ക്ലിനിക്കൽ സൈക്കോളജിയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടക്കുന്ന ചർച്ചകളിലെല്ലാം ഉയർന്നു കേൾക്കുന്ന പേരുകളാണ് സിഗ്മണ്ട് ഫ്രോയിഡ്, ഇവാൻ പാവ്ലോവ്, കാൾ റോജേഴ്സ് തുടങ്ങിയവരുടേത്. വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന ചില അപര്യാപ്തതയുടെ ഉപോൽപ്പന്നങ്ങളാണ് മാനസിക വൈകല്യങ്ങൾ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് 19-ആം നൂറ്റാണ്ടിൽ ആണെങ്കിലും ക്ലിനിക്കൽ സൈക്കോളജിയുടെ മേഖല മുമ്പേ വലിയ രീതിയിലുള്ള ചുവടുവെപ്പുകൾ നടത്തിയിരുന്നു.
അതിനുമുമ്പും ആളുകൾ മാനസിക അസ്വസ്ഥതകൾ അനുഭവിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തും, പ്രത്യേകിച്ച് യൂറോപ്പിലും, ഇസ്‌ലാമിന് മുമ്പുള്ള ഈജിപ്തിലും, മാനസികരോഗികളെ തലയോട്ടിയിൽ നടത്തുന്ന അഭ്യാസമുറകൾ മുതൽ തടങ്കലിൽ അടക്കുന്നത് വരെയുള്ള ക്രൂരമായ ചികിത്സകൾക്ക് വിധേയരാക്കിയിരുന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. എന്നാൽ പലർക്കും അറിയാത്ത വസ്തുതയെന്തന്നാൽ മിക്ക സ്ഥലങ്ങളിലും ആളുകൾ ചികിത്സ എന്ന പേരിൽ മാനസിക രോഗം അനുഭവിക്കുന്നവരുടെ തലയോട്ടിയിലൂടെ ലോഹങ്ങൾ തുരക്കുന്ന തിരക്കിലായിരുന്നപ്പോൾ, ഇസ്ലാമിക ഹൃദയഭൂമികളിലെ ഡോക്ടർമാർ മാനസികരോഗങ്ങൾക്കുള്ള യുക്തിസഹവും മാനുഷികവും ഔഷധവുമായ ചികിത്സകൾ രൂപപ്പെടുത്തിയിരുന്നു എന്ന വസ്തുതയാണ്.
അത്തരം ഡോക്ടർമാർ തങ്ങളെ “സൈക്കോളജിസ്റ്റുകൾ” അല്ലെങ്കിൽ “മനഃശാസ്ത്രജ്ഞർ” എന്ന് അക്കാലത്ത് സ്വയം പരാമർശിച്ചിരുന്നില്ല, എന്നാൽ അവരുടെ സംഭാവനകളും പരിശ്രമങ്ങളും മനഃശാസ്ത്രത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ഈ ലേഖനം മാനസിക രോഗങ്ങളെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും ഇസ്‌ലാമിക ഭിഷഗ്വരന്മാരുടെയും ഡോക്‌ടർമാരുടെയും സംഭാവനകളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അതുപോലെ തന്നെ ഒരു പഠന മേഖലയെന്ന നിലയിലുള്ള മനഃശാസ്ത്രത്തിന്റെ വളർച്ചയും.
ഇസ്ലാമിക നാഗരികതയോടുള്ള ക്ലിനിക്കൽ സൈക്കോളജിയുടെ കടപ്പാട്
ആദ്യകാല സൈക്യാട്രിക് ആശുപത്രികൾ
മാനസിക അസന്തുലിതാവസ്ഥയുടെ ഫലമാണ് മാനസികരോഗങ്ങൾ എന്ന് തിരിച്ചറിഞ്ഞത് ഗ്രീക്ക് ഫിസിഷ്യൻമാരും അനാട്ടമിസ്റ്റുകളും ആയിരുന്നുവെങ്കിലും മാനസികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് വൈദ്യസഹായം തേടാൻ കഴിയുന്ന പ്രത്യേക ആശുപത്രികൾക്ക് തുടക്കം കുറിച്ചത് മുസ്ലീങ്ങളായിരുന്നു.
എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ് ആദ്യത്തെ മാനസികരോഗാശുപത്രി സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിച്ചു, മറ്റ് ശാരീരിക രോഗങ്ങളെപ്പോലെ മനസ്സിന്റെ വൈകല്യങ്ങളും അവിടെ ചികിത്സിച്ചു (അതായത്, മന്ത്രവാദങ്ങളും മാന്ത്രികതയും തലയോട്ടി ഡ്രില്ലുകളും ഇല്ലാതെ ).അതിന് പകരമായി മരുന്നുകൾ/കൺകക്ഷനുകൾ, രോഗശാന്തി കുളി, ഒക്യുപേഷണൽ തെറാപ്പി മുതലായവ പോലുള്ള നിരവധി സാങ്കേതിക വിദ്യകൾ വിവിധ മാനസിക രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിച്ചു. അത്തരത്തിൽ ഉപയോഗിക്കപ്പെട്ട പല രീതികളും ഇന്നും ഉപയോഗത്തിലുണ്ട്.
എന്തുകൊണ്ടാണ് ഇത് പ്രാധാന്യമുള്ളത്? കാരണം, ഒരു ആശുപത്രിയിലെ സൈക്യാട്രിക് വാർഡ് അല്ലെങ്കിൽ “ബിമാരിസ്ഥാൻ” (അന്ന് മിഡിൽ ഈസ്റ്റിൽ ആശുപത്രികൾ അറിയപ്പെട്ടിരുന്നത്), മാനസിക രോഗങ്ങളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ കാര്യമായ മാറ്റം സൃഷ്ടിച്ചു. മറ്റ് ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മാനസിക പ്രശ്‌നങ്ങൾക്കും മത വിവേചനങ്ങളില്ലാതെ ആശുപത്രിയെ സമീപിക്കാമെന്ന ഒരു സാഹചര്യം മാനസിക അസ്വസ്ഥതകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും മുൻവിധികളും വലിയ രീതിയിൽ കുറച്ചു. കൂടാതെ, ബുദ്ധിശൂന്യമായ മാന്ത്രിക രോഗശാന്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം, രോഗങ്ങളോടുള്ള വിവേകപൂർണ്ണവും യുക്തിസഹവുമായ വീക്ഷണം രൂപപ്പെടുത്തുന്നതിൽ ഇസ്‌ലാം വളരെയധികം സംഭാവനകൾ നൽകി.
സൈദ്ധാന്തികരും പ്രാക്ടീഷണർമാരും
ഈ രംഗത്തെ പ്രമുഖരായ ചില മുസ്ലീം പണ്ഡിതന്മാരുടെ റോളുകൾ പരിശോധിക്കാം.
ഇബ്നു സീന
മനുഷ്യരുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് നിരവധി സംഭാവനകൾ നൽകിയവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് ഇബ്‌നു സീന (980-1037 CE) . ഗ്രീക്ക് തത്ത്വചിന്തകരുടെ, പ്രത്യേകിച്ച് അരിസ്റ്റോട്ടിലിന്റെ, ആശയങ്ങൾ സ്വീകരിച്ച അദ്ദേഹം മാനസിക അവസ്ഥകൾക്കുള്ള ചികിത്സ രീതികൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള പങ്ക് വഹിച്ചു.
