ഹിജ്റ അഞ്ചാം വർഷം അരങ്ങേറിയ യുദ്ധമാണ് സഖ്യ ഗോത്രങ്ങളുടെ അധിനിവേശം എന്ന പേരിൽ അറിയപ്പെടുന്ന ഖന്ദഖ് യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ നിർണ്ണായക സ്ഥാനം ഉണ്ട് പുതിയ യുദ്ധ മുറകൾ പരീക്ഷിക്കപ്പെട്ട ഖന്ദഖ് യുദ്ധത്തിന്.
യുദ്ധ സാഹചര്യം
മുസ്ലിംകളെ നാമാവശേഷമാക്കാവുന്ന ഒരു പുതിയ ഗൂഢാലോചനയില്‍ ബനൂ നദീർ ഗോത്രം മുഴുകി. മുസ്ലിംകളോടു അഭിമുഖീകരണത്തിനു ധൈര്യമില്ലാതിരുന്ന ഇവര്‍ മറ്റൊരു വഴി തേടുകയാണുണ്ടായത്. ബനൂ നളീര്‍ ഗോത്രത്തിന്റെയും ജൂതരുടെയും ഇരുപതു നേതാക്കള്‍ ഖുറൈശികളെ ലക്ഷ്യമിട്ട് മക്കയിലേക്ക് നീങ്ങി. മുസ്ലിംകള്‍ക്കെതിരില്‍ യുദ്ധ പ്രേരണയും സഹായവാഗ്ദാനവുമായി കടന്നു ചെന്ന ഇവരെ ക്വുറൈശികള്‍ സ്വീകരിച്ചു. ക്വുറൈശികളാകട്ടെ ബദ്റില്‍ കണ്ടുമുട്ടാമെന്ന വാഗ്ദാനം ലംഘിച്ച് നില്ക്കുന്ന സന്ദര്‍ഭമായതുകൊണ്ട് തങ്ങളുടെ യശസ്സും പ്രതാപവും തിരിച്ചു പിടിക്കാനുള്ള ഒരു സന്ദര്‍ഭമായി ഇതിനെ കണ്ടു.
പിന്നീട് ഈ സംഘം ഗത്വ്ഫാനിലേക്കുപോയി. അവരേയും ഇതുമായി സഹകരിപ്പിച്ചു. തുടര്‍ന്ന് ഇതര അറബ് ഗോത്രങ്ങളെയെല്ലാം സമീപിച്ച് ദൌത്യം പൂര്‍ത്തീകരിച്ചു. അങ്ങനെ എല്ലാ മുസ്ലിം വിരുദ്ധകക്ഷികളെയും ഇസ്ലാമിന്നെതിരില്‍ അണിനിരത്തുന്നതില്‍ ഇവര്‍ വിജയിച്ചു.
ഇതിന്റെയടിസ്ഥാനത്തില്‍ ദക്ഷിണഭാഗത്ത്നിന്ന് ക്വുറൈശികളും അവരുടെ സഖ്യകക്ഷികളുമടക്കം നാലായിരം യോദ്ധാക്കള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. മര്‍റുളഹ്റാനില്‍നിന്ന് ബനൂസലീം ഇവരോടൊപ്പം ചേര്‍ന്നു. പൌരസ്ത്യഭാഗത്ത്നിന്ന് ഗത്വ്ഫാന്‍ ഗോത്രങ്ങളായ ബനൂഫുസാറ, ബനൂമുര്‍റ, ബനൂ അശ്ജഅ് എന്നിവയും ബനൂ അസദും മദീനയെ ലക്ഷ്യമാക്കി നീങ്ങി
മുസ്ലീങ്ങൾ യുദ്ധത്തിന്നു തയ്യാറെടുക്കുന്നു
പ്രവാചകന്‍ പ്രശ്നത്തിന്റെ ഗൌരവാവസ്ഥ മനസ്സിലാക്കി അടിയന്തിരയോഗം വിളിച്ചുചേര്‍ത്തു. കൂടിയാലോചനയില്‍ പ്രതിരോധം എവ്വിധമായിരിക്കണമെന്നു ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തു. അവസാനം ബുദ്ധിമാനായ സ്വഹാബി പേര്‍ഷ്യക്കാരന്‍ സല്‍മാന്‍ നിര്‍ദേശിച്ച അഭിപ്രായം നടപ്പാക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. സല്‍മാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ പേര്‍ഷ്യയില്‍ ചുറ്റുഭാഗത്തും കിടങ്ങുകുഴിച്ചുകൊണ്ടാണ് പ്രതിരോധിക്കാറുള്ളത്. ഇത് അറബികള്‍ക്ക് അപരിചിതമായിരുന്ന ഒരു പദ്ധതിയായിരുന്നു.
