അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ
Islam

അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ

ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് – അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്.

അള്ളാഹു നമുക്കായി നിലകൊള്ളുന്ന  10 വഴികൾ

ഈ ലേഖനത്തിൽ, ഒരു സംരക്ഷകനും സുഹൃത്തും എന്ന നിലയിൽ അള്ളാഹു നമ്മെ സഹായിക്കുന്നതും  നിരീക്ഷിക്കുന്നതും സംരക്ഷിക്കുന്നതും ആയ ചില വഴികളെ കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയുന്നത്.

 1.  അല്ലാഹു എപ്പോഴും നമ്മോടൊപ്പമുണ്ട്.

ഖുർആനിലെ സൂറത്ത് ഖാഫിൽ അല്ലാഹു പറയുന്നു: [1]

 തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു.

ഇതിനർത്ഥം അവൻ നമ്മോടൊപ്പമുണ്ടെന്ന് നമുക്ക് തോന്നുന്നില്ലെങ്കിലും, നമ്മുടെ ജീവിതത്തിലുടനീളം അവന്റെ സാന്നിധ്യം സ്ഥിരമായി നിലനിൽക്കും. നമ്മുടെ സ്രഷ്ടാവെന്ന നിലയിൽ അല്ലാഹുവിന് അർഹമായ സമയം നൽകാൻ നാം ചിലപ്പോഴൊക്കെ മറന്നുപോകും വിധമാണ് നമ്മുടെ തിരക്കുകളും സഹവാസങ്ങളും. അതുകൊണ്ടാണ് നാം എപ്പോഴും അല്ലാഹുവിനെ ഓർമ്മിക്കുകയും, കഴിയുന്നത്ര തവണ പ്രാർത്ഥിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുള്ളത്. നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അല്ലാഹു നമുക്കുവേണ്ടി ഉണ്ടെന്ന് മനസ്സിലാക്കുക മർമ്മപ്രധാനമാണ്.

 2.   അല്ലാഹു നമ്മെ ഒരിക്കലും കൈവിടില്ല.

നമ്മിൽ ആരും പൂർണരല്ല, നാമെല്ലാവരും തെറ്റുകൾ വരുത്തുന്നു. ഇതിൽ മറച്ചുവെക്കാൻ  ഒന്നുമില്ല. അള്ളാഹുവിന് ഇത് നന്നായി അറിയാം, നമ്മുടെ അസംഖ്യം തെറ്റുകൾ അവൻ പൊറുത്തുതരുന്നത് നമ്മോടുള്ള അവന്റെ കരുണയും സ്നേഹവും കൊണ്ടാണ്. നമ്മുടെ ശിക്ഷ വൈകിപ്പിക്കുന്നതോടപ്പം നമ്മുടെ വഴികൾ ശരിയാക്കാൻ പ്രേരിപ്പിക്കുന്ന മുന്നറിയിപ്പുകളായി അവൻ നിരന്തരം സൂക്ഷ്മമായ അടയാളങ്ങൾ നൽകുന്നു. നമ്മളിൽ ചിലർ ഇത് മനസ്സിലാക്കുന്നു, നമ്മളിൽ പലരും അത് മനസ്സിലാക്കുന്നില്ല.

പാപത്തിന്റെയും അഹങ്കാരത്തിന്റെയും ഇരുണ്ടയറകളിൽ ആനന്തം കണ്ടത്തുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ കുറവുകളെ മറക്കുന്നു. ഖുർആനിൽ അല്ലാഹു പറയുന്നത് പോലെ: [2]

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.

നിത്യപാപികൾക്ക് പോലും, അല്ലാഹു പാപമോചനത്തിന്റെ വാതിലുകൾ മരണം വരെ തുറന്നിടുന്നു.

അങ്ങനെ, ആവർത്തിച്ചുള്ള തെറ്റുകൾക്കിടയിലും, നമ്മോടുള്ള അനന്തമായ സ്നേഹം കാരണം, അല്ലാഹു നമ്മോട് ക്ഷമിക്കാൻ എപ്പോഴും തയ്യാറാണ്.

