ഇസ്ലാമിക കലയുടെ ഒരു ആമുഖം
History

ഇസ്ലാമിക കലയുടെ ഒരു ആമുഖം

ഇസ്‌ലാം ഒരു മതം എന്നതിനപ്പുറം ഒരു ജീവിതരീതിയായതിനാൽ, മുസ്‌ലിം ലോകത്ത് രൂപം കൊണ്ട കലയിലും വാസ്തുവിദ്യയിലും  ഇസ്ലാമിന്റെ  കലാപരമായ ഭാഷ ഒരു വ്യതിരിക്ത സംസ്കാരം വികസിപ്പിക്കാൻ  വഴിയൊരുക്കി.

ക്രിസ്ത്യൻ, യഹൂദ, ബുദ്ധ കലകൾ  ഒരു പ്രത്യേക മതപരമായ ഉദ്ദേശ്യത്തിനായി സൃഷ്ടിച്ച കലയായി മാത്രം പരിഗണിക്കപ്പെടുമ്പോൾ “ഇസ്ലാമിക കല” എന്ന പദം ഇസ്ലാമിക ലോകത്ത് രൂപം കൊള്ളുന്ന ഏതൊരു കലാരൂപത്തെയും സൂചിപ്പിക്കുന്നു.  അത് മതപരവും മതേതര സംസ്‌കൃതിയും അടങ്ങിയതാണ്.

ഇസ്ലാമിക കലയുടെ ആദ്യ ഉദാഹരണങ്ങളിൽ ബൈസന്റൈൻ, പേർഷ്യൻ  ശൈലികൾ, സാങ്കേതികതകൾ, രൂപങ്ങൾ എന്നിവയുടെ ചെറിയ സ്വാധീങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, പിന്നീട് ബൈസന്റൈൻ, പേർഷ്യൻ സ്വാധീനത്തിൽ നിന്ന് ലോകത്തെ മുസ്ലിങ്ങൾ സ്വാതന്ത്രമാക്കിയതോടെ ഒരു സവിശേഷമായ ഇസ്ലാമിക കലാരൂപം ഉയർന്നുവന്നു. ഉമയ്യദ് ഖിലാഫത്തിന്റെ ഭരണം (661-750 CE) ഇസ്ലാമിക കലയുടെ തുടക്ക കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

ഇസ്‌ലാമിക കല അത് വികസിച്ച വിവിധ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും വൈവിധ്യമാർന്ന കൂടിച്ചേരലുകൾക്ക് സാക്ഷ്യം വഹിച്ചു, എന്നിരുന്നാലും അത് സവിശേഷമായ ആന്തരിക ഗുണവും അതുല്യമായ ഐഡന്റിറ്റിയും നിലനിർത്തി. ഇസ്‌ലാമിക കലയുടെ ഈ ഏകീകൃതവും തിരിച്ചറിയുന്നതുമായ സവിശേഷതകൾ ഇസ്‌ലാമിക സത്തയുടെ മൂർത്തീഭാവങ്ങളാണ്. അത് ഒരു മത ദർശനമായി മാത്രമല്ല നിലകൊള്ളുന്നത്, മറിച്ച് ഉൽകൃഷ്ട്ടമായ ഒരു ജീവിതരീതിയായി കണക്കാക്കപ്പെടുന്നു. അത് വംശീയമായും സാംസ്‌കാരികമായും വൈവിധ്യമാർന്ന മനുഷ്യരെ കൂട്ടിച്ചേർക്കുന്ന ഒരു ഏകീകൃത ശക്തിയായി പ്രവർത്തിക്കുന്നു.

ചൈനയിലെ ഏറ്റവും പഴക്കമേറിയതും ഇന്നും സംരക്ഷിച്ചിരിക്കുന്നതുമായ മസ്ജിദുകളിൽ ഒന്നായ  സിയാനിലെ ഗ്രേറ്റ് മസ്ജിദിൽ ഈ സവിശേഷത കാണാൻ കഴിയും. 742 CE-ൽ ആദ്യമായി നിർമ്മിച്ച മസ്ജിദിന്റെ നിലവിലെ രൂപം CE പതിനഞ്ചാം നൂറ്റാണ്ടിലേതാണ്, കൂടാതെ പ്രാദേശിക പാരമ്പര്യങ്ങളുടെയും ആഗോള ആശയങ്ങളുടെയും സമന്വയമാണത്.

