ഇസ്ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് തസ്‌കിയ അൽ-നഫ്സ് അല്ലെങ്കിൽ ഒരാളുടെ ആത്മീയ ഹൃദയത്തെ ശുദ്ധീകരിക്കുക എന്നും സൂചിപ്പിക്കുന്നു.
വിശ്വാസികളായ ഏതൊരു മുസ്ലീമിനും ഈ ആചാരം ബാധകമാണ്. ഒരാൾക്ക് ഉന്നതമായ ആത്മീയത കൈവരിക്കുന്നതിന്, ഇസ്ലാമിൽ കൽപ്പിക്കപ്പെട്ട ആരാധനാ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്നത്, ഒരാളുടെ സ്രഷ്ടാവുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന ദുരാചാരങ്ങളിൽ നിന്ന് ആത്മീയ ഹൃദയത്തെ ശുദ്ധമാക്കുന്നു. ഒരാളുടെ സ്രഷ്ടാവുമായുള്ള ബന്ധം എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം മെച്ചപ്പെടും അയാളുടെ ആത്മാവിന്റെ ആത്മീയതയിലേക്കുള്ള യാത്ര. തൽഫലമായി, സ്വർഗത്തിൽ പ്രവേശിക്കുന്നതിനും നരകത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിനുമുള്ള മികച്ച അവസരമാണ് വന്നു ചേരുന്നത്. നിങ്ങളുടെ ഹൃദയത്തെ മുന്നോട്ടു നയിക്കുമ്പോൾ ശരിയായ മാർഗനിർദേശം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണ് എന്നതാണ് എന്റെ ചോദ്യം? ഒരു വ്യക്തിയെന്ന നിലയിൽ ആത്മീയത നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, ഇത് നിങ്ങളെ ആന്തരികമായി എങ്ങനെ ബാധിക്കുന്നു?
ആത്മീയ വളർച്ചയെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
ഒരാളുടെ ശാരീരിക ആരോഗ്യത്തെ, പരിഗണിക്കുമ്പോൾ,മോശം പോഷകാഹാരം, ഉറക്കക്കുറവ്, വ്യായാമക്കുറവ് എന്നിവ അനാരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്, അത് ഒരുപക്ഷേ ഒരാളുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കാം. അതുപോലെ, ഖുർആനും അല്ലാഹുവിന്റെ ആജ്ഞകളും മുറുകെപ്പിടിക്കുക എന്ന ആശയം ഒരാളെ ആത്മീയ വളർച്ച നേടാൻ സഹായിക്കുമെങ്കിലും, ആ ചര്യ മാറ്റി നിർത്തുന്നത് ആത്മീയമായി ദോഷമുണ്ടാക്കും. നമ്മൾ എടുക്കുന്ന തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി, അത് മനഃശാസ്ത്രപരമാകാം അല്ലെങ്കിൽ ശരിയത്തിന്റെ പരിധിക്ക് പുറത്തുള്ള നമ്മുടെ ശാരീരികമായ ആഗ്രഹങ്ങൾ പിന്തുടരുന്നതിലൂടെയോ ആകാം, നമ്മുടെ ഉയർന്ന ആത്മീയ ഉണ്മയും താഴ്ന്ന അൽ-നഫ്‌സും തമ്മിൽ ആന്തരിക പോരാട്ടങ്ങളെ സൃഷ്ടിക്കുന്നു. അപ്പോൾ, ഇത് എന്റെ ഹൃദയത്തെയും ഞാൻ എടുക്കുന്ന തീരുമാനങ്ങളെയും എങ്ങനെ ബാധിക്കുന്നു?
ഞാൻ ഇതിനെ വീക്ഷിക്കുന്ന രീതിയെന്തന്നാൽ ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പുകൾ ഉണ്ട്. സ്രഷ്ടാവിന് കൂടുതൽ ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ് ഒരു തിരഞ്ഞെടുപ്പ്, മറ്റൊന്ന്, ആത്മീയമായി കോട്ടമുണ്ടാകുമെന്നോ, അള്ളാഹുവിന്റെ അപ്രീതിക്ക് കാരണമാകുമെന്നോ പരിഗണിക്കാതെ സ്വയം ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ്. ഒന്നുകിൽ അല്ലാഹുവിന്റെ കൽപ്പനകൾ പിന്തുടരണോ അല്ലെങ്കിൽ തനിക്ക് ഇഷ്ടമുള്ള പ്രവർത്തികളിൽ ഏർപ്പെടണമോ തുടങ്ങിയവയിൽ ഒരു തീർപ്പ് കൽപ്പിക്കാനുള്ള ഹൃദയത്തിന്റെ നിരന്തരമായ ആന്തരിക പോരാട്ടമാണിത്. അപ്പോൾ, തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നമ്മുടെ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം? ഇത് ശരിക്കും ഒരു ലളിതമായ പരിഹാരമാണോ?