 3.  നാം നമ്മുടെ പരമാവധി ശ്രമിക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.

ഖുർആനിൽ ഇത് സൂചിപ്പിച്ചിരിക്കുന്നു: [3]

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ.

ഇതിനർത്ഥം ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളും പ്രതിബന്ധങ്ങളും അല്ലാഹു നൽകിയതാണ്, അവ യഥാർത്ഥത്തിൽ നമുക്കുള്ള ഒരു പരീക്ഷണമാണ്.

അത്തരം ലൗകിക പോരാട്ടങ്ങൾ അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗവും അവനാണ് യഥാർത്ഥ ഗുരുവെന്ന് തിരിച്ചറിയാനുള്ള ഒരു മാധ്യമവുമാണ്. അവന്റെ സഹായമില്ലാതെ നമ്മൾ ഒന്നുമല്ല.

  4. അല്ലാഹു എപ്പോഴും നമ്മോട് പ്രതികരിക്കും.

അല്ലാഹു പറയുന്നു: [4]

എന്നെ വിളിക്കുവിൻ; ഞാൻ നിങ്ങളോട് പ്രതികരിക്കും.

ഇതിനർത്ഥം നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അല്ലാഹുവിനെ വിളിച്ചാൽ മതി എന്നാണ്. അവൻ എപ്പോഴും നമ്മെ ശ്രദ്ധിക്കും. ഒരു ഉറുമ്പിന്റെ ചിന്തകൾ പോലും അവന് കേൾക്കാൻ കഴിയും, എല്ലാത്തിനുമുപരിയായി!

   5.  അല്ലാഹു നമ്മെ നേർവഴിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നു.

അള്ളാഹുവിന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് വിശുദ്ധ ഖുർആൻ. അവൻ ഈ അത്ഭുതം ഇറക്കിയില്ലായിരുന്നുവെങ്കിൽ, നാം പൂർണ്ണമായും നഷ്ട്ടപ്പെട്ടു അഗാധമായ പാപത്തിലും അന്ധകാരത്തിലും മുങ്ങിത്തപ്പുമായിരുന്നു. അല്ലാഹുവിന്റെ വിശ്വാസവും സ്‌നേഹവും കാരുണ്യവും നേടാൻ നമുക്ക് ആവശ്യമായതെല്ലാം ഖുർആൻ മുന്നോട്ടുവെക്കുന്നു. കൂടാതെ, ദുൻയാവിലും ആഖിറത്തിലും വിജയിക്കുന്നതിന് ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്നും അത് നമ്മെ പഠിപ്പിക്കുന്നു.

അല്ലാഹുവിന്റെ മഹത്വത്തെയും വിശേഷണങ്ങളെയും കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിധി കൂടിയാണ് ഖുർആൻ. അതിനാൽ, അത് മനസിലാക്കാനും അത് പ്രതിഫലിപ്പിക്കാനും നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കാനും ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്.

  6.  അല്ലാഹുവിന് 99 പേരുകളുണ്ട് – ഒരു കാരണത്താൽ!

അല്ലാഹുവിന് മനോഹരമായ 99 പേരുകളുണ്ടെന്ന് നമുക്കറിയാം. അവന്റെ എല്ലാ നാമങ്ങളും അല്ലാഹുവിന്റെ മഹത്വത്തിന്റെയും ശ്രേഷ്ഠതയുടെയും ഉചിതമായ വിവരണവും സാക്ഷ്യവുമാണ്. മനുഷ്യരായ നമുക്ക് വ്യക്തിപരമായ തലത്തിൽ അവനുമായി ബന്ധപ്പെടാൻ ഈ പേരുകൾ സഹായിക്കുന്നു. അവന്റെ ഓരോ പേരുകളും സവിശേഷവും അതുല്യവുമായ അർത്ഥം നൽകുന്നു. അല്ലാഹുവിനെ അവന്റെ നാമങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിലൂടെ അവനുമായി കൂടുതൽ അടുക്കാനും മെച്ചപ്പെട്ട രീതിയിൽ ബന്ധപ്പെടാനും നമുക്ക് കഴിയും.