ഈ പദ്ധതി അതിവേഗം നടപ്പാക്കിത്തുടങ്ങി. ഓരോപത്തുപേര്‍ക്കും നാല്പത് മുഴം വീതം കുഴിക്കാനുള്ള ഉത്തരവാദിത്തമേല്പിച്ചു. ഉമ്മു മക്തൂമിനെ മദീനയിൽ നിർത്തി മുഹജിരുകളുടെ പതാക സയീദ് ഇബ്നു ഹാരിസിനെയും അൻസാരീങ്ങളുടെ ദീപ ശിഖ സയീദ് ഇബ്നു ഉബാദയെയും പ്രവാചകൻ ഏൽപ്പിച്ചു. ആവേശത്തോടും ഉന്മേഷത്തോടും കിടങ്ങു കീറുന്നതില്‍ മുഴുകിയ മുസ്ലിംകളെ പ്രവാചകന്‍ അതില്‍ പങ്കുചേര്‍ന്നുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉത്സാഹഭരിതരാക്കി. മുവ്വായിരം മുസ്ലിംകളോടൊപ്പം പ്രവാചകന്‍ പുറപ്പെട്ടു. സില്‍അ് പര്‍വ്വതം പിന്നിലും ഖന്‍ദഖ് അവര്‍ക്കും ശത്രുക്കള്‍ക്കും ഇടയിലായും വരുന്ന രൂപത്തില്‍ അവര്‍ നിലയുറപ്പിച്ചു. മദീനയുടെ ഉത്തരവാദിത്തം ഇബ്നു ഉമ്മു മക്തൂമിനെ ഏല്പിച്ചു. സ്ത്രീകളോടും കുട്ടികളോടും കോട്ടയ്ക്കു മുകളില്‍ ഇരിക്കാനും നിര്‍ദേശിച്ചു.
കിടങ്ങ് നിർമ്മണം തുടങ്ങുന്നു
മദീന, വടക്കുഭാഗമൊഴിച്ച് മറ്റെല്ലാം ചരല്‍ പ്രദേശങ്ങളാലും കുന്നുകളാലും ഈത്തപ്പനത്തോട്ടങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നതുകൊണ്ട് ഇതു പോലൊരു വന്‍ സൈന്യം ആവഴിക്കല്ലാതെ കടന്നുവരികയില്ലെന്ന് യുദ്ധതന്ത്രങ്ങളില്‍ നിപുണനായിരുന്ന പ്രവാചകന്‍ ഊഹിച്ചിരുന്നു. അതിനാല്‍ പ്രസ്തുത ഭാഗത്തായിരുന്നു കിടങ്ങ് കീറിയിരുന്നത്. കാലാൽ പടയുമായി മുന്നേറുന്ന യുദ്ധത്തിൽ തന്റെ ധീരരായ സേന ഏതു മുന്നേറ്റങ്ങളും പ്രതിരോധിക്കുമെന്ന് പ്രവാചകന് അറിയാമായിരുന്നു. അത് കൊണ്ട് ശ്രദ്ധിക്കേണ്ടത് കുതിരപ്പടയുടെ മുന്നേറ്റത്തെ ചെറുക്കുക എന്നതാണ്. അത് കിടങ്ങു നിർമാണത്തിലൂടെ നേടിയെടുക്കാൻ കഴിയും എന്ന് മനസ്സിലാക്കിയ മുസ്ലിം സൈന്യം ആ ചുമതല ഏറ്റടുത്തു. പകലന്തിയോളം കിടങ്ങു കീറിയും വൈകിട്ട് വീടുകളിലേക്ക് മടങ്ങിയും ഉദ്ദേശിച്ച പദ്ധതിയനുസരിച്ച് ശത്രു സൈന്യം എത്തുംമുമ്പെ മുസ്ലിംകള്‍ നാല് കിലോമീറ്റർ ചുറ്റളവിൽ പണിപൂര്‍ത്തിയാക്കി.
