ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം, അല്ലാഹുവിന്റെ വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുകയും അതത് മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ലേഖനം ചരിത്രത്തിലെ ഏറ്റവും മികച്ച 6 സ്ത്രീകളെ പരിജയപ്പെടുത്തുന്നു. തങ്ങളുടെ കുടുംബജീവിതവും ജോലിയും ഏറ്റവും മർമ്മപ്രധാനമായ ദീനും തമ്മിൽ ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ ആഗ്രഹിക്കുന്ന ആധുനിക മുസ്ലീം സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന മികച്ച ഉദാഹരണങ്ങളാണ് ഈ സ്ത്രീരത്നങ്ങൾ.
മറിയം ബിൻത്-ഇമ്രാൻ (അ)
ഈസ നബിയുടെ (അ) മാതാവ് മറിയം (അ) ലോകത്ത് ജീവിച്ച ഏറ്റവും മികച്ച സ്ത്രീയാണെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു: അവരുടെ കുറ്റമറ്റ സ്വഭാവം എല്ലാ പ്രായത്തിലുമുള്ള മുസ്ലീം സ്ത്രീകൾക്കും ഒരു മാതൃകയാണ്. അല്ലാഹുവിനോടുള്ള അവരുടെ ആത്മാർത്ഥമായ ഭക്തിയും വിശ്വാസവും മറിയം ബീവിയുടെ തികഞ്ഞ ആരാധനയെയും പെരുമാറ്റത്തെയും കൃത്യമായി പ്രതിഫലിപ്പിച്ചു.
ഖദീജ ബിൻത്-ഖുവൈലിദ് (റ)
വിശ്വാസത്തിന്റെയും ഉൽപ്പാദനക്ഷമതയുടെയും നിരുപാധിക പിന്തുണയുടെയും സമാനതകളില്ലാത്ത മൂർത്തീഭാവമായിരുന്നു ഖദീജ(റ). പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ വലിയ സമ്പത്തും ബിസിനസ്സ് കഴിവുകളും പാരമ്പര്യമായി തന്നെ ലഭിച്ച അവർ പിതാവിന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയും കുടുംബത്തിന്റെ സമ്പത്ത് സംരക്ഷിക്കുകയും ചെയ്തു.
എന്നിരുന്നാലും, അവർ ഈ സമ്പത്ത് ഭൗതിക കാര്യങ്ങൾക്കായി പാഴാക്കിയില്ല. അവർ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും വസ്ത്രങ്ങൾ നൽകുകയും ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കുകയും വിവാഹം കഴിക്കാൻ മാർഗമില്ലാത്ത ബന്ധുക്കളുടെ വിവാഹം നടത്തുകയും ചെയ്തു.
ആഇശ ബിൻത്-അബൂബക്കർ (റ)
തിരുമേനി(സ)യുടെ പ്രിയ പത്നി ആയിഷ(റ) ദയയ്ക്ക് പേരുകേട്ടവരായിരുന്നു. അവർ ഒരു അർപ്പണബോധമുള്ള ഭക്തയും വിദ്യാഭ്യാസ വിചക്ഷണയും പണ്ഡിതയും ശാസ്ത്ര അധ്യാപികയുമായിരുന്നു. ഖുർആനും ഹദീസും മനപാഠമാക്കുന്നതിൽ അവർ വിദഗ്ധയായിരുന്നു. എന്തിനേറെ അവർ ഒരു രാഷ്ട്രീയ നേതാവായിരുന്നു.
ഫാത്തിമ ബിൻത്-മുഹമ്മദ് (റ)
അനുഗ്രഹീതനായ പ്രവാചകന്റെ (സ) മകൾ ഫാത്തിമ (റ) അനുസരണയുള്ള ഭാര്യയും കരുതലുള്ള അമ്മയുമായിരുന്നു. അവർ ഉൽപ്പാദനക്ഷമതയുടെയും സന്തുലിതാവസ്ഥയുടെയും ഒരു ഐതിഹാസിക ദീപസ്തംഭമാണ്: തന്റെ കുടുംബത്തോട് അഗാധമായ പ്രതിബദ്ധതയുള്ള അല്ലാഹുവിന്റെ തീക്ഷ്ണ ആരാധക. അവർ വിശ്വസ്തയായ ഭാര്യയും മികച്ച മകളും കൂടാതെ ദരിദ്രരുടെയും നിരാലംബരുടെയും നല്ല സഹായിയായിരുന്നു. സ്വയം പട്ടിണി കിടന്നാലും തന്റെ പക്കലുള്ള എല്ലാ ഭക്ഷണവും ആവശ്യമുള്ളവർക്ക് പലപ്പോഴും ദാനധർമ്മമായി നൽകുമായിരുന്നു ഈ അതുല്യ സ്ത്രീരത്നം. ദൈനംദിന ജോലികൾക്ക് വേണ്ടി കൂടുതൽ സമയവും അധ്വാനവും ചെലവഴിക്കേണ്ടിവന്നിട്ടും, കുടുംബബന്ധത്തിന്റെ പ്രാധാന്യം അവർ ഒരിക്കലും മറന്നില്ല.
ആസിയ ബിൻത്-മുസാഹിം (റ)
ഈജിപ്തിലെ ഏറ്റവും ശക്തനും അഹങ്കാരിയും സ്വേച്ഛാധിപതിയുമായ ഒരു ഭരണാധികാരിയുടെ ഭാര്യയാണെങ്കിലും, പ്രവാചകൻ മൂസ (റ) യുടെ സന്ദേശത്തിലെ സത്യം കാണാനും അംഗീകരിക്കാനും കഴിയുന്ന വിവേചനാധികാരമുള്ള ഒരു ഹൃദയം അവർക്കുണ്ടായിരുന്നു എന്നതാണ് ആസിയ (റ)യുടെ മഹത്വം. അവരെ സംബന്ധിച്ചിടത്തോളം, സമ്പത്തും സൗന്ദര്യവും പദവിയും മാനുഷിക മികവിന്റെ പ്രധാന മാനദണ്ഡമായിരുന്നില്ല: അല്ലാഹുവിലുള്ള വിശ്വാസമില്ലാത്ത മനുഷ്യൻ ഒന്നുമില്ലെന്ന് അവർ തിരിച്ചറിഞ്ഞു. കൂടുതൽ ശാശ്വതവും മനോഹരവുമായ കാര്യങ്ങൾക്കായി അവർ ഫറവോന്റെ സുഖപ്രദമായ കൊട്ടാരങ്ങളുടെ എല്ലാ ആഡംബരങ്ങളും സ്വമേധയാ ഉപേക്ഷിച്ചു: അല്ലാഹുവുമായി കൂടുതൽ അടുക്കുക്കാൻ വേണ്ടി മാത്രമായിരുന്നു അത്.
ഉമ്മു സുലൈം (റ)
ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത ആദ്യകാല സ്ത്രീകളിൽ ഒരാളായ ഉമ്മു സുലൈം (റ) സത്യസന്ധതയ്ക്കും വിശ്വസ്തതയ്ക്കും ധൈര്യത്തിനും പേരുകേട്ടവരായിരുന്നു. ഗർഭിണിയായിരിക്കെ ഉഹ്ദ് യുദ്ധത്തിൽ പോലും അവർ പങ്കെടുത്തു.