ഇസ്ലാമിക കലയിൽ യഥാർത്ഥത്തിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ പ്രതിനിധാനം ഉൾപ്പെടുന്നില്ലെങ്കിലും (മനുഷ്യരൂപത്തിന്റെ ചിത്രീകരണം വ്യക്തമായ വിഗ്രഹാരാധനയായതിനാൽ), ഇസ്ലാമിക കലാരൂപങ്ങളിൽ മനുഷ്യരൂപങ്ങൾ പലപ്പോഴും ഇടം പിടിക്കാറുണ്ട്. എന്നിരുന്നാലും, അത്തരം ആലങ്കാരിക കലകൾ സ്വകാര്യവും മതേതരവുമായ സ്ഥാപനങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ, മസ്ജിദുകൾ അടക്കമുള്ള ആരാധന കേന്ദ്രങ്ങളിൽ അത് നിഷിദ്ധമാക്കി.

ഇസ്ലാമിക കല നാല് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് :

  1.  കാലിഗ്രാഫി

ഇസ്ലാമിക കലയിൽ കാലിഗ്രാഫിക് ഡിസൈനിന്റെ ഉപയോഗം പരമപ്രധാനമാണ്. എല്ലാ കലാകാരന്മാർക്കും ഇടയിൽ ഏറ്റവും ഉയർന്ന പദവിയാണ് കാലിഗ്രാഫർമാർക്ക് ഉള്ളത്, കാരണം ഈ സാങ്കേതികവിദ്യ ഖുർആനിന്റെ ട്രാൻസ്ക്രിപ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കാലിഗ്രാഫിയുടെ ഉപയോഗം കേവലം ഖുറാൻ ഉദ്ധരിച്ച് പരിമിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഗ്രന്ഥങ്ങൾ, കവിതാ വാക്യങ്ങൾ, ഭരണാധികാരികളെ പ്രകീർത്തിക്കുക അല്ലെങ്കിൽ ഉടമസ്ഥാവകാശം രേഖപ്പെടുത്തുക എന്നിവയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാമിക കലയിലെ പരമപ്രധാനമായ കാലിഗ്രാഫിയുടെ ഉപയോഗം  9 മുതൽ 11 വരെയുള്ള നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടിരുന്ന കിഴക്കൻ പേർഷ്യൻ മൺപാത്രങ്ങളിൽ കാണാൻ കഴിയും. അവ മനോഹരമായ ശൈലിയിലുള്ള ലിഖിതങ്ങളാൽ  അലങ്കരിച്ചിരിക്കുന്നു. പല പ്രമുഖ കെട്ടിടങ്ങളിലും ടൈലുകളാൽ നിർമ്മിച്ച വലിയ ലിഖിതങ്ങൾ അടങ്ങിയിട്ടുണ്ട്. തുണിത്തരങ്ങൾ, മരപ്പാത്രങ്ങൾ, ലോഹപ്പണികൾ, ഇനാമൽ ചെയ്ത ഗ്ലാസ്, നാണയങ്ങൾ എന്നിവയിലെല്ലാം കാലിഗ്രാഫിയുടെ മനോഹരമായ വിസ്മയം തീർത്തു.

കാലിഗ്രാഫി അതിന്റേതായ ഒരു ലേഖനത്തെ ആവശ്യമായ വളരെ വലിയ വിഷയമാണ്, അതിനാൽ ഞങ്ങൾ ആ ചർച്ച പിന്നീട് മുന്നോട്ട് വെക്കാം.

