ദഅ്‌വയുടെ പ്രാധാന്യം
Islam

ദഅ്‌വയുടെ പ്രാധാന്യം

മിക്ക മുസ്ലീങ്ങളും ദഅ്‌വയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്, കാരണം ദഅ്‌വക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും, ഒരു പണ്ഡിതൻ ആകേണ്ടതുണ്ടെന്നും വിശ്വാസികൾ കരുതുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്‌ലാമിനെ പണ്ഡിതന്മാർക്ക് വേണ്ടിയും ദഅ്‌വ പ്രവർത്തനങ്ങളെ പണ്ഡിതന്മാരുടെ ചുമതലയായിട്ടുമാണ് വീക്ഷിക്കപ്പെടുന്നത്. ദഅ്‌വയ്‌ക്ക് തഫ്‌സീർ, ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങൾ മനഃപാഠമാക്കണമെന്ന് പല മുസ്ലീങ്ങളും കരുതിപോരുന്നു.

ഇത് തീർച്ചയായും ഇസ്ലാം നമ്മോട് പറയുന്നതല്ല. സത്യത്തിൽ, ഇസ്‌ലാമിനെക്കുറിച്ച് പ്രസംഗിക്കാൻ നിങ്ങൾ ഒരു പണ്ഡിതനാകണമെന്നില്ല. അതെ, നമ്മുടെ പണ്ഡിതന്മാരെ നമ്മൾ വളരെയധികം അഭിനന്ദിക്കുന്നു. അല്ലാഹു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പക്ഷേ, എല്ലാവരും പണ്ഡിതന്മാർ ആകേണ്ടതിന്റെ ആവശ്യമില്ല.

ഇസ്‌ലാം എന്നാൽ പുസ്തകങ്ങൾ മാത്രമല്ല. ഖുർആനും സുന്നത്തും നടപ്പിലാക്കുക എന്നാണ്.

ഓരോ വ്യക്തിക്കും, ഓരോ മുസ്ലിമിനും ഓരോ ജോലിയുണ്ട്. ഓരോരുത്തർക്കും അവരവരുടെ സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അതിന് ഒരാൾ പണ്ഡിതനായിരിക്കുകയോ, ശരീഅത്തിന്റെയും തഫ്‌സീറിന്റെയും ഗ്രന്ഥങ്ങൾ മനഃപാഠമാക്കുകയും ചെയ്യേണ്ടതില്ല. ആളുകൾക്ക് മറ്റ് വഴികളിലും ആ പ്രബോധന ഉദ്യമത്തിൽ ഭാഗമാകാം. ഡോക്‌ടർ, വ്യവസായി, കൊമേഴ്‌സ് വിദ്യാർത്ഥി തുടങ്ങിയ ഏത് മേഖലയിൽ പെട്ടവരാകട്ടെ, ആരെയും ഇത് ദഅ്‌വയിൽ നിന്ന് തടയുന്നില്ല; ഉദ്ദേശ്യമാണ് ഇവിടെ പ്രധാനം.

വഴിപിഴച്ച ആളുകൾക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുക എന്നത് നമ്മുടെ കടമയാണ്. അവരിൽ ചിലർക്ക് ഇസ്‌ലാമിന്റെ ഏക ഉറവിടം നമ്മളാണ്. എല്ലായ്‌പ്പോഴും ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കണമെന്നില്ല. പകരം, ഒരു നല്ല സ്വഭാവം സ്ഥാപിച്ചുകൊണ്ട് നമുക്ക് ആ ഉദ്യമം തുടങ്ങാം – മുഹമ്മദ് (സ) യുടെ  സുന്നത്തു അനുസരിച്ച് നമുക്ക് അവരോട് ശരിയായ രീതിയിൽ പെരുമാറാൻ കഴിയുമെങ്കിൽ, അവർ തീർച്ചയായും ആ നടപടികൾക്ക് മറുപടി നൽകുകയും ഇസ്‌ലാമിനെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കുകയും ചെയ്യും.

നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്റെ സീറയിൽ നിന്നുള്ള ഒരു സംഭവം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: മുഹമ്മദ് നബി (സ) ഒരിക്കൽ  മക്കയിൽ നിന്ന് നിരവധി ചാക്കുകൾ ഏന്തി ക്ഷീണിച്ചു നടന്ന് പോകുന്ന ഒരു സ്ത്രീയെ സമീപിച്ചു. “എനിക്ക് നിങ്ങളെ സഹായിക്കാനാകുമോ?” പ്രവാചകൻ(സ) ചോദിച്ചു. “അതെ,” അവൾ മറുപടി പറഞ്ഞു, “ഞാൻ മക്ക വിടാൻ ശ്രമിക്കുകയാണ്. എനിക്കായി ഈ ചാക്ക് കെട്ടുകൾ കൊണ്ടുപോകാമോ?” പ്രവാചകൻ (സ) അവളുടെ ചാക്കുകൾ തോളിലേറ്റി മലമുകളിലുടനീളം വഹിച്ചു. എന്നിട്ട് അവളോട് ചോദിച്ചു “നീ എന്തിനാണ് പോകുന്നത്?” അവൾ മറുപടി പറഞ്ഞു: “മുഹമ്മദ് എന്ന് വിളിക്കപ്പെടുന്ന ഒരാളെ ക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അവൻ ഒരു മാന്ത്രികനാണ്. അവൻ പിതാവിനെ മകനെതിരെ തിരിക്കുകയും നമ്മുടെ സമൂഹത്തെ മുഴുവൻ നശിപ്പിക്കുകയും ചെയ്യുന്നു. അവസാനം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിചേർന്നപ്പോൾ പ്രവാചകൻ ആ ചാക്ക്കെട്ടുകൾ അവിടെ ഇറക്കിവെച്ചു. ആ സ്‌ത്രീ പറഞ്ഞു, “നിനക്കു തരാൻ എന്റെ പക്കൽ ഒന്നുമില്ല, പക്ഷേ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കും. എന്താണ് നിന്റെ പേര്?” “നിങ്ങൾ ഈ വഴി മുഴുവൻ സംസാരിച്ചത് എന്നെക്കുറിച്ചാണ്” എന്ന് മുഹമ്മദ് നബി (സ) പറഞ്ഞു. ഞെട്ടിപ്പോയ ആ സ്ത്രീ , ഉടനെ ഷഹാദ പ്രഖ്യാപിച്ചു.

മുഹമ്മദ് നബി(സ)യുടെ പെരുമാറ്റം കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. പ്രവാചകൻ (സ) അവളോട് പ്രസംഗിച്ചില്ല, ഇസ്ലാമിനെക്കുറിച്ച് അവളോട് ഒന്നും പറഞ്ഞില്ല, പക്ഷേ അവൾക്ക് ഒരു കൈ സഹായം നൽകി. അവൾ അദ്ദേഹത്തെ അപമാനിച്ചപ്പോഴും പ്രവാചകൻ(സ) തന്റെ സഹായഹസ്ത്തം തുടർന്നു. സുബ്ഹാനല്ലാഹ്! ഇതായിരുന്നു നമ്മുടെ പ്രവാചകൻ (സ).

നാമെല്ലാവരും ഇസ്ലാമിന്റെ അംബാസഡർമാരാണ്. നമ്മൾ എന്ത് ചിലരോട് ചെയ്താലും പറഞ്ഞാലും അതാണ് ഇസ്ലാം. നമ്മളെ സംബന്ധിച്ചിടത്തോളം, ഇത് ഒരു പ്രോജക്റ്റിലെ ഒരു സഹായ ഹസ്തമോ ലളിതമായ ഒരു ആശംസയോ ആകാം, എന്നാൽ അതിന്റെ സ്വാധീനം വളരെ വലുതായിരിക്കും. സഹപ്രവർത്തകരോട് നല്ല രീതിയിൽ പെരുമാറുന്നതിലൂടെ അവരെ ഇസ്ലാമിലേക്ക് അടുപ്പിക്കാം. അല്ലാഹു എങ്ങനെയാണ് ആളുകളെ നേർവഴിയിലാക്കാൻ പദ്ധതിയിടുന്നതെന്ന് നമുക്കറിയില്ല.

ഖുർആനും സുന്നത്തും പിൻപറ്റി ജീവിക്കണം. മുഹമ്മദ് നബി (സ) പറഞ്ഞതുപോലെ:

നിങ്ങൾ കാരണം അല്ലാഹു ഒരാളെ നേർവഴിയിലാക്കിയാൽ, അത് ഭൂമിയും  അതിനകത്തുള്ളതും  നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ മികച്ചതാണ്.

സുമയ്യ മുഹമ്മദ്

ഈ ലോകത്തും പരലോകത്തും വിജയം നേടുന്നതിനായി ഖുർആനും ഹദീസും പിന്തുടരേണ്ടത് നിർബന്ധമാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമാണ് സുമയ്യ മുഹമ്മദ്.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...