ, പോരാട്ട വീര്യത്തിന്റെ കാലമാണ്. പല മുസ്ലിം നേതാക്കളും, ഭരണാധികാരികളും, യോദ്ധാക്കളും മത സംരക്ഷണ ചുമതല ഏറ്റടുത്ത് കൊണ്ട് മുന്നിട്ട് ഇറങ്ങി പ്രതിരോധത്തിന്റെ പെരുമ്പറ സൃഷ്ടിച്ചു.

കുരിശ് യുദ്ധ പോരാട്ടത്തിൽ സലാവുദ്ധീൻ (റ) അടക്കമുള്ള സുൽത്താൻമാരുടെ പങ്ക് ചരിത്രത്തിൽ വലിയ രീതിയിൽ പരാമർശിക്കപെടുന്നുണ്ടെങ്കിലും, പലപ്പോഴും ചരിത്രകാരന്മാർ വലിയ ശ്രദ്ധ കൊടുക്കാത്ത യോദ്ധാക്കൾ ഉണ്ട്. അത്തരക്കാരിൽ ഒരാളായിരുന്നു നുറുദ്ധീൻ സങ്കി.

പിതാവിന്റെ മരണ ശേഷം നൂറുദ്ധീൻ സങ്കിയും സഹോദരനായ സൈഫുദ്ധീനും തങ്ങളുടെ സാമ്രാജ്യം രണ്ടായി വിഭജിച്ചു. നൂറുദ്ധീൻ സങ്കി ആലപ്പോ തെരഞ്ഞെടുത്തപ്പോൾ സഹോദരൻ മോസുൾ ആണ് ഭരണം നടത്താൻ ഏറ്റടുത്തത്. പല മുസ്ലിം സാമ്രാജ്യങ്ങളും സാക്ഷ്യം വഹിച്ചിരുന്ന അധികാരത്തിനു വേണ്ടിയുള്ള സഹോദര തർക്കങ്ങൾ ഒന്നും ഇവർക്കിടയിൽ ഉണ്ടായില്ല എന്നത് അധികാര വടം വലി രൂക്ഷമായ മുകൾ, ഓട്ടോമാൻ സാമ്രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എത്രമാത്രം നൂറുദീനും സഹോദരനും തങ്ങളുടെ ലക്ഷ്യത്തിന്നു വേണ്ടി പ്രവർത്തിച്ചിരുന്നു എന്ന് കാണാൻ കഴിയും.

കീഴടക്കലുകൾ തുടങ്ങുന്നു

അധികാരത്തിൽ എത്തിയതോടെ രാജ്യത്തെ ഓരോ പ്രദേശവും, നഗരവും ക്രുസാഡുകളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു നൂറുദ്ധീൻറെ ലക്ഷ്യം. കൃത്യമായ ആസൂത്രണത്തോടെ മറ്റുള്ള മുസ്ലിം ഭരണാധികാരികളുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ അദ്ദേഹം ഇതിനായി നടത്തി.

പക്ഷെ ചരിത്രത്തിൽ പല മുസ്ലിം ഭരണാധികാരികളും ഒരു സംയുക്ത പോരാട്ടത്തിന്ന്‌ തയ്യാറല്ലായിരുന്നു. നൂറുദ്ധീനും അത്തരം ഒരു സാഹചര്യം അനുഭവിച്ചു. എന്തിനേറെ വിവാഹബന്ധം വഴി സ്ഥാപിക്കപ്പെട്ട ദമസ്കസിലെ ഗവർണർ പോലും ക്രൈസ്തവ രാജ്യങ്ങളെ പിണക്കുന്നതിൽ വലിയ വിമുഖത കാണിക്കുകയും, സങ്കിയുടെ പല നീക്കങ്ങളിൽ അസ്വസ്ഥതനാകുകയും ചെയ്‌തു.

ഇത്തരം വലിയ തിരിച്ചടികൾ നേരിട്ടെങ്കിലും ഏഷ്യ മൈനറിൽ പല തന്ത്ര പ്രധാന പ്രദേശങ്ങളും അദ്ദേഹം പിടിച്ചെടുത്തു. കോൺറാട് മൂന്നാമന്റെയും ഫ്രാൻസിലെ ലൂയ്‌സ് ഏഴാമന്റെയും നേത്രത്വത്തിലെ രണ്ടാം കുരിശ് യുദ്ധകാർക്ക് ആ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഇതോടെ സംജാതമായി.

