മാതൃക മുസ്ലിം സ്ത്രീ: സൈനബ് ബിൻത് മുഹമ്മദ് (റ)
History

മാതൃക മുസ്ലിം സ്ത്രീ: സൈനബ് ബിൻത് മുഹമ്മദ് (റ)

അടുത്ത നാലാഴ്ചയ്ക്കുള്ളിൽ, മുഹമ്മദ് നബി (സ) യുടെ പെൺമക്കളുടെ ഹ്രസ്വ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മുസ്ലിം മെമ്മോ ഉദ്ദേശിക്കുന്നു. ഇന്ന്, നമ്മുടെ പ്രിയ പ്രവാചകന്റെ (സ) മൂത്ത മകളിൽ നിന്ന് ആരംഭിക്കാം: സൈനബ് ബിൻത് മുഹമ്മദ് (റ).

പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും ഖദീജയുടെയും (റ) മൂത്ത മകളായിരുന്നു സൈനബ് ബിൻത് മുഹമ്മദ് (റ). ഖുറൈഷികളിലെ അബ്ദ് അഷ്-ഷാംസ് വംശത്തിൽ നിന്നുള്ള അബു അൽ-അസ് ഇബ്‌നു അൽ-റബിയെ അവർ വിവാഹം കഴിച്ചു.

പിതാവ് അല്ലാഹുവിന്റെ ദൂതനായി തിരഞ്ഞെടുക്കപ്പെടുന്നത് വരെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയായിരുന്നു സൈനബിന്റെ ജീവിതം. ഇസ്‌ലാമിന്റെ സന്ദേശം അറിയിക്കാൻ പ്രവാചകനോട്‌ അള്ളാഹു കൽപ്പിക്കപ്പെട്ടത് മനസ്സിലാക്കിയ സൈനബ് (റ) ഇസ്‌ലാമിലുള്ള തന്റെ വിശ്വാസത്തെ സാക്ഷ്യപ്പെടുത്താൻ  തിടുക്കപ്പെട്ടുകയുണ്ടായി. എന്നാൽ, സൈനബിന്റെ ഭർത്താവ് തന്റെ പൂർവ്വികരുടെ മതം ഉപേക്ഷിക്കാനോ ഇസ്ലാം സ്വീകരിക്കാനോ വിസമ്മതിക്കുകയാണ് ചെയ്തത്.

സ്‌നേഹവും കരുതലും ഉള്ള ഒരു ഭാര്യ എന്ന നിലയിൽ, സൈനബ് (റ) തന്റെ ഭർത്താവിനുവേണ്ടി പ്രാർത്ഥിച്ചു. ഇതിനിടയിൽ, ഖുറൈഷിക്കാരായ ജനങ്ങൾ അബു അൽ-ആസിനോട് ഭാര്യയെ വിവാഹമോചനം ചെയ്യാൻ പ്രേരിപ്പിച്ചു, എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അങ്ങനെ സൈനബ് (റ) ഇസ്ലാം തിരഞ്ഞെടുത്തപ്പോൾ അവരുടെ ഭർത്താവ് ഇസ്ലാമിൽ നിന്ന് അകന്നു നിൽക്കുകയാണ് ചെയ്തത്.

ഖുറൈഷികൾ മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിൽ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. ഇതിൽ ആശയക്കുഴപ്പത്തിലായ സൈനബ് (റ) തന്റെ പിതാവിന്റെ അടുത്തേക്ക് പോയി, ഭർത്താവിനൊപ്പം താമസിക്കാൻ അനുവാദം തേടി. മുഹമ്മദ് നബി (സ) അവരെ ഭർത്താവിനോടും മക്കളോടുമൊപ്പം താമസിക്കാൻ അനുവദിക്കുകയും, മറ്റ് മുസ്ലീങ്ങൾക്കൊപ്പം മദീനയിലേക്ക് കുടിയേറുകയും ചെയ്തു.

ഒടുവിൽ ബദർ യുദ്ധത്തിന്റെ സമയം. അബു അൽ-അസ് ഒരു അവിശ്വാസി എന്ന നിലയിൽ മുസ്ലീങ്ങൾക്കെതിരെ ഖുറൈഷികളുടെ സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ബദർ യുദ്ധം മുസ്ലിംകളുടെ വിജയത്തിൽ കലാശിക്കുകയും അബു അൽ-അസ് തടവുകാരനായി പിടിക്കപ്പെടുകയും ചെയ്‌തു.

