പ്രവാചകൻ മുഹമ്മദ് നബി (സ) എന്താണ് പറഞ്ഞതെന്ന് അന്വേഷിക്കാനുള്ള നമ്മുടെ തിടുക്കത്തിൽ, പ്രത്യേക ഹദീസ് ആരാണ് റിപ്പോർട്ട് ചെയ്തത് എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ, ഹദീസ് നിവേദനം ചെയ്തത് അബൂഹുറൈറ (റ) ആണെന്ന് നമുക്ക് കാണാം. ഇസ്ലാമിക വിശ്വാസം പുൽകിയ ഈ അതുല്യ പ്രതിഭ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവാചകനോടൊപ്പമാണ് ചെലവഴിച്ചത്.
ഹസ്രത്ത് അബു ഹുറൈറ(റ)യുടെ ജീവിതത്തിൽ നിന്ന് മുസ്ലീം യുവാക്കൾക്ക് ധാരാളം പാഠങ്ങളുണ്ട്.
മാതാപിതാക്കളോടുള്ള സ്നേഹം
ദൗസ് ഗോത്രത്തിൽ നിന്നുള്ള അബു ഹുറൈറ (റ) ചെറുപ്പത്തിൽ തന്നെ അത്-തുഫൈൽ ഇബ്‌നു അംർ അദ്-ദൗസിയുടെ ശ്രമഫലമായി ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കി. അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ സന്തതസഹചാരിയാകാൻ മദീനയിലേക്ക് താമസം മാറിയ അദ്ദേഹം മാതാവിനെയും തന്നോടൊപ്പം മദീനയിലേക്ക് കൊണ്ടുവന്നു. ഇത് തന്നെ ഒരു നിർണായക പോയിന്റാണ്. പലപ്പോഴും നമ്മുടെ യൗവന ആദർശവാദത്താലും സ്വതന്ത്രരാകാനുള്ള ആഗ്രഹത്താലും നമ്മൾ സ്വന്തത്തിലേക്കു മാത്രം ഒതുങ്ങുകയും, മാതാപിതാക്കളെ പരിപാലിക്കുന്നതിന്റെ ഭാരത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.
എന്നാൽ അബു ഹുറൈറ (റ) തന്റെ മാതാവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി, അവരുടെ കൂടെ താമസിക്കുകയും മാതാവിന്റെ വാർദ്ധക്യത്തിൽ അവരെ പരിചരിക്കുകയും ചെയ്തു. അബു ഹുറൈറ(റ)യെയും അദ്ദേഹത്തിന്റെ മാതാവിനെയും സംബന്ധിച്ച് അൽ-ബാഷ ഹൃദയസ്പർശിയായ ഒരു സംഭവം വിവരിക്കുന്നു. അബു ഹുറൈറ (റ) തന്റെ മാതാവിനെ ഇസ്‌ലാമിനെക്കുറിച്ചുള്ള സത്യം ബോധ്യപ്പെടുത്താൻ പലതവണ ശ്രമിച്ചത് വൃഥാവിലായി. അവർ ദേഷ്യപ്പെടുകയും അദ്ദേഹത്തിൽ നിന്ന് അകന്നുപോകുകയും ചെയ്യുമ്പോൾ, അദ്ദേഹം “അവരെ ശല്യം ചെയ്യാതെ, സങ്കടത്തോടെ പോകും.”
ഒരിക്കൽ അദ്ദേഹത്തിന്റെ മാതാവ് മുഹമ്മദ് നബി (സ)യെക്കുറിച്ച് വളരെ ക്രൂരമായ ഒരു കാര്യം പറഞ്ഞു. ഇത് കേട്ട അദ്ദേഹം പ്രവാചകനോട് കരഞ്ഞുകൊണ്ട് അപേക്ഷിച്ചത്, “അവരുടെ ഹൃദയം ഇസ്‌ലാമിലേക്ക് ചായാൻ സർവശക്തനായ അള്ളാഹുവിനോട് പ്രാർത്ഥിക്കണമേ” എന്നായിരുന്നു. കുറച്ച് കഴിഞ്ഞ് അബു ഹുറൈറ (റ) വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ മാതാവ് ശഹാദത്ത് (വിശ്വാസത്തിന്റെ സാക്ഷ്യം) ചെല്ലുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചു.
സൽ സ്വഭാവികളുടെ കൂട്ടുകെട്ടിനോടുള്ള സ്നേഹം
മദീനയിൽ എത്തിയപ്പോൾ, അബു ഹുറൈറ (റ) വിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: സജ്ജനങ്ങളുടെ സഹവാസത്തിൽ ആയിരിക്കുകയെന്നതായിരുന്നു അത്. എന്നാൽ മുഹമ്മദ് നബി (സ) യെക്കാൾ കൂടുതൽ മികച്ച വ്യക്തിത്വത്തിന്ന് ഉടമയാകാൻ ആർക്ക് കഴിയും! ഒരു പുതിയ നഗരത്തിൽ എത്തുമ്പോൾ, ജീവിക്കാനുള്ള ഒരിടം, ജോലിസ്ഥലം,സൗഹൃദ വലയം എന്നിവയെക്കുറിച്ച് ആർക്കും ആശങ്കയുണ്ടാകും. എന്നിരുന്നാലും, മുഹമ്മദ് നബി (സ) യുടെ കൂടെ ആയിരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വളരെ ശക്തമായിരുന്നു, അദ്ദേഹം തന്റെ ഉണർന്നിരിക്കുന്ന നിമിഷങ്ങളിൽ ഭൂരിഭാഗവും പ്രവാചകന്റെ കൂടെ ചെലവഴിച്ചു.
