സീറയെ നമ്മൾ പലപ്പോഴും കാണാറുള്ളത്, അത് ചിലപ്പോൾ ഒരു വസ്തുതയായി പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളിലാണ്. സീറയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാതെ മറ്റേതെങ്കിലും വസ്തുതകൾ വായിക്കുമ്പോൾ നമ്മൾ സീറ യാദൃശ്ചികമായി വായിക്കുകയാണ് പതിവ്. മുഹമ്മദ് നബി(സ)ക്ക് ആ ‘യാഥാർത്ഥ്യങ്ങളിലൂടെ’ കടന്നുപോകേണ്ടതുണ്ടായിരുന്നു. സീറയെക്കുറിച്ച് പഠിക്കുക എന്നതിനർത്ഥം കേവലം ഒരു പുസ്തകം വായിക്കുക എന്നല്ല, മറിച്ച് അതിൽ ധ്യാനം, ചിന്ത, പ്രതിഫലനം, പാഠങ്ങൾ ഉൾക്കൊള്ളുകയും ആ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുക എന്നിവയെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. അതിന് ആത്മീയ ബന്ധവും മുഹമ്മദ് നബിയുമായി (സ) ഒരു ബന്ധവും നമുക്ക് വളർത്തിയെടുക്കേണ്ടതുണ്ട്.
സീറ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിന് മുമ്പ്, ‘സീറ’ എന്ന പദത്തിന്റെ അർത്ഥമെന്താണെന്ന് നമ്മൾ ആദ്യം അറിയേണ്ടതുണ്ട്. ജീവചരിത്രം എന്നാണ് പൊതുവെ അത് അർത്ഥമാക്കുന്നത്. അതിനാൽ, മുഹമ്മദ് നബി (സ) യുടെ സീറ അല്ലെങ്കിൽ അൽ-സീറ അൽ-നബവിയ്യ എന്നാൽ മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം (ജീവിതം) എന്നാണ് അർത്ഥമാക്കുന്നത്.
സീറ പഠിക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അഞ്ച് പ്രധാന കാരണങ്ങൾ ഇതാ:
- മുഹമ്മദ് നബി (സ) പിന്തുടരേണ്ട ഏറ്റവും നല്ല മാതൃകയാണെന്ന് അല്ലാഹു ഖുർആനിൽ നമ്മോട് പറയുന്നു. അതിനാൽ, അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതിന്, ആ മഹത്തായ ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്. സൂറ അൽ-അഹ്‌സാബിൽ അല്ലാഹു പറയുന്നു:
“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്” (ഖുറാൻ 33:21).
- നാം പലപ്പോഴും മുഹമ്മദ് നബി(സ)യെ അതിമാനുഷനായി കണക്കാക്കുന്നു; എന്നാൽ അദ്ദേഹം ആദ്യം ഒരു മനുഷ്യനാണെന്നും രണ്ടാമത് ഒരു പ്രവാചകനാണെന്നും നാം മറക്കുന്നു. അദ്ദേഹവുമായും ആ മഹനീയ ജീവിതവുമായും നമുക്ക് വൈകാരികമായി ബന്ധപ്പെടാൻ കഴിയാത്തതിന്റെ കാരണം ഇതാണ്. കരഞ്ഞതിന്റെയും മുറിവേറ്റത്തിന്റെയും (ശാരീരികമായും മാനസികമായും), കുടുംബത്തെ സ്‌നേഹിച്ചതിന്റെയും , നഷ്ടങ്ങൾ സഹിച്ചതിന്റെയും മറ്റു നാം അനുഭവിക്കുന്ന സന്ദർഭങ്ങളുമെല്ലാം പ്രവാചകന്റെ ജീവിതത്തിൽ കാണാം. ഇത്തരം അദ്ദേഹത്തിന്റെ മാനുഷിക വികാരങ്ങൾ നാം അവഗണിക്കുകയും പ്രബോധനം യുദ്ധങ്ങൾ, പ്രവാചകത്വം മുതലായവ മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുന്നു. സീറ വായിക്കുന്നതിലൂടെ നമുക്ക് അത്തരം വസ്തുതകൾ കൂടി മനസ്സിലാക്കാൻ കഴിയുന്നു.