ഭർത്താവിനെ മോചിപ്പിക്കാൻ സൈനബ് (റ) ഒരു തുക നൽകാൻ തീരുമാനിച്ചു. എന്നാൽ പണമൊന്നുമില്ലാത്തതിനാൽ, ഭർത്താവിനെ  തടവിൽ നിന്നും മോചിപ്പിക്കാൻ അവൾക്ക് വിവാഹസമയത്ത് ഖദീജ (റ) സമ്മാനിച്ച ഗോമേദക മാല വിൽക്കുകയെല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. മാല കണ്ടപ്പോൾ മുഹമ്മദ് നബി(സ) അതിയായി ദുഖിച്ചു, കാരണം ആ മാല ഖദീജ(റ)യെ അനുസ്മരിപ്പിക്കുന്നതായിരുന്നു. എന്നാൽ , സ്വന്തം കുടുംബത്തെക്കാൾ സമൂഹത്തിന് പ്രാധാന്യം നൽകിയ പ്രവാചകൻ തന്റെ സഹചാരികളിലേക്ക് തിരിഞ്ഞു പറഞ്ഞു: “സൈനബ് ഈ മാല അബു അൽ-ആസിനെ മോചിപ്പിക്കാനുള്ള തുകയായി നൽകിയതാണ്. അവളുടെ തടവുകാരനായ ഭർത്താവിനെ മോചിപ്പിക്കാൻ അവളുടെ ഈ സ്വത്ത് അനുയോജ്യമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അങ്ങനെ ചെയ്യുക.

ഈ ഘട്ടത്തിലാണ് ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വിവാഹബന്ധത്തെ അസാധുവാക്കിക്കൊണ്ട് അല്ലാഹു ഇനിപ്പറയുന്ന സൂക്തം അവതരിപ്പിച്ചത്: [1]

“നിങ്ങളുടെ പെൺമക്കളെ ബഹുദൈവാരാധകർക്ക് അവർ വിശ്വസിക്കുന്നത് വരെ നിങ്ങൾ വിവാഹം ചെയ്തു കൊടുക്കരുത്, തീർച്ചയായും സത്യവിശ്വാസിയായ ഒരു അടിമ  വിഗ്രഹാരാധകനെക്കാൾ ഉത്തമനാണ്, അവൻ നിങ്ങളെ പ്രീതിപ്പെടുത്തിയാലും”

മക്കയിലെത്തിയ അബു അൽ-അസ് തന്റെ ഭാര്യയോട് മദീനയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കാൻ കൽപ്പിക്കുകയും, മക്കയ്ക്ക് പുറത്ത് അവളുടെ പിതാവിന്റെ ദൂതന്മാർ അവളെ കാത്തിരിക്കുന്നുണ്ടെന്ന് അവളോട് പറയുകയും ചെയ്തു. അബു അൽ-അസ് തന്റെ സഹോദരനായ അംർ ഇബ്‌നു അൽ-റബിയോട് സൈനബിനെ (റ) അനുഗമിക്കാനും പ്രവാചകൻ മുഹമ്മദ് (സ) യുടെ അകമ്പടി സേവകനായ സൈദ് ബിൻ ഹാരിത് (റ) യ്ക്ക് നേരിട്ട് കൈമാറാനും നിർദ്ദേശിച്ചു. ഇതിൽ ഖുറൈശികൾ രോഷാകുലരായി. അവർ സൈനബിനെയും (റ) അംറിനെയും പിന്തുടരുകയും അവരെ ആക്രമിക്കുകയും ചെയ്തു. സൈനബ് (റ) ഗർഭിണിയായിരുന്നു, ഖുറൈശികളുടെ ക്രൂരമായ ആക്രമണങ്ങൾ ഗർഭം അലസലിലേക്ക് നയിച്ചു.

പിന്നീട്, സൈനബ് (റ) മദീനയിലെത്തി അവളുടെ പിതാവായ മുഹമ്മദ് നബി (സ) യോടൊപ്പം താമസിക്കാൻ തുടങ്ങി. എന്നാൽ വീണ്ടും മറ്റൊരു വിവാഹം കഴിക്കാൻ അവർ വിസമ്മതിച്ചു.