നാലായിരം ഭടന്മാരോടൊപ്പം മക്കയില്‍ നിന്നെത്തിയ ക്വുറൈശികള്‍ അസ്യാലിലും ആറായിരം പേരോടൊപ്പം നജ്ദില്‍നിന്ന് പുറപ്പെട്ട സൈന്യം ഖര്‍ദഖിന്റെ ഭാഗത്തും താവളമടിച്ചു. കാരണം പ്രവാചകന്റെ നേത്രത്വത്തിൽ മുസ്ലിം സൈന്യം ശക്തമായ പ്രധിരോധം തീർത്തത് മനസ്സിലാക്കിയ ശത്രു പക്ഷം നഗരത്തെ ആക്രമിക്കാൻ തയ്യാറായിരുന്നില്ല. അതോടെ മുസ്ലിംകളെ ഉപരോധിക്കാന്‍ അവര്‍ തീരുമാനിച്ചു. ശത്രുക്കള്‍ കിടങ്ങിനു ചുറ്റും ഓടിനടന്നു ഒരു പഴുതെങ്ങാനും കണ്ടെത്തിയാല്‍ മുറിച്ചുകടക്കാമെന്ന ധാരണയില്‍. മുസ്ലിം ഭടന്മാര്‍ തികഞ്ഞ ജാഗ്രതയോടെ അവരെ വീക്ഷിച്ചുകൊണ്ടിരുന്നു. അവര്‍ കിടങ്ങിനു സമീപമെത്തുകയോ മുറിച്ചുകടക്കുയോ മണ്ണ് നിരത്തി വഴിയുണ്ടാക്കുകയോ ചെയ്യാതിരിക്കാന്‍ തുടരെത്തുടരെ അവര്‍ക്ക് നേരെ മുസ്ലിംകള്‍ അമ്പുവര്‍ഷം തന്നെ നടത്തി. ഒരു തരത്തിലും മുന്നേറാനുള്ള പഴുത് കണ്ടത്താനാകാതെ കലിപൂണ്ട ശത്രു സൈന്യം മുറുമുറുത്തു. ഇതിനിടയില്‍, ശത്രുഭടന്മാരില്‍ നിന്ന് ചിലർ ധീര സാഹസം കാണിച്ചു കിടങ്ങു മുറിച്ചു കടക്കാനുള്ള ശ്രമം നടത്തി. ബഹുദൈവാരാധകര്‍ തുടര്‍ന്നും പല ദിവസങ്ങളില്‍ കിടങ്ങ് മുറിച്ചുകടക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും മുസ്ലിംകള്‍ അമ്പുകള്‍കൊണ്ട് അവരെ നേരിട്ട് ആ ശ്രമം തീര്‍ത്തും പരാജയപ്പെടുത്തി. ശത്രുക്കളുടെ ആക്രമണവും കിടങ്ങ് ചാടികടക്കാനുള്ള ശ്രമവും മുസ്ലിംകളുടെ പ്രതിരോധവും ദിവസങ്ങളോളം നീണ്ടുനിന്നെങ്കിലും കിടങ്ങ് ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ ഒരു തടസ്സമായി നിന്നതിനാല്‍ നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടായില്ല. പകരം, അസ്ത്രപ്രയോഗങ്ങള്‍ മാത്രമാണ് നടന്നത്. അതിനാല്‍തന്നെ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണ് ഇരുഭാഗത്തും വധിക്കപ്പെട്ടത്. മുസ്ലിംകളില്‍നിന്ന് ആറും ബഹുദൈവാരാധകരില്‍നിന്ന് പത്തും പേര്‍. ഇതില്‍ ഒന്നോ രണ്ടോപേര്‍ മാത്രമാണ് വാളിനിരയായവര്‍. മുസ്ലിം സൈന്യത്തെ കണ്ടു പകച്ചു പോയ ഖുറൈഷികൾ യഥാർത്ഥത്തിൽ തങ്ങളുടെ കച്ചവട താല്പര്യം മുൻനിർത്തിയാണ് അക്രമണത്തിന്ന് ശ്രമിച്ചത്.
സന്ധി സംഭാഷണം
പക്ഷേ ഖുറൈശികള്‍ മടങ്ങിപ്പോകുന്നതിന് മുമ്പ് ഖൈബറിലെ ബനുന്നളീര്‍ ഗോത്രം മറ്റൊരു യുദ്ധതന്ത്രവുമായി രംഗത്തെത്തി. ആ വലിയ സൈന്യം ഒരു മാസം മദീനക്ക് ചുറ്റും നിലയുറപ്പിച്ചിട്ടും കാര്യമായൊന്നും നേടാനാകാതെ വന്ന നിരാശയില്‍, ഖൈബര്‍ ജൂതന്മാരുടെ നേതാവ് രഹസ്യമായി മദീനയില്‍ ഒരു സന്ദര്‍ശനം നടത്തിയിരുന്നു. മുസ്‌ലിംകളുമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന ബനൂഖുറൈള എന്ന ജൂതഗോത്രം അപ്പോള്‍ മദീനയില്‍ താമസിക്കുന്നുണ്ട്. ബനുന്നളീര്‍ ഗോത്ര നേതാവ് വന്നത് ബനൂഖുറൈള ഗോത്ര നേതാവിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനാണ്. അതായത് ബനൂഖുറൈളക്കാര്‍ മുസ്‌ലിംകളെ പൊടുന്നനെ പിന്നില്‍നിന്ന് ആക്രമിക്കണം. ഖുറൈശികള്‍ മുന്‍ഭാഗത്ത് നിന്നും ആക്രമിക്കും. രണ്ട് ആക്രമണത്തിനുമിടയില്‍പെട്ട് മുസ്‌ലിം സൈന്യം തകര്‍ക്കപ്പെടും.
