ഇസ്ലാമിലെ മാതൃക സ്ത്രീ: ഫാത്തിമ ബിൻത് മുഹമ്മദ് (റ)
History

ഇസ്ലാമിലെ മാതൃക സ്ത്രീ: ഫാത്തിമ ബിൻത് മുഹമ്മദ് (റ)

മുഹമ്മദ് നബിയുടെ (സ) പെൺമക്കളെക്കുറിച്ചുള്ള ഞങ്ങളുടെ ലേഖനങ്ങളുടെ ഈ അവസാന ഘട്ടത്തിൽ, പ്രവാചകന്റെ ഇളയ മകളായ ഫാത്തിമ ബിൻത് മുഹമ്മദ് (റ) യുടെ ജീവിതമാണ് വരച്ചുകാണിക്കുന്നത്.

മുഹമ്മദ് നബി (സ)യുടെയും ഖദീജ ബിൻത് ഖുവൈലിദിന്റെയും (റ) ഏറ്റവും ഇളയ മകളായിരുന്നു ഫാത്തിമ ബിൻത് മുഹമ്മദ് (റ). മുഹമ്മദ്‌ നബിക്ക് അല്ലാഹു പ്രവാചകത്വം നൽകുന്നതിന് അഞ്ച് വർഷം മുമ്പാണ് ഫാത്തിമ(റ ) ജനിക്കുന്നത്.

അൽ-മിസ്വാർ ബിൻ മഖ്‌റമ (റ) ഉദ്ധരിക്കുന്നു: [1]

അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞു, “ഫാത്തിമ എന്റെ ഭാഗമാണ്, അവളെ കോപിപ്പിക്കുന്നവൻ എന്നെ കോപിപ്പിക്കുന്നു.”

ഫാത്തിമ (റ) തന്റെ ബാല്യകാലങ്ങളിൽ മാതാപിതാക്കളുടെ സ്‌നേഹവും ആർദ്രവുമായ പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിൽത്തന്നെ അവർ വളരെ ധൈര്യശാലിയായിരുന്നു. ഒരു ദിവസം അവർ മുഹമ്മദ് നബി (സ) യുടെ കൂടെ മസ്ജിദുൽ ഹറാമിലേക്ക് പോയി. അവിടെ വെച്ച് പ്രവാചകൻ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ, ഖുറൈശികളിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ ഒത്തുകൂടുകയും, നബിയുടെ മേൽ മാലിന്യം എറിയാൻ ആരംഭിക്കുകയും ചെയ്‌തു. ഇത് കണ്ട ഫാത്തിമ (റ) അവിടെ ധൈര്യത്തോടെ നിൽയുറപ്പിക്കുകയും അബൂജഹൽ, ഉഖ്ബ, ശൈബ തുടങ്ങിയ ദുഷ്ടന്മാരുടെ ആക്രമണത്തിൽ നിന്ന് തന്റെ പിതാവിനെ ഒരു കവജം പോലെ സംരക്ഷിക്കുകയും ചെയ്തു.

അബ്ദുല്ല ബിൻ മസ്ഊദ് (റ) ഉദ്ധരിക്കുന്നു: [2]

ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ (സ) നമസ്കാരത്തിൽ സാഷ്ടാംഗം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് ചുറ്റും കൂടിയ ഖുറൈശികളിൽ നിന്നും  ഉഖ്ബ ബിൻ അബൂ മുഐത്ത് ഒരു ഒട്ടകത്തിന്റെ കുടൽ മാല കൊണ്ടുവന്ന് അല്ലാഹുവിന്റെ ദൂതന്റെ മുതുകിൽ എറിയുകയുണ്ടായി. ഫാത്തിമ വന്ന്‌, അത് തന്റെ മുതുകിൽ നിന്ന് മാറ്റുന്നത് വരെ പ്രവാചകൻ തല ഉയർത്തിയില്ല”.

ഫാത്തിമ (റ)  കരുണയും ദയയും നിറഞ്ഞ സ്വഭാവത്തിന് പേരുകേട്ടവളായിരുന്നു. അവർ ഉദാരമതിയും ദരിദ്രരെയും അവശരെയും സഹായിക്കാൻ എപ്പോഴും സന്നദ്ധയായിരുന്നു; സ്വയം പട്ടിണി കിടക്കുകയാണെങ്കിൽ പോലും അവർ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുമായിരുന്നു.