  2.  ജ്യാമിതീയ പാറ്റേണുകൾ

മറ്റ് പല കലാരൂപങ്ങളിലും ജ്യാമിതീയ പാറ്റേണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കലയിലും രൂപകൽപ്പനയിലും ജ്യാമിതിയുടെ ഉപയോഗത്തിന് തുടക്കമിട്ടത് മുസ്ലീങ്ങളാണ്. ഇസ്ലാമിക ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണപ്പെടുന്ന 8 വശങ്ങളുള്ള സങ്കീർണ്ണമായ നക്ഷത്ര മാതൃകയാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം. പാറ്റേണുകൾ ചുവരുകളിൽ മുറിച്ചെടുക്കുകയോ മൊസൈക്കുകളിൽ നിന്ന് രൂപപ്പെടുത്തുകയോ ലാറ്റിസ് വർക്കിൽ നിന്ന് നിർമ്മിക്കുകയോ ചെയ്യാം.

അറബ് ഗണിതശാസ്ത്രജ്ഞർക്ക് ജ്യാമിതിയിൽ താൽപ്പര്യമുണ്ടായിരുന്നു, അവർ നിസ്സംശയമായും ഇസ്ലാമിക കലയിലെ ജ്യാമിതീയ പാറ്റേണുകളുടെ പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തി.

അൽഹാംബ്ര (സ്പെയിനിൽ) പോലുള്ള  സ്വകാര്യ കൊട്ടാരങ്ങളിലും സഫാവിദ് ഇറാന്റെ വിശദമായ ലോഹനിർമ്മാണത്തിലും മറ്റു ഇസ്ലാം പ്രധാന മതവും സാംസ്കാരിക ശക്തിയും ആയി നിലനിന്ന രാജ്യങ്ങളിലെല്ലാം ജ്യാമിതീയവും വെജിറ്റേറ്റീവ് മോട്ടിഫ് രൂപത്തിലുള്ളതുമായ രൂപങ്ങൾ വളരെ ജനപ്രിയമായി വളർന്നു.

  3.  ബൊട്ടാണിക്കൽ ഓർണമെന്റസ്

ജ്യാമിതീയ പാറ്റേണുകൾ പോലെ, അലങ്കാരങ്ങളിൽ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ഉപയോഗം ഇസ്ലാമിക കലയിലും സാധാരണമാണ്. ഇസ്ലാമിക കലാകാരന്മാർ “അറബസ്‌ക്” എന്ന് വിളിക്കപ്പെടുന്ന ഒരു അമൂർത്ത ശൈലി വികസിപ്പിച്ചെടുത്തു.

ഇസ്ലാമിക ലോകത്തെ പ്രശസ്തമായ പരവതാനികളിൽ വെജിറ്റൽ അലങ്കാരങ്ങൾ പതിവായി ഉപയോഗിച്ചിരുന്നു. സങ്കീർണ്ണമായ രൂപങ്ങൾക്ക് മികച്ച കലാപരമായ വൈദഗ്ദ്ധ്യം ആവശ്യമാണ്, അതിനാൽ ഇത്തരം നിർമ്മിതികളുടെ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നവയായിരുന്നു ഓരോ കലാരൂപങ്ങളും.

  4.  ചിത്രപരമായ പ്രാതിനിധ്യങ്ങൾ

ഹദീസ് നിരോധിച്ചിട്ടുണ്ടെങ്കിലും ചിത്രകലയുടെ വ്യാഖ്യാനം ഇസ്ലാമിക ലോകത്തിലുടനീളം വ്യത്യസ്തമായിരുന്നു. മതപരമായ കലയും വാസ്തുവിദ്യയും അലങ്കരിക്കാൻ മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളും ഉപയോഗിക്കപ്പെട്ടപ്പോൾ, ചിത്രകലയുടെ ഉപയോഗം മതേതര വാസ്തുവിദ്യയിലും തുണിത്തരങ്ങളിലും മാത്രമായി ചുരുക്കപ്പെട്ടു.

എന്നിരുന്നാലും,ചിത്രങ്ങൾ സാധാരണയായി അലങ്കാര കൂട്ടിച്ചേർക്കലുകളായി ഉപയോഗിച്ചു, മാത്രമല്ല; പ്രകാശപൂരിതമായ കൈയെഴുത്തുപ്രതികളിൽ സമ്പന്നമായ മിനിയേച്ചർ പെയിന്റിംഗുകൾ പാഠങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ചിത്രീകരിച്ച പുസ്‌തകങ്ങളുടെ ഏറ്റവും വലിയ കമ്മീഷനുകൾ സാധാരണയായി പേർഷ്യൻ കവിതകളുടെ ക്ലാസിക്കുകളായിരുന്നു, ഇതിഹാസമായ ഷഹനാമ ഒരു ഉദാഹരണം. മുഗളന്മാരും ഓട്ടോമൻമാരും ചരിത്രപരമായ ഗുണങ്ങളുള്ള ആഡംബര കൈയെഴുത്തുപ്രതികളും നിർമ്മാണത്തിൽ വലിയ പങ്കുവഹിച്ചു.