അസാമാന്യ പ്രതിഭയും നേതൃഗുണവും ഒത്തൊരുമിച്ച നൂറുദ്ദീന്‍ രാജ്യവികസനത്തില്‍ ശ്രദ്ധിച്ചു. കുരിശുസേനക്കെതിരെ യോജിച്ച മുന്നേറ്റത്തിന് മുസ്‌ലിം പിന്തുണയും ഐക്യവും വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഭരണമേറ്റവര്‍ഷം തന്നെ റഹായിലെ അവശേഷിക്കുന്ന ക്രൈസ്തവരെ കൂടി തുരത്തി. അത് രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ക്രി. 1150ല്‍ ദമസ്‌കസും അലപ്പോയുടെ കീഴിലായി.

അക്കാലത്ത് സിറിയന്‍ തീരങ്ങളിലുണ്ടായിരുന്ന യൂറോപ്യരുടെ അധിനിവേശം. ദമസ്‌കസിലെ അമീറിനാവട്ടെ അവരെ തടയാനുള്ള ശേഷിയുമില്ല. ദമസ്‌കസുകാര്‍ നഗരം നൂറുദ്ദീനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും കൂടി ചെയ്തപ്പോള്‍  അദ്ദേഹം അധികാരം അവിടേക്ക് കൂടി വ്യാപിപ്പിച്ചു. ബഅ്‌ലബക്, ജബര്‍ കോട്ട എന്നിവയും പിടിച്ച നൂറുദ്ദീന്‍ ഒടുവില്‍ മൗസുല്‍ കൂടി തന്റെ അധികാര പരിധിയില്‍ കൊണ്ടുവന്നു.

കുരിശുയോദ്ധാക്കളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഉഗ്ര പോരാട്ടങ്ങളിലൊന്നായ ഹാരിമിലെ യുദ്ധം നൂറുദ്ധീന്റെ നേതൃത്വത്തിലാണ് നടന്നത്. കുരിശു പടയുടെ നായകന്മാരായ നാലുപേരെയും നൂറുദ്ദീന്‍ ബന്ദികളാക്കി

ഇനാബ് യുദ്ധത്തിൽ സങ്കി റായിമോൻഡ് രാജകുമാരന്റെയും അലി ഇബ്നു വഫായുടെയും സംയുത സേനയെ തകർത്ത ശേഷം മെഡിറ്ററേനിയൻ കടൽ തീരത്തേക്ക് മാർച്ച്‌ നടത്തി പ്രതീകാത്മകമായി സമുദ്രത്തിൽ കുളിച്ച അദ്ദേഹം സിറിയയുടെ മേൽ ആധിപത്യം സ്ഥാപിച്ചു.

സങ്കി സിറിയയിൽ

എന്ത് കൊണ്ടായിരിക്കും സങ്കി അത്തരം ഒരു വഴി തെരഞ്ഞെടുത്ത് തന്റെ അപ്രമാദിത്യം സ്ഥാപിച്ചത്.

ഒന്നാം കുരിശ് യുദ്ധത്തിന് ശേഷം തന്നെ ദമസ്കസിലെ മുസ്ലിം ഭരണാധികാരികൾ ക്രൂസാടുകളുമായി ഉഭയകക്ഷി ബന്ധം സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തരം കരാറുകൾ കടലാസിൽ മാത്രം ഒതുങ്ങി. സമാധാന ഉടമ്പടി നിലനിൽക്കേ തന്നെ കൂടുതൽ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കാനും, മുസ്ലിം സൈന്യത്തെ പരാചയപെടുത്താനും രണ്ടാം കുരിശ് യുദ്ധത്തിന് അവർ ഉടമ്പടി നിലനിലക്കെ തന്നെ കോപ്പ് കൂട്ടി.

ദമസ്കസിലെ ഭരണാധികാരികൾ വാഗ്ദാനം ലംഘനം നടത്തിയ ക്രൂസാടുകളെ നേരിടാൻ തയ്യാറല്ലായിരുന്നു. എന്തിനേറെ തന്റെ ദമസ്കസിലെ അധികാരം നിലനിർത്താൻ ക്രൂസാടുകളുടെ അടുക്കൽ വർഷത്തിൽ സന്ദർശനം നടത്തിയിരുന്നു ഭരണാധികാരിയായ മുജീർ ഉദ്ദീൻ. ഇത്തരം നീക്കങ്ങൾ ദമസ്കസിലെ ജനങ്ങൾക്കിടയിൽ വലിയ വിമർശനത്തിന്ന് വഴി തെളിയിച്ചു. ഈ എതിർപ്പ് നൂറുദ്ധീൻ സങ്കിയെ സിറിയ പിടിച്ചെടുക്കാൻ വലിയ രീതിയിൽ സഹായിച്ചു.