  7.  അല്ലാഹുവിനാണ് പരമാധികാരം.

മനുഷ്യർ  ദുർബലരാണ്. നമ്മൾ ജീവിതത്തെ നിസ്സാരമായി കാണുന്നു, ഉല്ലാസത്തിനായി സമയം ചെലവഴിക്കുന്നു, എന്നാൽ നമ്മൾ ദുർബലരായ ജീവികളാണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. നമ്മുടെ ആരോഗ്യവും സമ്പത്തും എന്തിനേറെ കുടുംബം പോലും ശാശ്വതമല്ല.

അല്ലാഹുവിന് എല്ലാറ്റിനും ശക്തിയുണ്ട്. അള്ളാഹുവിന്റെ മുന്നിൽ നമ്മുടെ നിസ്സഹായത തിരിച്ചറിഞ്ഞ്, നമ്മുടെ ജീവിതത്തിന്മേൽ അല്ലാഹുവിന് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ആത്മാർത്ഥമായി അംഗീകരിക്കുന്നതിലൂടെ, നമുക്ക് യഥാർത്ഥ സമാധാനം കൈവരിക്കാൻ കഴിയും.

ഇസ്ലാം എന്നാൽ സമർപ്പണമെന്നാണ്, അപ്പോൾ ചോദ്യം ഉയരുന്നത് എന്തിനുവേണ്ടിയാണ് സമർപ്പണം? അതിനുള്ള വ്യക്തവും എളുപ്പവുമായ ഉത്തരം, അള്ളാഹുവിന്റെ ഇച്ഛയ്ക്ക് കീഴടങ്ങുക എന്നതാണ്. അല്ലാഹുവിന്റെ ഇച്ഛയ്ക്ക് കീഴ്പ്പെട്ടാൽ നമുക്ക് ഇഹത്തിലും പരത്തിലും വിജയം നേടാം. അതിനാൽ, നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളെക്കുറിച്ച് അമിതമായി വിഷമിക്കുന്നതിനുപകരം, അള്ളാഹു പരമശക്തനാണെന്ന് തിരിച്ചറിഞ്ഞു,  അവൻ നമുക്കുവേണ്ടി ഏറ്റവും മികച്ച പദ്ധതികൾ ഒരുക്കിവെച്ചിട്ടുണ്ട് എന്ന്  വിശ്വസിക്കണം. കാരണം അവൻ എപ്പോഴും നമുക്കുവേണ്ടിയാണ് നിലകൊള്ളുന്നത്.

  8.  അല്ലാഹു ഏറ്റവും മികച്ച  പ്രശ്‌നപരിഹാരകനാണ്.

ചില സമയങ്ങളിൽ, ജീവിതത്തിൽ വലിയ പ്രതിസന്ധിയിൽ നാം ചെന്നു വീഴും. നമുക്ക് സ്വന്തമായി ഒരു വ്യക്തമായ വഴി കണ്ടെത്താൻ കഴിയില്ലെന്ന് തോന്നിയേക്കാം.

അപ്പോഴാണ് നാം അല്ലാഹുവിനെ സ്മരിക്കേണ്ടത്. ഖുർആനിൽ ഇത് സൂചിപ്പിച്ചിരിക്കുന്നത് പോലെ: [5]

നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന്‌ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.

  9.  അള്ളാഹു നമ്മെ പല തരത്തിൽ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നു.

നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് അല്ലാഹു പ്രവർത്തിക്കുന്നത്. ചില സമയങ്ങളിൽ അവൻ നമുക്ക് താക്കീതുകൾ തരുന്നത്  അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ വെച്ചായിരിക്കും. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ എല്ലായിടത്തും ദൃശ്യമാണ്, എന്നാൽ നമ്മുടെ ഇടയിലെ മനസ്സുള്ളവർക്ക് മാത്രമേ അവ കാണാനും ശ്രദ്ധിക്കാനും കഴിയൂ.