പ്രത്യേകിച്ച്, അരിസ്റ്റോട്ടിൽ മുന്നോട്ടു വെച്ച മൂന്ന് ആത്മാക്കൾ എന്ന ആശയം അദ്ദേഹം അംഗീകരിച്ചു; അതായത് വെജിറ്റേറ്റീവ്, സെൻസിറ്റീവ്, റേഷണൽ. എന്നാൽ ഒരു പാടി മുന്നോട്ടു പോയ അദ്ദേഹം, മനുഷ്യരിൽ ഉള്ള വെജിറ്റേറ്റീവ് സെൻസിറ്റീവ് ആത്മാക്കളാണ് (മറ്റു ജീവികളുമായി നാം പങ്കിടുന്ന രണ്ട് ആത്മാക്കൾ) നമ്മെ ഭൂമിയുമായി ബന്ധിപ്പിക്കുന്നതെങ്കിൽ യുക്തിസഹമായ മനസ്സ് നമുക്ക് ദൈവികതയെ മനസ്സിലാക്കാനും ബന്ധിപ്പിക്കാനുമുള്ള ശക്തി നൽകുന്നുവെന്ന വാദം ഉയർത്തി അരിസ്റ്റോട്ടിൽ മുന്നോട്ടു വെച്ച ടൈപ്പോളജി കൂടുതൽ വികസിപ്പിച്ചു. അതായത് നമ്മുടെ യുക്തിസഹമായ സ്വഭാവമാണ് നമ്മെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
“The Canon of Medicine” by Ibn Sina, at the Museum and Mausoleum of Ibn Sina, in Hamedan (Iran)
കൂടാതെ, മനുഷ്യർക്ക് ഏഴ് ആന്തരിക ഇന്ദ്രിയങ്ങളുണ്ടെന്ന് ഇബ്നു സിന മുന്നോട്ടു വെച്ചു. അദ്ദേഹം മുന്നോട്ടു വെച്ച ആന്തരിക ഇന്ദ്രിയങ്ങൾ; സാമാന്യബോധം, റിട്ടെന്റീവ് ഇമാജിനേഷൻ, സംയുക്ത മൃഗ ഭാവന, സംയുക്ത മനുഷ്യ ഭാവന, എസ്റ്റിമേറ്റീവ് പവർ, മെമ്മറി, പ്രോസസ്സിംഗ്; യുക്തിസഹമായി ചിന്തിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നത് ഈ സവിശേഷതകളാണ് . ഈ സിദ്ധാന്തം 9-ആം നൂറ്റാണ്ടിൽ യുക്തിവാദ സിദ്ധാന്തത്തിന് തുടക്കമിട്ട ഇബ്നു സീനയുടെ പ്രതിഭയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്!
തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ബ്രെയിൻ മാപ്പിംങ് രീതിക്ക് വലിയ സംഭാവനകൾ അദ്ദേഹം നൽകി.എന്നാൽ ഈ മേഖലയിൽ കൂടുതൽ മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, കാരണം ഇസ്ലാം ഏതെങ്കിലും തരത്തിലുള്ള ഡിസ്സെക്ഷൻ നടത്തുന്നതിൽ പ്രോത്സാഹനം നൽകിയിരുന്നില്ല. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, സൈക്കോസോമാറ്റിക് ഡിസോർഡേഴ്സ് എന്ന് നമ്മൾ ഇപ്പോൾ പറയുന്ന അവസ്ഥ , ബയോ-സൈക്കോ-സോഷ്യൽ മോഡലിന് പിന്നിൽ ഉണ്ടാകുന്ന അനുമാനം(assumption) എന്നിവയെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞു. ഇത്തരം സൂക്ഷ്മമായ കണ്ടെത്തലുകൾ ഉപയോഗിച്ച് ഇബ്‌നു സീന വിവിധ മാനസിക വൈകല്യങ്ങൾക്കുള്ള ചികിത്സകൾ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ പുസ്തകം, അൽ-ഖാനുൻ ഫൈ അറ്റ്-ടിബ്, അല്ലെങ്കിൽ ദി കാനൻ ഓഫ് മെഡിസിൻ, 500 വർഷത്തിലേറെയായി നിരവധി യൂറോപ്യൻ സർവകലാശാലകളുടെ മെഡിക്കൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
അൽ റാസി
മാനസിക ആരോഗ്യ ചികിത്സ രംഗത്തെ സ്വാധീനിച്ച ഇസ്ലാമിക ലോകത്ത് നിന്നുള്ള മറ്റൊരു വ്യക്തിയായിരുന്നു അൽ റാസി (854-925 CE). ലോകത്തെ ആദ്യകാല മാനസിക ആശുപത്രിയിലെ ഒരു സൈക്യാട്രിക് വാർഡിലെ ഫിസിഷ്യനായിരുന്ന അദ്ദേഹം അൽ-മൻസൂരി, അൽ-ഹാവി എന്നീ പ്രസിദ്ധമായ പുസ്തകങ്ങളിൽ അവർക്ക് നൽകിയ ചികിത്സ രീതികൾക്കൊപ്പം നിരവധി മാനസിക അവസ്ഥകൾ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തു.
Colophon from Al Razi’s “The Book of Medicine”
ആത്മാഭിമാനം ഉയർത്തി രോഗികളിൽ ഒരു ശുഭ പ്രതീക്ഷ നൽകുന്ന മനഃശാസ്ത്രപരമായ ചികിത്സ രീതികൾക്കും അദ്ദേഹം പ്രശസ്തനാണ്.