സങ്കി ഈജിപ്തിൽ

സിറിയയിലും വടക്കൻ മേഖലയിലും വലിയ തകർച്ച നേരിട്ട ക്രൂസാടുകൾക്ക് ഈജിപ്തിലെ ഫാത്തിമദ് നേരെയായി ശ്രദ്ധ. ഈജിപ്തിലെ ഫാത്തിമീ ഭരണകൂടം അക്കാലത്ത് അങ്ങേയറ്റം ദുർബലമായിരുന്നു ഫലസ്തീന് ചേർന്നുകിടക്കുന്ന രാഷ്ട്രം ആയിരുന്നതിനാൽ ഈജിപ്ത് അധീനപെടുത്താൻ ക്രൈസ്തവർ ആഗ്രഹിച്ചിരുന്നു. തത്വത്തിൽ അധികാരം അൽ അഡീദ് ആയിരുന്നെങ്കിലും, യഥാർത്ഥ ഭരണാധികാരി കൊട്ടാരത്തിലെ ഉയർന്ന ഉദ്ദേഗസ്ഥനായിരുന്ന ശവർ ഇബ്നു മുജീബ് അൽ സാദി ആയിരുന്നു.

ജെറുസലേം രാജാവിന്റെ നേത്രത്വത്തിൽ ക്രൂസാഡ് സൈന്യം ഫാത്തിമിഡ്‌ സേനയെ എളുപ്പത്തിൽ പരാജയപ്പെടുത്തി. ഈജിപ്ത് നഷ്ട്ടമായതോടെ ശവർ സങ്കിയെ കണ്ട് സഹായം ആവശ്യപ്പെട്ടു. എന്നാൽ ദമസ്കസ്സിൽ നിന്നും സൈന്യത്തെ പിൻവലിച്ചു ഈജിപ്തിൽ ഒരു സൈനിക മുന്നേറ്റതിന് അദ്ദേഹം ആദ്യം തയ്യാറായില്ല. എന്നാൽ സലാഹുദ്ധീൻ അയ്യൂബിയുടെ അമ്മാവനായ സങ്കിയുടെ പട്ടാള ജനറൽ അസാധുദ്ധീൻ ഷിർക്ക്‌ അദ്ദേഹത്തെ തീരുമാനം മാറ്റുന്നതിന്ന് നിർബന്ധിച്ചു.

തുടർന്ന് മുസ്ലിം പ്രദേശങ്ങളിൽ നിന്നും ക്രൂസാടുകളെ തുരുത്തി അസാധുദ്ധീൻ ഈജിപ്തിൽ വലിയ മുന്നേറ്റം നടത്തി. ഈ സമയത്താണ് ഫാത്തിമിഡ്‌ ഭരണത്തിൽ വിസാർ ആയ  ഷവാർ തന്റെ യഥാർത്ഥ നിറം പുറത്തെടുക്കുന്നത്. അയാൾ ജെറുസലേം രാജാവുമായി ചേർന്ന് അസാധുദ്ധീൻ ഷിർക്കിന്റെ സൈന്യത്തെ ചതിച്ചു. ഇതോടെ ഈജിപ്ത് ഒരു സാമന്ത രാജ്യമായി മാറുകയും, പാരിതോഷികം കൊതിച്ച അയാളെ ഒരു പാവ രാജാവായി മാത്രം നിയോഗിക്കപെടുകയും ചെയതു.

പിന്നീട് ഷവാറിന്റെ മകൻ ഖലീൽ വീണ്ടും സങ്കിയോട് സഹായം ആവശ്യപ്പെടുന്നു. ഇത്തവണ ഒരു തരത്തിലുള്ള ചതിയും ഉണ്ടായില്ല. പോരാടി മുന്നോട്ട് കുതിച്ച അസാധുദ്ധീൻ ഷിർക്കിന്റെ നേത്രത്വത്തിൽ ഉള്ള സൈന്യം ഈജിപ്തിന്റെ യശസ്സ് വീണ്ടും ഉയർത്തി പിടിക്കുകയും, ശിർക്കുവിനെ  ഈജിപ്തിലെ പ്രധാന വിസാർ ആയി നിയമിക്കുകയും ചെയ്തു.