നമുക്ക് വേണ്ടിയുള്ള അല്ലാഹുവിന്റെ പദ്ധതികളാണ് നമുക്ക് വേണ്ടത്. ചില സമയങ്ങളിൽ, നമുക്ക് പ്രയാസമോ വിഷാദമോ തോന്നിയേക്കാം. നമ്മുടെ സ്രഷ്ടാവായ അള്ളാഹുവിന് നമുക്കുവേണ്ടി ഒരു പദ്ധതിയുണ്ടെന്നും നമ്മെ പിന്തുണയ്ക്കാനും സഹായിക്കാനും അവൻ എപ്പോഴും ഉണ്ടായിരിക്കുമെന്നും നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ട സമയമാണിത്. ഖുറാൻ ഉദ്ധരിക്കുന്നു: [6]

… കൂടാതെ അല്ലാഹു ആസൂത്രണം ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണ്.

  10.  അല്ലാഹുവിന്റെ കാരുണ്യം ഈ ജീവിതത്തിലൂടെയും അതിനപ്പുറവും വ്യാപിക്കുന്നു.

ആവശ്യമുള്ളപ്പോൾ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളുടെ കാര്യത്തിൽ ഇത് ശരിയാണെങ്കിലും, അല്ലാഹുവല്ലാത്ത മറ്റാർക്കും ഈ വാക്യങ്ങളോട് പൂർണ്ണമായും നീതി പുലർത്താൻ കഴിയില്ല.

നമ്മുടെ മരണശേഷം, ന്യായവിധി നാളിൽ നാം ഉയിർത്തെഴുന്നേൽക്കുമ്പോൾ, അള്ളാഹു മാത്രമായിരിക്കും നമ്മുടെ പ്രതീക്ഷ. അവൻ നമുക്കൊപ്പം ഉണ്ടാകും, അവന്റെ കാരുണ്യമില്ലാതെ സമാധാനവും സ്വർഗ്ഗവും നേടാമെന്ന് നമുക്ക് ചെറുതായി പോലും പ്രതീക്ഷിക്കാനാവില്ല.

വാസ്തവത്തിൽ, അല്ലാഹു നമ്മെ പരിപാലിക്കുന്നു, നമ്മുടെ ചെറിയ നല്ല പ്രവൃത്തികൾക്ക് പോലും പ്രതിഫലം നൽകുന്നു. അവൻ ഏറ്റവും നീതിമാനാണ്, നിസ്സംശയം! അല്ലാഹു പരമകാരുണികനും അർ-റഹ്മാനും അർ-റഹീമും ആണ്. നാം ചെയ്യേണ്ടത് എളിമയുള്ളവരായിരിക്കുക, അവനോടുള്ള നമ്മുടെ കടമകൾ ഓർക്കുക, അവനോട്‌ പാപമോചനം തേടുക എന്നതാണ്.

റഫറൻസ്

  1. The Quran 50:16 (Surah Qaf)
  2. The Quran 22:46 (Surah al-Haj)
  3. The Quran 02:286 (Surah al-Baqarah)
  4. The Quran 40:60 (Surah Ghafir)
  5. The Quran 03:103 (Surah al-Imran)
  6. The Quran 08:30 (Surah al-Anfal)

സമീൻ ഫാത്തിമ

സമീൻ ഫാത്തിമ ഒരു അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥിയാണ്. അവർ ഇസ്ലാമിനെ സ്നേഹിക്കുന്നു, തീർച്ചയായും ഇസ്ലാം ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് വായിക്കാൻ ഇഷ്ടപ്പെടുന്നു. ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും അത് പരമാവധി പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചും സമീൻ പലപ്പോഴും ചിന്തിക്കുന്നു. അവർ കാർട്ടൂണുകൾ കാണാൻ ഇഷ്ടപ്പെടുന്നു, കാരണം കാർട്ടൂണുകൾ കാണുന്നതിന് പ്രായ പരിതിയില്ല :-)

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...