പതിനെട്ടാം വയസ്സിൽ, ഫാത്തിമ (റ) മദീനയിൽ വെച്ച് അലി ഇബ്നു അബി താലിബിനെ (റ) വിവാഹം കഴിച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ് ദമ്പതികൾ ചെലവഴിച്ചതെങ്കിലും അവരുടെ ദാമ്പത്യം വളരെ സന്തോഷകരമായിരുന്നു.

ഫാത്തിമ (റ), അലി (റ) എന്നിവർക്ക് രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു, ഹസൻ (റ), ഹുസൈൻ (റ); കൂടാതെ സൈനബ് (റ), ഉമ്മു കുൽസും(റ) എന്നീ പേരുകളുള്ള രണ്ട് പെൺമക്കളും.

കുടുംബജീവിതത്തിന്റെ തിരക്കിലായിരുന്നിട്ടും, ഉമ്മത്തിനുവേണ്ടി സമയം കണ്ടെത്താൻ ഫാത്തിമ (റ)യ്ക്ക് കഴിഞ്ഞിരുന്നു. മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ഭക്ഷണം തയ്യാറാക്കുകയും ചെയ്‌തു ഉഹദ് യുദ്ധത്തിലും ഖൻദഖ്  യുദ്ധത്തിലും അവർ ഒരു പ്രധാന പങ്ക് വഹിച്ചു.

സഹ്ൽ ഉദ്ധരിക്കുന്നു,ഉഹ്ദ് യുദ്ധ ദിനത്തിൽ പ്രവാചകന്റെ മുറിവിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു : [3]

നബി(സ)യുടെ മുഖത്ത് മുറിവേറ്റു, മുൻവശത്തെ ഒരു പല്ല് ഒടിയുകയുണ്ടായി, മാത്രമല്ല,തലയിലെ ഹെൽമറ്റ് തകർന്നു. അലി വെള്ളം പിടിക്കുകയും ഫാത്തിമ രക്തം കഴുകുകയും ചെയ്‌തു. രക്തസ്രാവം തുടർച്ചയായി വർധിക്കുന്നതായി കണ്ടപ്പോൾ, അവർ ഒരു പായ (ഈന്തപ്പനയുടെ ഇലകൾ) കത്തിച്ചു, ചാരമാക്കി മാറ്റി മുറിവിന് മുകളിൽ പുരട്ടി, അങ്ങനെ രക്തസ്രാവം നിലച്ചു.

ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ, മുഹമ്മദ് നബി (സ)  രോഗബാധ ഗുരുതരമായി.അവസാന നാളുകൾ പ്രവാചകൻ ഭാര്യ ആഇശ (റ)യുടെ വീട്ടിലായിരുന്നു. ഒരിക്കൽ ഫാത്തിമ (റ) അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം അവളെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് അവളുടെ കൈ പിടിച്ചു തന്നിലേക്ക് അടുപ്പിച്ച് ആത്മവിശ്വാസത്തോടെ എന്തോ പറഞ്ഞു.

ആയിഷ (റ) വിവരിച്ചു: [4]

പ്രവാചകൻ (സ) തന്റെ മാരകമായ രോഗാവസ്ഥയിൽ തന്റെ മകൾ ഫാത്തിമയെ വിളിച്ച് ഒരു രഹസ്യം പറഞ്ഞു, അത് കേട്ട് അവർ കരയാൻ തുടങ്ങി. എന്നിട്ട് അവരെ വിളിച്ച് മറ്റൊരു രഹസ്യം പറഞ്ഞു, അവർ അപ്പോൾ ചിരിക്കാൻ തുടങ്ങി. ഞാൻ അവരോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു, “നബി (സ) എന്നോട് പറഞ്ഞു, തന്റെ മാരകമായ അസുഖത്തിൽ മരിക്കുമെന്ന്, അതിനാൽ ഞാൻ കരഞ്ഞു, എന്നാൽ പിന്നീട് പ്രവാചകൻ രഹസ്യമായി എന്നോട് പറഞ്ഞു, നബിയുടെ കുടുംബത്തിൽ നിന്ന്, ഞാനായിരിക്കും ആദ്യമായി മരിക്കുകയെന്ന്, അത് കേട്ട് ഞാൻ ചിരിച്ചു.

മുഹമ്മദ് നബി (സ) ഇഹലോകവാസം വെടിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ഹിജ്റ 11-ൽ (ക്രി. 632) ഫാത്തിമ (റ) വഫാത്തായി.

റഫറൻസ്

  1. Sahih Bukhari Volume 5, Book 57, Number 61
  2. Sahih Muslim Book 19, Hadith 4422
  3. Sahih Bukhari Volume 4, Book 52, Hadith 159
  4. Sahih Bukhari Volume 4, Book 56, Hadith 820

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...