- പ്രവാചകന്റെ ജീവിതത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനും ആ പാഠങ്ങൾ സ്വന്തം ജീവിതത്തിൽ പ്രയോഗിക്കാനും കഴിയും. ഉദാഹരണത്തിന്, പുതിയ ആളുകളെ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം ആദ്യം സ്വയം പരിചയപ്പെടുത്തും; പ്രവാചകൻ സലാം പറയുകയും വളരെ മാന്യമായി അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. സീറയിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന മറ്റൊരു പാഠം ക്ഷമയാണ്. ഒരാളുടെ ജീവിതം നയിക്കാനുള്ള ഏറ്റവും നല്ല മാർഗം ദീനും ദുനിയാവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുകയാണെന്ന് അദ്ദേഹം (സ) നമുക്ക് കാണിച്ചുതന്നു. അദ്ദേഹം ഒരിക്കലും ദുനിയാവിനെ അവഗണിച്ചില്ല – അദ്ദേഹം തന്റെ കുടുംബത്തെ പരിപാലിക്കുകയും അവരെ വളരെയധികം സ്നേഹിക്കുകയും ചെയ്തു. എന്തിനേറെ, ഉപജീവനത്തിനായി മാർക്കറ്റിൽ വരെ പോകുമായിരുന്നു
- മനുഷ്യരാശിയുടെ ചരിത്രത്തിൽ ജീവിതം സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ട ഒരേയൊരു മനുഷ്യനാണ് മുഹമ്മദ് നബി (സ). അദ്ദേഹം ഭക്ഷണം കഴിക്കുകയും കുടിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്ന രീതിയും മറ്റും നമുക്ക് ബോധ്യമുണ്ട്. എന്തിനേറെ, മുഹമ്മദ് നബി (സ)യെക്കുറിച്ചുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾ പോലും നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ശാരീരിക രൂപം പൂർണ്ണമായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വ്യക്തമായും, മുഹമ്മദ് നബി (സ) യുടെ സീറ, താരതമ്യപ്പെടുത്താനാവാത്തവിധം വിശ്വസനീയമാണ്.
- ഉമ്മത്ത് ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് വലിയൊരു ഈമാൻ പ്രതിസന്ധിയിലാണ്. മുഹമ്മദ് നബി (സ) യുടെ സീറത്തിനെ കുറിച്ച് നമ്മെയും കുടുംബത്തെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കുകയും നമ്മുടെ ജീവിതത്തിൽ പഠിച്ച പാഠങ്ങൾ പ്രയോഗിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ഉമ്മത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
സീറയും സുന്നത്തും ഒന്നാണെന്ന് പലരും കരുതുന്നു, എന്നാൽ അത് ശരിയല്ല. സുന്നത്ത് സാങ്കേതികമാണ്, അതിൽ മുഹമ്മദ് നബി (സ)യുടെ ജീവിതത്തിൽ നിന്നുള്ള ഉദ്ധരണികൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള വിവരണങ്ങളും അദ്ദേഹം പറഞ്ഞതും ചെയ്തതും അംഗീകരിച്ചതുമായ കാര്യങ്ങൾ ഉൾപ്പെടുന്നു.
സീറയാകട്ടെ മുഹമ്മദ് നബി(സ)യുടെ ജീവിതമാണ്. പ്രവാചകത്വത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ജീവിതം മാത്രമല്ല, പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതവും അതിൽ ഉൾപ്പെടുന്നു. വാസ്തവത്തിൽ, ചില പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ജനനത്തിനു മുമ്പുള്ള മക്കയിലെ അവസ്ഥകളും ചർച്ചചെയ്യുന്നുണ്ട്, അത് അദ്ദേഹം ജനിച്ച കാലത്തെ സാഹചര്യങ്ങളും പിന്നീടുള്ള ജീവിതത്തിൽ അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
അതിനാൽ, നമുക്കെല്ലാവർക്കും ഒരു മുൻകൈയെടുക്കാം, അങ്ങനെ മുഹമ്മദ് നബി (സ) യുടെ ജീവിതത്തെക്കുറിച്ച് പഠിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്താം. മുഹമ്മദ് നബി (സ)യുടെ ജീവിതവുമായി ഇടപഴകുന്നതിന് സുന്നത്തിലേക്ക് നമ്മെത്തന്നെ പരിമിതപ്പെടുത്തുന്നതിലുപരി, സീറയെ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യാം. സീറത്തും സുന്നത്തും ഹദീസും ഒരുമിച്ച് പോകണം. രണ്ടെണ്ണം കൂടാതെ നമുക്ക് ഒന്ന് ഗ്രഹിക്കാൻ സാധ്യമല്ല.