പൈതൃകം

അസാമാന്യ പ്രതിഭയും നേതൃഗുണവും ഒത്തൊരുമിച്ച നൂറുദ്ദീന്‍ സങ്കി 1174 (CE) ൽ മരണപ്പെട്ടു. ഭരണ കാലത്ത് ഈജിപ്‌തും, സിറിയയും തന്റെ അധികാര പരിധിയിൽ വന്നെങ്കിലും ഒരു ഭരണത്തിന്ന് കീഴിൽ എല്ലാം ഒരുമിച്ച് കൊണ്ട് വരണം എന്ന സങ്കിയുടെ ആഗ്രഹം സുൽത്താൻ സലാഹുദീന്റെ കാലത്താണ് നടന്നത്.

നൂറുദ്ദീന്‍ സങ്കി മുസ്‌ലിം പുണ്യകേന്ദ്രങ്ങളെ ക്രൈസ്തവാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് തന്റെ ഭരണകാലം ചെലവഴിച്ചത്. ഇസ്‌ലാമിനെയും വിജ്ഞാനത്തെയും അങ്ങേയറ്റം സ്‌നേഹിച്ചു അദ്ദേഹം. ജയിച്ചടക്കിയ പ്രദേശങ്ങളിലെല്ലാം പള്ളികള്‍, മതപാഠശാലകള്‍, സത്രങ്ങള്‍ എന്നിവ നിര്‍മിച്ചു.

ലോകത്ത് ആദ്യമായി അനാഥാലയങ്ങള്‍ നിര്‍മിച്ചത് നൂറുദ്ദീന്‍ സങ്കിയാണെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ആരായിരുന്നു. വില്യം ടൈറിന്റ അഭിപ്രായത്തിൽ സങ്കി “ഒരു നീതിമാനും, യോദ്ധാവും ബുദ്ധിമാനുമായ രാജാകുമാരൻ ആയിരുന്നു. മാത്രമല്ല, തന്റെ വംശ പരമ്പരയിലെ മറ്റുള്ളവരെ പോലെ ഒരു കറകളഞ്ഞ വിശ്വസിയുമായിരുന്നു”.

മത സഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സങ്കി. ജെറുസലേം രാജാവായ ബാൽദ്‌വിൻ മൂന്നാമൻ മരിച്ചപ്പോൾ ജെറുസലേം സങ്കി പിടിച്ചെടുക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ അദ്ദേഹം അതിന്ന് തയാറായില്ല. മറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകരകാരമായിരുന്നു,

“നാം അവരുടെ അതിയായ ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് അവരെ  വെറുതെ വിടുന്നു . കാരണം ഇന്ന് ലോകത്ത് എവിടെയും ലഭിക്കാത്ത ഒരു രാജകുമാരനെയാണ് അവർക്ക് നഷ്ട്ടമായിരിക്കുന്നത്”.

എന്നാൽ അത്തരം ഒരു മാന്യത ശത്രു സൈന്യം കാണിച്ചിരുന്നില്ല. അതിന്ന് ഏറ്റവും വലിയ തെളിവാണ് സങ്കിയുടെ മരണ ശേഷം ജെറുസലേം രാജാവായിരുന്ന അമൽറിക് ഒന്നാമൻ സങ്കിയുടെ പ്രാവിശ്യക്ക് നേരെ അക്രമം അഴിച്ചു വിട്ടത്, മാത്രമല്ല, നൂറുദ്ധീൻ സങ്കിയുടെ വിധവയുടെ പക്കൽ നിന്നും വലിയ തോതിൽ പണം കൊള്ളയടിക്കുകയും ചെയ്യുകയുണ്ടായി.

ഒരു ജേതാവ് എന്നപോലെ ഭരണാധികാരി വിജ്ഞാനപ്രദവും ആയിരുന്നു നൂറുദ്ദീൻ ധാരാളം മദ്രസകളും ആസ്പത്രികളും അദ്ദേഹം സ്ഥാപിച്ചുകയുണ്ടായി. അദ്ദേഹത്തിന്റെ നീതിനിഷ്ഠയെ കുറിച്ചുള്ള കഥകൾ പ്രസിദ്ധമാണ്

അദ്ദേഹം  കോട്ടകൊത്തളങ്ങൾ സ്ഥാപിച്ചില്ല, മറിച്ച് പൊതുഖജനാവിലെ ധനം വിജ്ഞാന സ്ഥാപനങ്ങൾ ആശുപത്രികൾ,  ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ചെലവഴിച്ചത്

ഡമസ്കസിൽ അദ്ദേഹം സ്ഥാപിച്ച ആശുപത്രിക്ക്  തുല്യമായ മറ്റൊന്നു അക്കാലത്തെ ലോകത്ത് എവിടെയും ഉണ്ടായിരുന്നില്ല. രോഗികൾക്ക് മരുന്നിന് പുറമേ ഭക്ഷണവും താമസവും എല്ലാം അതിൽ സൗജന്യമായിരുന്നു.