ഈ ഗൂഢാലോചന പ്രവാചകന്‍ ഒട്ടും താമസിയാതെ മണത്തറിഞ്ഞു. രാഷ്ട്രീയവും സൈനികവുമായ ഉള്‍ക്കാഴ്ചയോടെ ശത്രുവിന്റെ ഗൂഢാലോചന പൊളിക്കാനുള്ള തന്ത്രവും പ്രവാചകന്‍ ആവിഷ്‌കരിച്ചു. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരു പ്രമുഖനുണ്ടായിരുന്നു അവിടെ. നുഐമാൻ ഇബ്നു മസൂദ്. പക്ഷേ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത് ശത്രുക്കളാരും അറിഞ്ഞിട്ടില്ല. ശത്രുവിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം ഇപ്പോഴും പ്രിയങ്കരന്‍. ആ മനുഷ്യനെ പ്രവാചകന്‍ ഒരു രാഷ്ട്രീയ ദൗത്യമേല്‍പ്പിച്ചു. അദ്ദേഹം നേരെ ബനൂഖുറൈളക്കാരുടെ അടുത്ത് ചെന്ന് പറഞ്ഞു: ”ശ്രദ്ധിക്കണം. യുദ്ധം കഴിഞ്ഞാല്‍ ഖുറൈശികളങ്ങ് പോകും. പിന്നെ നിങ്ങള്‍ മദീനയില്‍ ഒറ്റക്കാകും. കരാര്‍ ലംഘിച്ചതിന് മുസ്‌ലിംകള്‍ നിങ്ങളെ പിടികൂടാന്‍ വരുമ്പോള്‍ സഹായിക്കാനാരുമുണ്ടാവുകയില്ല. അതിനാല്‍ കുറച്ച് ഖുറൈശി പ്രമുഖരെ ബന്ദികളാക്കി വെക്കാന്‍ നിങ്ങള്‍ അനുവാദം ചോദിക്കണം. യുദ്ധം കഴിഞ്ഞാലും ഖുറൈശികള്‍ നിങ്ങളെ സഹായിക്കാന്‍ വരുമെന്ന് ഉറപ്പിക്കാന്‍ അത് വഴി നിങ്ങള്‍ക്ക് കഴിയും.” പിന്നെ അദ്ദേഹം നേരെ ഖുറൈശി പ്രമുഖരുടെ അടുത്ത് ചെന്നു. അവരുടെ സ്വന്തക്കാരനാണല്ലോ അദ്ദേഹം. അവരോട് ഇങ്ങനെയാണ് പറഞ്ഞത്: ”എനിക്കൊരു രഹസ്യവിവരം കിട്ടിയിട്ടുണ്ട്. അതായത് മുഹമ്മദും ബനൂഖുറൈളയും തമ്മില്‍ ഒരു ധാരണയില്‍ എത്തിക്കഴിഞ്ഞു. നിങ്ങളില്‍ കുറച്ചാളുകളെ ബന്ദികളാക്കി പിടിച്ച് മുഹമ്മദിനെ ഏല്‍പ്പിക്കാമെന്ന് ഖുറൈളക്കാര്‍ ഏറ്റിട്ടുണ്ട്.” ഈ സംഭാഷണം കേട്ട ഒരാള്‍ ഓടിവന്ന് പ്രവാചകനെ വിവരം ധരിപ്പിച്ചപ്പോള്‍ ദ്വയാര്‍ഥം സ്ഫുരിക്കുന്ന ഒരു മറുപടിയാണ് അവിടുന്ന് പറഞ്ഞത്: ”നാം തന്നെയല്ലേ അത് ചെയ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാവുക.” ഈ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു ശത്രു ചാരന്‍ അബൂസുഫ്‌യാനെയും വിവരങ്ങള്‍ ധരിപ്പിച്ചു.
