ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)
History

ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)

മുഹമ്മദ് നബിയുടെ (സ) പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ പരമ്പരകൾ തുടരുന്നു, ഇന്ന് നമ്മൾ സംസാരിക്കുന്നത്  കുൽസു ബിൻത് മുഹമ്മദ് (റ) യുടെ ജീവിതത്തെക്കുറിച്ചാണ്.

മുഹമ്മദ് നബി (സ)യുടെയും ഖദീജ ബിൻത് ഖുവൈലിദിന്റെയും (റ) മൂന്നാമത്തെ മകളായിരുന്ന ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)  ജനിച്ചത് CE 603-ൽ ആണ്. റുഖയ്യയെക്കാൾ ഒരു വയസ്സിന് ഇളയവളായിരുന്നു അവർ .

അബൂലഹബിന്റെ പുത്രന്മാരിൽ ഒരാളായ ഉതൈബയെയാണ് ഉമ്മു കുൽസു(റ) ആദ്യം വിവാഹം കഴിച്ചത്. ഇസ്ലാമിനോടുള്ള ശത്രുത കാരണം, അബു ലഹബ് മകൻ ഉതൈബയോട്  ഉമ്മു കുൽസു(റ) യെ വിവാഹ മോചനം ചെയ്യാൻ നിർബന്ധിച്ചു.

വിവാഹമോചനത്തിന് ശേഷം, ഉമ്മു കുൽസു (റ) പിതാവായ മുഹമ്മദ് നബി (സ) യോടൊപ്പം താമസിക്കാൻ തുടങ്ങി. വർഷങ്ങളോളം, മാതാവ് ഖദീജ(റ)യോടൊപ്പം ജീവിതഭാരം ചുമലിലേറ്റി അവർ വീട്ടിൽത്തന്നെ കഴിഞ്ഞു കൂടി.

ഇതിനിടയിൽ, ഖുറൈശികൾ സാമ്പത്തികവും സാമൂഹികവുമായി മുസ്ലീങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. മുസ്‌ലിംകൾ വളരെയധികം കഷ്ടതകൾ അനുഭവിച്ച കാലമായിരുന്നു അത്. സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണം കാരണം ചിലർ വിശന്നു മരങ്ങളുടെ ഇലകൾ കഴിക്കാൻ പോലും നിർബന്ധിതരായി.

ബഹിഷ്‌കരണം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഖദീജ (റ) വഫാത്തായത്. പ്രിയപ്പെട്ട ഉമ്മയുടെ മരണം കുൽസുവിന്റെ ഹൃദയത്തെ ദുഖവും സങ്കടവും കൊണ്ട് നിറച്ചു, പക്ഷേ ഉമ്മു കുൽസു(റ) പക്വതയോടെ സ്വയം പെരുമാറി, കാരണം ഉമ്മ യുടെ അഭാവത്തിൽ, അനുജത്തിയായ ഫാത്തിമ (റ) യെയും മുഴുവൻ വീട്ടു കാര്യങ്ങളും പരിപാലിക്കേണ്ട ചുമതല അവർക്കായിരുന്നു.

CE 622-ൽ മുഹമ്മദ് നബി (സ) മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. അതിനുശേഷം  തന്റെ പെൺമക്കളായ ഉമ്മു കുൽസു (റ), ഫാത്തിമ (റ) എന്നിവരെ മദീനയിലേക്ക് കൊണ്ടുവരാൻ സൈദ് ഇബ്നു ഹാരിസ് (റ) യെ പ്രവാചകൻ ചുമതലപ്പെടുത്തി.

മദീനയിലെ മുസ്‌ലിംകളുടെ ജീവിതം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു. ബദർ യുദ്ധത്തിൽ മുസ്‌ലിംകളുടെ വിജയത്തിന് ഉമ്മു കുൽസു (റ) സാക്ഷിയായത് മദീനയിൽ നിന്നാണ്. നിർഭാഗ്യവശാൽ, യുദ്ധസമയത്ത് തന്നെ അവരുടെ മൂത്ത സഹോദരി റുഖയ്യ (റ)യുടെ വിയോഗത്തെക്കുറിച്ചുള്ള സങ്കടകരമായ വാർത്ത അവർക്ക് ലഭിച്ചു.

റുഖയ്യയുടെ (റ) മരണശേഷം, അവർ  ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ). യെ CE 624 ൽ വിവാഹം ചെയ്‌തു. മുഹമ്മദ് നബി (സ) യുടെ രണ്ട് പെൺമക്കളെ വിവാഹം കഴിച്ചതിനാലാണ്  ഉസ്മാൻ (റ) ദു അൽ-നുറൈൻ (“രണ്ട് വെളിച്ചങ്ങളുടെ ഉടമ”) എന്ന പദവി നേടിയത്.

ഉമ്മു കുൽസു (റ) തന്റെ ഭർത്താവ് ഉസ്മാൻ (റ) യുടെ കൂടെ ആറ് വർഷം താമസിച്ചു, എന്നാൽ ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ ഉദയകാലത്തെ നിരവധി ഘട്ടങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു – സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണം, മക്കയിൽ നേരിട്ട ബുദ്ധിമുട്ടുകൾ, മദീനയിലേക്കുള്ള കുടിയേറ്റം, കൂടാതെ ഹിജ്റ 08-ൽ (സി.ഇ. 629) മക്കയുടെ മഹത്തായ കീഴടക്കലും അതിൽ ചിലത് മാത്രമാണ്.

ഹിജ്റ 09-ൽ ശഅബാൻ മാസത്തിൽ (നവംബർ/ഡിസംബർ 630 CE) 29-ാം വയസ്സിൽ അവർ അന്തരിച്ചു. പ്രവാചകൻ മുഹമ്മദ് (സ) കണ്ണീരോടെ അവരുടെ മയ്യിത്ത് നമസ്‌കാരം നടത്തി. സഹോദരി റുഖയ്യ ബിൻത് മുഹമ്മദ് (റ) യുടെ ഖബറിനടുത്താണു അവർ അന്ത്യ വിശ്രമം കൊള്ളുന്നത്.

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...