സങ്കിയുടെ അധികാരം നിലനിന്ന പ്രദേശങ്ങളിൽ അദ്ദേഹം ക്രിസ്ത്യൻ വിശ്വാസികൾക്കും, മറ്റു അമുസ്ലിങ്ങൾക്കും തുല്യ നീതിയാണ് നൽകിയിരുന്നത്. സർ സ്റ്റീവൻ റുൻസിമാന്റെ അഭിപ്രായത്തിൽ എല്ലാത്തിനും മുകളിൽ നീതിക്ക് പ്രാമുഖ്യം നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹം

ഈ ലേഘനത്തിൽ ഒരു തരത്തിലുമുള്ള പക്ഷപാദം ഇല്ലാതിരിക്കാൻ ആധികാരികമായ ചരിത്ര രചനകളെയും, ഇസ്ലാമിക ഇതര ആഖ്യാനങ്ങളുമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാലും അതിനപ്പുറത്ത് പ്രബലമായ ഒരു സംഭവവും ഇവിടെ പങ്കുവെക്കാമെന്നു കരുതുന്നു.

മദീനയുടെ സംരക്ഷണ ചുമതല നൂറുദ്ധീൻ സൻകി രാജാവിനായിരുന്നു. വളരെ ധർമ്മനിഷ്ഠയോടെ ജീവിക്കുന്നവനായിരുന്നു അദ്ദേഹം. ഒരു ദിവസം തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് അദ്ദേഹം അൽപം ഉറങ്ങി. ആ ഉറക്കത്തിൽ പ്രവാചകനെ സ്വപ്നം കണ്ടു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: “പിൻഗല വർണമുള്ള ഈ രണ്ടു പേരിൽ നിന്ന് എന്നെ നീ രക്ഷിക്കുക ” രണ്ടാളുടെ നേർക്ക് ചൂണ്ടിക്കൊണ്ടാണത്രെ പ്രവാചകൻ അങ്ങനെ പറഞ്ഞതായി അദ്ദേഹം സ്വപ്നം കണ്ടത്.

പേടിച്ചു പോയ അദ്ദേഹം ഉണർന്ന ഉടനെ തന്നെ തന്റെ മന്ത്രി ജമാലുദ്ദീൻ മൗസിലിയുടെ അടുത്തേക്ക് പോയി ഉണ്ടായ സംഭവം വിശദീകരിച്ചു. മന്ത്രി പറഞ്ഞു: ഒട്ടും താമസിക്കാതെ നമുക്ക് മദീനയിലേക്ക് പുറപ്പെടാം. സ്വപ്നദർശനം ആരോടും പറയരുത്.

രാത്രിയിൽ തന്നെ യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്ത രാജാവും മന്ത്രിയും ഏതാനും വ്യക്തികളും ഉടനെ മദീനയിലേക്ക് യാത്ര പുറപ്പെട്ടു.

മദീനക്കാർ മുഴുവൻ രാജാവിന്റെ ആഗമനമറിഞ്ഞ് പള്ളിയിലെത്തി. അവിടെ സന്നിഹിതരായവരോട് മന്ത്രി പറഞ്ഞു.: രാജാവ് പ്രവാചകന്റെ ഖബർ സന്ദർശിക്കാൻ വന്നതാണ്. അദ്ദേഹം ധാരാളം പണം കൊണ്ട് വന്നിട്ടുണ്ട്. അത് നിങ്ങള്ക്ക് ദാനം ചെയ്യും.

ഓരോരുത്തരോടും രാജാവിന്റെ മുമ്പിൽ വന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ടു. വരുന്നവരെയൊക്കെ സുൽത്താൻ നിരീക്ഷിച്ചു. എല്ലാവരും പണം വാങ്ങി തിരിച്ചുപോയി. ഇനി ആരെങ്കിലും ഇവിടെ പണം വാങ്ങാത്തവരായി ഉണ്ടോ എന്ന് സുൽത്താൻ ആരാഞ്ഞു. ജനങ്ങൾ പറഞ്ഞു: എന്നാൽ രണ്ടു പേരുണ്ട് ഇവിടെ. അവർ ആരിൽ നിന്നും ഒന്നും സ്വീകരിക്കില്ല.