അങ്ങനെ ഖുറൈശി പ്രതിനിധി സംഘം ബനൂഖുറൈളക്കാരെ കണ്ടപ്പോള്‍, ബനൂഖുറൈളക്കാര്‍ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചു. ഒന്ന്, ഖുറൈശികള്‍ അവരില്‍ ചിലരെ ബന്ദികളായി നല്‍കണം. രണ്ട്, ശനിയാഴ്ച യുദ്ധം പാടില്ല. അത് സാബത്ത് ദിനമാണ്. ഖുറൈശി-ബനൂഖുറൈള ബാന്ധവം അതോടെ തകര്‍ന്നു. ശവ്വാല്‍ മാസത്തിലെ ഒടുവിലത്തെ ദിനം ശത്രുക്കള്‍ ആസൂത്രണം ചെയ്തിരുന്ന തെക്ക്‌നിന്നും വടക്ക് നിന്നുമുള്ള സംയുക്താക്രമണം വിദഗ്ധമായ രാഷ്ട്രീയ നീക്കത്തിലൂടെ അങ്ങനെ നിര്‍വീര്യമാക്കുകയായിരുന്നു.
യുദ്ധ ഫലം
ആവിശ്വാസികളുടെ പതനം പൂർണ്ണമായിരുന്നു. കാരണം
ആഴ്ചകളോളം മദീനക്ക് പുറത്ത് ശത്രു സൈനികര്‍ തമ്പടിച്ച് നിന്നു. അവരുടെ ഭക്ഷണവും മറ്റും തീര്‍ന്നു തുടങ്ങിയിരുന്നു. അവര്‍ ഖൈബറില്‍നിന്ന് സഹായം ആവശ്യപ്പെട്ടു. പക്ഷേ ഖൈബറില്‍ നിന്ന് സഹായമെത്തുന്നത് മുസ്‌ലിംകള്‍ സമര്‍ഥമായി തടഞ്ഞിരുന്നു. ഒടുവില്‍ നിരാശരായി മദീന ഉപരോധത്തില്‍നിന്ന് പിന്തിരിയാന്‍ തന്നെ ഖുറൈശികള്‍ തീരുമാനിച്ചു. മോശം കാലാവസ്ഥ ഇതിന് വലിയ കാരണമായി. കൊടും ശൈത്യമുണ്ടായിരുന്നു എന്നതും ശീതക്കാറ്റില്‍ ശത്രു സൈന്യത്തിന്റെ തമ്പുകള്‍ നിലംപതിച്ചിരുന്നു എന്നതും ശരിയാണ്. പിന്തിരിയുകയല്ലാതെ അവര്‍ക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ മാലഖമാരാണ് ഇത്തരം ഒരു വലിയ പ്രകൃതി മാറ്റത്തിന് സഹായിച്ചതെന്ന് പ്രവാചകൻ തന്റെ അനുയായികളോട് പറഞ്ഞു. ഇത് യുദ്ധത്തിൽ മുസ്ലിം പക്ഷത്തിന്റെ ആത്മ വീര്യം ശക്തമായി ഉയർത്താൻ സഹായിച്ചു. ഈ യുദ്ധ സമയത്ത് രണ്ട് തരത്തിലാണ് അല്ലാഹു മുസ്ലിം സൈന്യത്തെ സഹായിച്ചത്. ഒന്ന് നുഐമാൻ ഇബ്നു മസൂദ് പ്രവാചകന്റെ അടുക്കൽ ചെന്ന് നൽകിയ സഹായം വഴിയായിരുന്നു. കാരണം ശത്രു പക്ഷത്തിന്ന് അറിയില്ലായിരുന്നു അദ്ദേഹം ഇസ്മിലേക്ക് കടന്നു വന്ന കാര്യം, അത് ശത്രു പക്ഷത്തെ രണ്ടായി പിളർത്താൻ സഹാഹിച്ചു. രണ്ടാമതായി കൊടും തണുപ്പ് ആവിശ്വാസികളെ പൂർണ്ണമായും തകർത്തു.
ഖന്‍ദഖ്, ശക്തിയായ ഏറ്റുമുട്ടലുകളൊന്നുമില്ലാതെ മുസ്ലിംകള്‍ വിജയം കൊയ്ത യുദ്ധമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധം. ഇത്, ഖുറൈശികളുടെ ഏത് വന്‍ ശക്തിക്കും മദീനയില്‍ വേരുപിടിച്ചുവരുന്ന നവ ഇസ്ലാമിക ശക്തിയെ പിഴുതെറിയാന്‍ ഒരു വിധേനയും സാധ്യമാവുകയില്ലായെന്ന് തെളിയിക്കുന്നതായിരുന്നു.
റഫറൻസ്
- The Battle of Trench – The Prophet of Mercy Website
- Battle of the Trench – Historica
- The Third Battle in History of Islam – Battle of Trench – IslamicFinder