ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്
Islam

ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്

ലോക മുസ്ലീങ്ങളെ സംബന്ധിച്ചെടുത്തോളം വർഷത്തിലെ ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമദാൻ. പരിശുദ്ധ ഖുറാൻ അവതരിച്ച മാസം മാത്രമല്ല ഇത്, റമദാനിൽ മുസ്‌ലിംകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ മാസത്തിന്റെ പ്രാധാന്യം സൂറ അൽ-ബഖറയിൽ അല്ലാഹു തന്നെ പറയുന്നു [1]:

“ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍”.

അബു ഹുറൈറ (റ) ഉദ്ധരിക്കുന്നത് പോലെ, റമദാനിനെ കുറിച്ച് മുഹമ്മദ് നബി (സ) പറഞ്ഞു.

“റമളാന്‍ ആദ്യ രാത്രിയായിക്കഴിഞ്ഞാല്‍ ജിന്നുകളിലെ അതിക്രമകാരികളെയും പിശാചുക്കളെയും അല്ലാഹു ബന്ധിക്കുന്നതും നരക കവാടങ്ങള്‍ അടക്കുന്നതും സ്വര്ഗീനയ കവാടങ്ങള്‍ ഈ മാസത്തിലുടനീളം തുറന്നിടുന്നതുമായിരിക്കും”.

ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്

റമദാനിലെ ഏറ്റവും സവിശേഷമായ വശങ്ങളിലൊന്നാണ് ലൈലത്തുൽ ഖദ്ർ അഥവാ ലൈലത്തുൽ ഖദ്റാണ്.

ലൈൽ എന്നാൽ രാത്രി, ഖദ്ർ എന്നാൽ മഹത്വം അല്ലെങ്കിൽ വിധി എന്നൊക്കെയാണ് അർത്ഥം. അതിനാൽ ലൈലത്തുൽ ഖദ്ർ എന്നാൽ വിധി നിർണ്ണയത്തിന്റെ രാവ് അല്ലെങ്കിൽ മഹത്വത്തിന്റെ രാത്രി എന്നൊക്കയാണ് അർത്ഥമാക്കുന്നത്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു [3]:

“തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ”.

അതിനാൽ ഖുർആനിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ലൈലത്തുൽ ഖദറിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടതെന്നും വർഷത്തിലെ ഏറ്റവും നല്ല രാത്രിയാണിതെന്നും, ഈ രാത്രിയിൽ ചെയ്യുന്ന ഏതൊരു സൽകർമ്മവും മറ്റ് രാത്രികളിൽ ചെയ്യുന്നതിനേക്കാൾ ആയിരം മടങ്ങ് പ്രതിഫലം അർഹിക്കുന്നതാണെന്നുമുള്ള വസ്തുതയാണ്.

കൂടാതെ ഖുർആനിൽ, അല്ലാഹു  പറയുന്നു [4]:

“തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു.ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം ( ദൂതന്‍മാരെ ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു”.

യഥാർത്ഥത്തിൽ ലൈലത്തുൽ ഖദ്ർ എപ്പോഴാണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ പല ഹദീസുകളിലും, റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഒറ്റ സംഖ്യകളുള്ള രാത്രികളിൽ ലൈലത്തുൽ ഖദ്ർ തേടണമെന്ന് മുഹമ്മദ് നബി (സ) ഉപദേശിക്കുന്നതായി കാണാം. അതിനാൽ, റമദാനിലെ 21, 23, 25, 27 അല്ലെങ്കിൽ 29 ലെ രാത്രികളിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാം.

ആയിഷ (റ) വിവരിക്കുന്നു[5]:

നബി(സ) പറഞ്ഞു: “റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങള്‍ ലൈലത്തൂല്‍ ഖദ്റിനെ തേടുവീന്‍”.

ഇബ്നു ഉമർ (റ) വിവരിക്കുന്നു[6]:

നബി(സ) പറഞ്ഞു: “(റമദാനിലെ) അവസാന ഏഴു ദിവസങ്ങളിൽ ലൈലത്തുൽ ഖദറിനെ അന്വേഷിക്കുവീന്‍”.

അബു ഹുറൈറ(റ) വിവരിക്കുന്നു[7]:

ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം.

മാത്രമല്ല, അബു ഹുറൈറ (റ) ഉദ്ധരിക്കുന്നതായി കാണാം:

“ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും”

ഈ രാത്രിക്ക് പ്രത്യേക ആരാധനക്രമം നിശ്ചയിച്ചിട്ടില്ല. പ്രാർത്ഥനകൾ, തസ്ബീഹ്കൾ, ഖുറാൻ പാരായണം അല്ലെങ്കിൽ ദാനധർമ്മങ്ങൾ പോലുള്ള ഏതെങ്കിലും സൽകർമ്മങ്ങൾ ചെയ്യുന്നതിലൂടെ ഈ  രാത്രികളെ സമ്പന്നമാക്കാം. ഈ ശ്രമത്തിൽ നമ്മെ സഹായിക്കുന്നത്തിനായി , ലൈലത്തുൽ ഖദ്‌റിൽ ചൊല്ലേണ്ട പ്രാർത്ഥന ആയിഷ (റ) യെ അറിയിച്ചു [9]:

laylat-al-qadr-dua

അല്ലാഹുവേ! നിശ്ചയം നീ മാപ്പ് നൽകുന്നവനാണ്, മാപ്പ് നൽകുന്നത് നീ  ഇഷ്ടപ്പെടുന്നു. നീ എനിക്ക് മാപ്പ് നൽകണമേ.

ഈ അനുഗ്രഹീത മാസത്തിൽ, പ്രത്യേകിച്ച് ലൈലത്തുൽ ഖദ്റിൽ ആത്മാർത്ഥമായ ആരാധനകളിൽ ഏർപ്പെടാൻ അല്ലാഹു നമ്മെ ഓരോരുത്തരെയും പ്രാപ്തരാക്കട്ടെ, അങ്ങനെ നാമെല്ലാവരും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് പ്രയോജനം നേടട്ടെ, ഇൻഷാ അല്ലാഹ്! ആമീൻ!

റഫറൻസ്

  1. The Quran 02:185 (Surah al-Baqarah)
  2. Sahih Bukhari Vol 03, Book 31, Hadith 123
  3. The Quran 97:01-05 (Surah al-Qadr)
  4. The Quran 44:03-06 (Surah Ad-Dukhan)
  5. Sahih Bukhari Vol 3, Book 32, Hadith 237
  6. Sahih Bukhari Vol 9, Book 87, Hadith 120
  7. Sahih Bukhari Vol 3, Book 31, Hadith 125
  8. Sahih Bukhari Vol 1, Book 02, Hadith 34
  9. Tirmidhi; Ibn Maja; Kitab al-Dua

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ . ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ , തന്റെ ഒഴിവ് സമയം ഹദിസ് , സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...