ഇമാം അൽ ഗസാലി
വാട്‌സൺ നടത്തിയ പ്രസിദ്ധമായ ലിറ്റിൽ ആൽബർട്ട് പരീക്ഷണം ഭയം ഒരു ലേർൺഡ് എക്സ്പീരിയസിന്റെ അനന്തരഫലമാണെന്ന കണ്ടെത്തി. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇമാം അൽ ഗസാലി (1058-1111 CE) കുട്ടികളിൽ ഭയം നിറയുന്നത് നെഗറ്റീവ് അനുഭവങ്ങളിലൂടെയാണെന്ന് സിദ്ധാന്തിച്ചിരുന്നു. ആത്മപരിശോധന (Introspection)എന്ന രീതി ഉപയോഗിച്ച് അദ്ദേഹം സ്വന്തം മാനസികാവസ്ഥയിലും പരീക്ഷണം നടത്തി. വിശപ്പ്, കോപം തുടങ്ങിയ ആവശ്യങ്ങൾ ഒരു വ്യക്തിയെ പ്രത്യേക രീതികളിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതെങ്ങനെയെന്ന് ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാളായിരുന്നു അൽ ഗസാലി
ഈ വൈദ്യരംഗത്തെ പ്രതിഭകളെ കൂടാതെ, അക്കാലത്തെ കവികളും തത്ത്വചിന്തകരും മാനസിക രോഗങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നു. റൂമി തന്റെ ഗസ്റ്റ് ഹൗസ് എന്ന കവിതയിൽ വിഷാദരോഗത്തെ മനുഷ്യ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥയായി പറഞ്ഞിട്ടുണ്ട്.
എല്ലാത്തിനുമുപരി, ഒരാളുടെ മാനസിക അവസ്ഥ അംഗീകരിക്കുന്നതാണ് സൈക്കോതെറാപ്പിയുടെ ആദ്യപടി.
ഉപസംഹാരം
ഈ മഹാരതന്മാരായ മുസ്ലീം പണ്ഡിതന്മാരുടെയും വൈദ്യന്മാരുടെയും കൃതികൾ കേവലം ചരിത്ര സാഹിത്യം മാത്രമല്ല. മാനസികമായി അസ്വാസ്ഥ്യമുള്ള രോഗികളെ (അത്തരം പരിചരണം ആവശ്യമുള്ളവർ) ഉപേക്ഷിക്കപ്പെടുകയോ വേദനാജനകമായ പീഡനത്തിന് വിധേയരാക്കുകയോ ചെയ്ത ഒരു യുഗത്തിൽ, ആശുപത്രികൾ സ്ഥാപിക്കുകയും മാനുഷിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ വാഗ്ദാനം ചെയ്തതും തീർച്ചയായും ഒരു വിപ്ലവകരമായ ചുവടുവെപ്പായിരുന്നു. ഈ വികാസത്തിൽ ഇസ്ലാമിക ഐക്കണോക്ലാസ്‌മിന് വലിയ പങ്കുണ്ടെന്ന് പറയാതെ വയ്യ – ദുരാത്മാക്കളെ തുരത്തുന്നതിനുള്ള പീഡനങ്ങളും മാന്ത്രിക മന്ത്രങ്ങളും ഇസ്‌ലാം നിരോധിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌തു, അതുപോലെ, വിവിധ മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് യുക്തിസഹവുമായ ചികിത്സ രീതികൾ അവലംബിക്കുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്‌തു.
പിൽക്കാല ചരിത്രകാരന്മാരുടെയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് പണ്ഡിതന്മാരുടെയും പക്ഷപാതം കാരണം, മനഃശാസ്ത്ര മേഖലയിലെ പല മുസ്ലീം സംഭാവനകൾക്കും അർഹമായ അംഗീകാരം നേടാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, മുസ്ലീം പണ്ഡിതന്മാരും ഇസ്ലാമിക ചിന്തകളും മാനസിക പ്രശ്‌നങ്ങൾ, മാനസിക വൈകല്യങ്ങൾ എന്നിവ കണ്ടെത്തി ശാസ്തീയ ചികിത്സ നൽകുന്നതിലും മനഃശാസ്ത്രത്തിന്റെ വളർച്ചക്കും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.