ഇതു കേട്ട രാജാവ് അവരെ അവിടെ ഉടനെ  ഹാജരാക്കാൻ   കൽപ്പിച്ചു. പ്രവാചകൻ ചൂണ്ടിക്കാണിച്ചതു പോലെ പിംഗല വർണത്തിൽ രണ്ടാളുകൾ രാജാവിന്റെ മുമ്പിൽ വന്നു നിലക്കുന്നു.

അവരെ ചോദ്യം ചെയ്യാൻ തുടങ്ങിയ രാജാവു അവരുടെ താമസസ്ഥലം ഉടനെ കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രവാചകന്റെ മുറിക്ക് സമീപം അവർ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് അവരെ കൊണ്ടുപോയ രാജാവ്  തനിയെ അവരുടെ വാസ സ്ഥലത്ത് ഒരു പരിശോധന നടത്തി. അവിടെ കിടന്ന ഒരു പായ ഉയർത്തി നോക്കി. അതാ ആഴത്തിൽ ഒരു കുഴി! ആ കുഴിയിൽ നിന്ന് പ്രവാചകന്റെ മുറിയിലേക്ക് എത്തുന്ന ഒരു തുരങ്കവും. ഇത് കണ്ട് ജനങ്ങളെല്ലാം അശ്ചര്യഭരിതരായി. ആ രണ്ടു പേരെയും പ്രഹരിച്ചു കൊണ്ട് സത്യം തുറന്ന് പറയാൻ നിർബന്ധിച്ചു.

പിന്നീട് രാജാവിന്റെ നിർദ്ദേശപ്രകാരം പ്രവാചകന്റെ മുറിക്കകത്ത് ആഴത്തിൽ കിടങ്ങ് കീറി. മൂന്നു ഖബറി നെയും ചുറ്റിയാണ്, വെള്ളം കാണുന്നത് വരെ ആഴത്തിൽ കുഴിച്ചത്. ആ കിടങ്ങിൽ ഈയം ഉരുക്കി  ഒഴിച്ച് ഭദ്രമായ ഒരു ഭിത്തി നിർമിച്ചു. തദനന്തരം രാജാവ് സ്വദേശത്തേക്ക് മടങ്ങി ഈ പ്രവർത്തനം മുഖേന പ്രവാചകന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോകാനുള്ള ശ്രമം എന്നെന്നേക്കുമായി പരാജയപ്പെട്ടു.

വളരെ ദുഃഖകരം എന്ന് പറയട്ടെ മുസ്ലിം പഠിതാക്കളിൽ പലരും ശ്രദ്ധിക്കാതെ പോകുന്നവരായി നൂറുദ്ധീൻ സങ്കിയും അദേഹത്തിന്റെ സമകാലികരും മാറി. ഓട്ടോമാൻ ഭരണാധികാരികളും, മുഗൾ ചക്രവർത്തിമാരും ടെലിവിഷനിലും, വെബ് സീരീസുകളിലും ആഘോഷിക്കപ്പെടുമ്പോൾ തന്നെയാണ് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രബോധനത്തിനും, നീതിക്കും വേണ്ടി നിലകൊണ്ട ഇത്തരം വലിയ മനുഷ്യർ ഓർക്കപ്പെടാതെ ചരിത്രത്തിന്റെ മറവിൽ നിൽക്കുന്നത്.

റഫറൻസ്

  • Asbridge, Thomas (2012). The Crusades: The War for the Holy Land. Simon & Schuster.
  • Barber, Malcolm (1994). The New Knighthood: A History of the Order of the Temple. Cambridge University Press.
  • Runciman, Steven (1952). A History of the Crusades, Volume II: The Kingdom of Jerusalem and the Frankish East. Cambridge: Cambridge University Press.
  • Tyerman, Christopher (2006). God’s War: A New History of the Crusades. Harvard University Press.
  • William of Tyre, A History of Deeds Done Beyond the Sea, trans. E.A. Babcock and A.C. Krey. Columbia University Press, 1943.

സുഫിയാൻ ബിൻ ഉസൈർ

സുഫിയാൻ ബിൻ ഉസൈർ മുസ്ലിം മെമ്മോയുടെ സ്ഥാപക-എഡിറ്റർ. :)

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...