ഇത് ലളിതമായ ഒരു പരിഹാരമല്ല എന്നതാണ് യാഥാർത്ഥ്യം. അള്ളാഹുവിന് കൂടുതൽ ഇഷ്ടമുള്ള ഒരു പാത പിന്തുടരുക എന്നത് ആന്തരികമായി ഒരു നിരന്തര പോരാട്ടമാണ്. നമ്മുടെ ഉദ്ദേശ്യങ്ങളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതിലൂടെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളെ ഒരാളുടെ ഹൃദയം എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ശരിയായ അറിവോടെയും മാർഗനിർദേശത്തോടെയും നാം നമ്മുടെ കഴിവിന്റെ പരമാവധി ഇസ്‌ലാമിന്റെ തത്വങ്ങൾ പിന്തുടരുന്നുണ്ടോ ഇല്ലയോ എന്നത് ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട്, മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കാൻ എന്നെ നയിക്കാൻ ഞാൻ എങ്ങനെ എന്റെ ഹൃദയത്തെ സഹായിക്കും?
നമ്മുടെ ദൈനംദിന പ്രശ്‌നങ്ങളെ എങ്ങനെയാണ് അഭിസംബോധനം ചെയ്യേണ്ടതെന്നും നമ്മുടെ ആത്മാവിന്റെ ഉന്നമനത്തിനായുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള വിലയേറിയ മാർഗങ്ങൾ നൽകി നമ്മെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇസ്‌ലാം രംഗപ്രവേശനം ചെയ്തത്. ലൗകിക ജീവിതം വെല്ലുവിളികൾക്കും പരീക്ഷണങ്ങൾക്കുമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് ഇതിന് പ്രധാന കാരണം. ഇസ്‌ലാമിക വിശ്വാസി എന്ന നിലയിൽ, നമ്മുടെ ലൗകിക ജീവിതവും അതിന്റെ സൗന്ദര്യവും താൽക്കാലികമാണ്, മരണാനന്തര ജീവിതം ശാശ്വതവും യഥാർത്ഥത്തിൽ പ്രധാനവുമാണ്. നമ്മുടെ ശാശ്വത ജീവിതത്തിന് ഗുണം ചെയ്യുന്ന കർമ്മങ്ങളിൽ ഏർപ്പെടുന്നത് നമുക്ക് കൂടുതൽ പ്രയോജനപ്രദമായി മാറുന്നു. ഈ ആശങ്കകളെ അഭിസംബോധന ചെയ്യുമ്പോൾ, ഓരോ വ്യക്തിക്കും കുറവുകളുണ്ടെന്നും ഓരോ വ്യക്തിയും പരീക്ഷിക്കപ്പെടുമെന്നും നാം മനസ്സിലാക്കണം. പശ്ചാത്തപിക്കുകയും നമ്മുടെ ആത്മീയ വളർച്ചയ്ക്ക് ഹാനികരമായതിൽ നിന്നും വീട്ടുനിൽക്കുക എന്നതാണ് പ്രധാനം.
വിശുദ്ധ ഖുർആനിൽ (S7: V 153) പ്രസ്താവിച്ചതുപോലെ: ” എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു”. ഓരോ വ്യക്തിയും അവരുടെ ആഗ്രഹങ്ങളെ പിന്തുടരുകയും സ്രഷ്ടാവിന് അപ്രീതികരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ട് വഴിതെറ്റിപ്പോകുന്ന ഹൃദയത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന് തെളിവാണ് ഈ സൂക്തം. പാപത്തിൽ വീഴാതിരിക്കാൻ നിങ്ങളുടെ ഹൃദയത്തെ നയിക്കുന്നതിനുള്ള താക്കോൽ അതിനെ ശുദ്ധീകരിക്കുക എന്നതാണ്.
നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ഇസ്‌ലാം നമുക്ക് മാർഗനിർദേശങ്ങൾ നൽകുന്നു. നല്ല തീരുമാനങ്ങൾ എടുക്കാൻ ഹൃദയത്തെ സഹായിക്കുന്നത് ദുരാചാരങ്ങളിൽ നിന്ന് ഹൃദയത്തെ ശുദ്ധീകരിക്കുന്നതിലൂടെയാണ്. ഇത് അത്കാറുകൾ,ഖുർആൻ പാരായണം അല്ലാഹുവിന് ഇഷ്ടമുള്ള നിയമങ്ങൾ പ്രായോഗികമായി നടപ്പിലാക്കുക എന്നിവവായിലൂടെയെല്ലാം നേടാനാകും. ഇത് അള്ളാഹുവിന് ഇഷ്ടമുള്ളതും അല്ലാത്തതും തമ്മിലുള്ള കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രക്രിയ എളുപ്പമാക്കുന്നു. അല്ലാഹുവിന്റെ കൽപ്പനകൾക്ക് അനുസൃതമായ തീരുമാനങ്ങൾ എടുക്കാൻ ഇത് ഹൃദയത്തെ സഹായിക്കുന്നു, അങ്ങനെ പാപത്തിൽ നിന്ന് നമ്മെ തടയുന്നു. ചില സമയങ്ങളിൽ അത് നമ്മുടെ ആഗ്രഹങ്ങളെ ത്യജിച്ചാണെങ്കിലും , അല്ലാഹുവിനെ പ്രസാദിപ്പിക്കുക എന്ന ആത്മാർത്ഥമായ ഉദ്ദേശ്യത്തോടെയുള്ള തുടർച്ചയായ പഠനത്തിലൂടെയും, നാം പഠിച്ചത് പ്രായോഗികമായി നടപ്പിലാക്കുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ.
നമ്മുടെ അറിവ് പരിമിതമായ കാര്യങ്ങളിൽ ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന്, പ്രശസ്തരായ പണ്ഡിതന്മാരിൽ നിന്ന് ശരിയായ മാർഗ്ഗനിർദ്ദേശം തേടേണ്ടതുണ്ടെന്ന വസ്തുത മനസ്സിലാക്കണം. നമ്മുടെ ന്യൂനതയായി കണക്കാക്കുന്നത് എന്താണെന്ന് തിരിച്ചറിയുകയും പ്രപഞ്ച സ്രഷ്ടാവിനെ പ്രീതിപ്പെടുത്താൻ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഉയർന്ന ആത്മീയ വ്യക്തിത്വത്തിലേക്ക് എത്തിച്ചേരാനുള്ള ആത്യന്തിക മാർഗം. നമ്മൾ ഒരു തെറ്റും ചെയ്യില്ലെന്ന് ഇത് ഉറപ്പുനൽകുന്നുണ്ടോ? ഇല്ല, ഒരിക്കലുമില്ല, എന്നാൽ അത്തരം ചതിക്കുഴികൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ഇത് നൽകുന്നു. ഓരോരുത്തർക്കും വ്യത്യസ്‌തമായ സാഹചര്യവും പരീക്ഷണവുമാണ് ഉള്ളത്, അതിനനുസരിച്ച് നാം നിർണ്ണയിക്കപ്പെടും. നമ്മുടെ പ്രയത്നങ്ങൾക്ക് അത്യുന്നതനായ അല്ലാഹുവിന്റെ പ്രതിഫലവും പ്രീതിയും ലഭിക്കും.
വിശുദ്ധ ഖുർആനിൽ S 13: V11-ൽ പ്രസ്താവിച്ചിരിക്കുന്നത് പോലെ: ” മനുഷ്യന്ന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നവര്‍ ( മലക്കുകള്‍ ) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല” . സ്വയം മെച്ചപ്പെടുത്താൻ തുടർച്ചയായി പരിശ്രമിക്കേണ്ടത് ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനർത്ഥം, നമ്മുടെ ഇഷ്ട്ടത്തേക്കാൾ അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ ബോധപൂർവമായ ആവശ്യവും അവബോധവും അല്ലെങ്കിൽ തഖ്‌വയും ഉണ്ടായിരിക്കണം എന്നാണ്. നമ്മുടെ സ്രഷ്ടാവിനെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് ആത്മാർത്ഥമായി പശ്ചാതപിക്കുക എന്നതാണ് പ്രധാനം. നാം ക്ഷമ ചോദിക്കുകയും ആന്തരിക നന്മയ്ക്കായി നിരന്തരം പരിശ്രമിക്കുകയും വേണം. അതിന്റെ ഫലം അല്ലാഹുവിന് ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും പാപത്തിൽ നിന്നുള്ള സംരക്ഷണത്തിനും ശരിയായ മാർഗനിർദേശത്തിനും നമ്മുടെ ഹൃദയങ്ങളെ സഹായിക്കും. ഫലത്തിൽ, അത് നമ്മുടെ ഹൃദയങ്ങളിൽ സമാധാനത്തിനുള്ള ഒരു മാർഗമായി മാറുന്നു.
ഉപസംഹാരം
അല്ലാഹു നമ്മുടെ ഹൃദയങ്ങളെ അവനു പ്രസാദകരമായതിലേക്ക് നയിക്കട്ടെ, ഇഹത്തിലും പരത്തിലും നമുക്ക് വിജയം നൽകുന്നതിനായി നമ്മുടെ ആന്തരിക പോരാട്ടങ്ങളെ ലഘൂകരിക്കട്ടെ. ഇൻഷാ അല്ലാഹ് അമീൻ.