പതിനാറാം നൂറ്റാണ്ടിൽ വികസിച്ചു വന്ന ഭരണാധികാരികളുടെ ഛായാചിത്രങ്ങൾ താമസിയാതെ വളരെ ജനപ്രിയമായി. മുഗൾ ഛായാചിത്രങ്ങൾ, സാധാരണയായി പ്രൊഫൈൽ എന്ന നിലയിൽ,  റിയലിസ്റ്റ്ക്കായി  വരക്കപ്പെട്ടപ്പോൾ, ഓട്ടോമൻമാരുടെ ഛായാചിത്രങ്ങൾ ശക്തമായി സ്റ്റൈലൈസ് ചെയ്തതായി കാണാം. ആൽബം മിനിയേച്ചറുകളിൽ സാധാരണയായി പിക്നിക് രംഗങ്ങൾ, വ്യക്തികളുടെയോ മൃഗങ്ങളുടെയോ ഛായാചിത്രങ്ങൾ, അല്ലെങ്കിൽ സുന്ദരിമാരുടെ വിത്യസ്ത ഭാവങ്ങൾ എന്നിവ അടങ്ങിയിരിന്നു.

ഉപസംഹാരം

ഇസ്‌ലാമിക കലയെക്കുറിച്ചുള്ള പഠനം കലാചരിത്രത്തിൽ പല കാരണങ്ങളാൽ പിന്നോട്ട് പോയി: ചില സമയങ്ങളിൽ, കലാചരിത്രകാരന്മാർ ഇസ്ലാമിക കലയോട് പക്ഷപാതം കാണിക്കുന്നത് കാണാം, മറ്റ് സമയങ്ങളിൽ, ഭാഷാപരമായ തടസ്സം വലിയ പ്രധിസന്ധി തീർത്തു, കാരണം പല പാശ്ചാത്യ ചരിത്രകാരന്മാരും അറബിയിലും പേർഷ്യൻ ഭാഷയിലും നന്നായി അവഗാഹം ഉള്ളവരല്ലായിരുന്നു.

കൂടാതെ, ഇസ്ലാമിക ലോകത്ത് വിലമതിക്കുന്ന കലാരൂപങ്ങളും വസ്തുക്കളും പാശ്ചാത്യ ലോകത്തെ കലാചരിത്രകാരന്മാർക്ക് വിലമതിക്കുന്നവയായി കാണാൻ കഴിഞ്ഞില്ല. പരവതാനികൾ, സെറാമിക്സ്, ലോഹപ്പണികൾ, പുസ്തകങ്ങൾ തുടങ്ങിയ കലാ രൂപങ്ങൾക്ക് പാശ്ചാത്യ പണ്ഡിതന്മാർ പരമ്പരാഗതമായ പെയിന്റിംഗുകൾക്കും ശിൽപങ്ങൾക്കും കൊടുക്കുന്ന പ്രാദാന്യം കൊടുത്തില്ല.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്‌ലാമിക കലാ പഠനങ്ങൾക്ക് താൽപര്യം വർദ്ധിച്ചുവരികയാണ്. ഈ പ്രവണത തുടരുമെന്നും ഇസ്‌ലാമിക കലയുടെ മൂല്യവും സൗന്ദര്യവും ലോകം തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു.

ആകാൻക്ഷി ശ്രീവാസ്തവ

അകാങ്ക്ഷി ശ്രീവാസ്തവ സൈക്കോളജി വിദ്യാർത്ഥിയാണ്. മനുഷ്യന്റെ പെരുമാറ്റ രീതികൾ പഠിക്കാൻ അവർ അതീവ താൽപ്പര്യം കാണിക്കുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...