വര്ഷം കടന്നുപോയി, ഒരിക്കൽ അബു അൽ-അസ് തന്റെ യാത്രാസംഘവുമായി ഡമാസ്കസിൽ നിന്ന് മക്കയിലേക്ക് മടങ്ങുകയായിരുന്നു. അവരെ തടഞ്ഞുനിർത്തിയ കൊള്ള സംഘം കച്ചവട സംഘത്തിന്റെ സ്വത്തുക്കൾ അപഹരിച്ചു. എന്നിരുന്നാലും, അബു അൽ-അസ് രക്ഷപ്പെട്ടു, സൈനബിന്റെ വീട്ടിൽ എത്തുന്നതുവരെ അദ്ദേഹം  ചുറ്റും അക്രമികൾ പിന്തുടരുന്നുണ്ടോ എന്ന് പരതി. വീട്ടിലെത്തിയ അദ്ദേഹം സൈനബിന്റെ സഹായം തേടി; സൈനബ് (റ) അദേഹത്തെ അകത്തേക്ക് വരാൻ അനുവദിച്ചു. അവർ പിന്നീട് തന്റെ പിതാവിന്റെയും മറ്റ് കൂട്ടാളികളുടെയും അടുത്തേക്ക് പോയി, താൻ തന്റെ ഭർത്താവിന് അഭയം നൽകിയതായി അറിയിക്കുകയും അബു അൽ-ആസിന്റെ യാത്രാസംഘത്തിന്റെ എല്ലാ സ്വത്തുക്കളും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കാൻ നബി (സ)യോട് അഭ്യർത്ഥിക്കുകയും ചെയ്തു. മുഹമ്മദ് നബി (സ) സമ്മതിച്ചു,തുടർന്ന് അബു അൽ-അസ് തന്റെ യാത്രാസംഘവുമായി മക്കയിലേക്ക് പുറപ്പെട്ടു, അതിൽ എല്ലാ സാധനങ്ങളും അവരുടെ യഥാർത്ഥ ഉടമകൾക്ക് കൈമാറി.

ആ നിമിഷം തന്നെ, ഖുറൈശികളുടെ മുന്നിൽ നിന്ന്, അബു അൽ-അസ് അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചു. അതിനുശേഷം അദ്ദേഹം മദീനയിലേക്ക് മടങ്ങുകയും ഇസ്ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ഭാര്യ സൈനബി(റ) ലേക്ക് മടങ്ങാൻ അദ്ദേഹം പ്രവാചകൻ മുഹമ്മദ് (സ) യുടെ അനുവാദം തേടി. ഹിജ്റ 07-ലെ മുഹറം മാസത്തിൽ (സി.ഇ. 628 മെയ്-ജൂൺ) അവർ വീണ്ടും ഒന്നിച്ചു.

സങ്കടകരമെന്നു പറയട്ടെ, അവരുടെ സന്തോഷം അധികനാൾ നീണ്ടുനിൽക്കാൻ ഉദ്ദേശിച്ചിരുന്നില്ല. തന്റെ ഭർത്താവുമായി വീണ്ടും ഒന്നിച്ചതിന് ഒരു വർഷത്തിന് ശേഷം, ഹിജ്റ 08-ന്റെ തുടക്കത്തിൽ (സി.ഇ. 629-ന്റെ മധ്യത്തിൽ), സൈനബ് (റ) രോഗബാധിതയായി മരിച്ചു.

സ്‌നേഹത്തിന്റെയും ശക്തമായ വിശ്വാസത്തിന്റെയും ക്ഷമയുടെയും യഥാർത്ഥ ഉദാഹരണമാണ് സൈനബിന്റെ (റ) ജീവിതം. അവർ തന്റെ ഭർത്താവിനെ വളരെയധികം സ്നേഹിച്ചു, ഭർത്താവിനൊപ്പം ജീവിക്കാൻ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കാൻ അവർ തയ്യാറായിരുന്നു. എന്നാലും അല്ലാഹു കൽപ്പിച്ചപ്പോൾ, അബു അൽ-ആസിൽ നിന്ന് അകന്നു നിൽക്കാൻ അവർ മടിച്ചില്ല. അവരുടെ ത്യാഗവും സമർപ്പണവും ക്ഷമയും മനുഷ്യരാശിക്ക് എന്നും പ്രചോദനമായി നിലനിൽക്കും.

റഫറൻസ്

The Quran 02:221 (Surah al-Baqarah

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...