അബു ഹുറൈറ (റ) ഇന്നത്തെ പലരിൽ നിന്നും വ്യത്യസ്തമായി സമയം ചിലവഴിച്ചത് നിരീക്ഷിക്കാനും മാനസിക കുറിപ്പുകൾ ഉണ്ടാക്കാനും തന്റെ കൺമുന്നിൽ നടക്കുന്ന സംഭവങ്ങളും വാക്കുകളും പ്രവൃത്തികളും അക്ഷരാർത്ഥത്തിൽ മനഃപാഠമാക്കാനുമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ തന്നെ പഠനത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ താൽപ്പര്യവും സജ്ജനങ്ങളുടെ കൂട്ടത്തിൽ സഹവസിക്കാനുള്ള പ്രേരണയും കാണാം.
നമ്മുടെ മുഹാജിർ (കുടിയേറ്റ) സഹോദരങ്ങൾ അവരുടെ കച്ചവടവുമായി (വിലപേശലുകൾ) കമ്പോളത്തിൽ തിരക്കിലായിരുന്നു, ഞങ്ങളുടെ അൻസാരി സഹോദരന്മാർ അവരുടെ വസ്തുവകകളിൽ (കൃഷി) തിരക്കിലായിരുന്നു. എങ്കിലും, ഞാൻ (അബു ഹുറൈറ (റ)) അല്ലാഹുവിന്റെ റസൂൽ (സ) യുടെ കൂടെയുള്ള ജീവിതത്തിൽ സംതൃപ്തനായിരുന്നു, അവർ പങ്കെടുക്കാത്തതിൽ ഞാൻ പങ്കെടുക്കുകയും അവർ മനഃപാഠമാകാത്തത് ഞാൻ മനഃപാഠമാക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി 3:118)
ശക്തമായ ദാരിദ്ര്യം അനുഭവിച്ചിരുന്ന അദ്ദേഹം തന്റെ ലൗകിക ഇച്ഛകളെ അടിച്ചമർത്താൻ വലിയ കഴിവ് നേടിയിരുന്നു. അദ്ദേഹം പലപ്പോഴും പട്ടിണി കിടന്നാണെങ്കിലും പ്രവാചകന്റെ അടുത്ത സഹവാസം ഇഷ്ടപ്പെട്ടു.
ഒരിക്കൽ അബൂഹുറൈറ(റ) തന്നെ പ്രസ്താവിച്ചു.
“ഞാൻ എന്റെ വയറു നിറയ്ക്കാൻ അല്ലാഹുവിന്റെ ധൂതനെ (സ) അനുഗമിക്കുമായിരുന്നു; ഞാൻ വേവിച്ച അപ്പം കഴിക്കുകയോ പട്ട് ധരിക്കുകയോ ചെയ്യാത്ത സമയമായിരുന്നു അത്. ഒരു അടിമയായ ആണോ പെണ്ണോ എന്നെ സേവിക്കാറില്ല, എന്റെ വയറ്റിൽ കല്ല് കെട്ടി നടന്നിരുന്ന ഞാൻ ആരോടെങ്കിലും എനിക്കറിയാവുന്ന തന്നെ ഒരു ഖുറാൻ വാക്യം പറഞ്ഞുതരാൻ ആവശ്യപ്പെടുമായിരുന്നു, അങ്ങനെയെങ്കിലും എന്നെ അവരുടെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തരുമല്ലോ. ജാഫർ ഇബ്‌നു അബി താലിബ് പാവങ്ങളോട് വളരെ ദയയുള്ളവനായിരുന്നു, അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ വീട്ടിൽ ലഭ്യമായതെല്ലാം ഭക്ഷിക്കാൻ തരുമായിരുന്നു, (ഒന്നും ലഭ്യമല്ലെങ്കിൽ),അദ്ദേഹം ഞങ്ങൾക്ക് ഒഴിഞ്ഞ (തേൻ അല്ലെങ്കിൽ വെണ്ണ) തൊലി തരുമായിരുന്നു. അതിൽ ഉള്ളത് ഞങ്ങൾ കീറി നക്കും.” (ബുഖാരി 65:343)
ഒരുപക്ഷേ ദാരിദ്ര്യത്തിന്റെ അവശതയിലും വിജ്ഞാനത്തിന്റെ ആകാശം കീഴടക്കാൻ വെമ്പൽ കൊള്ളുന്നവർ നമുക്ക് ചുറ്റും കാണും. അവരെ സഹായിക്കുന്നതിലോ അവർക്ക് ഭക്ഷണം നൽകുന്നതിലോ അവരോട് ദയ കാണിക്കുന്നതിലോ മനസ്സലിവ് കാണാത്ത നമ്മൾ അവരെ കളിയാക്കാൻ താൽപ്പര്യപ്പെടും, കൂടാതെ അവരോട് ജോലി ചെയത് ഭക്ഷണം കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്യും. അടുത്ത തവണ ആ രീതിയിൽ ചിന്തിക്കുമ്പോൾ, അബു ഹുറൈറ (റ)യെപ്പോലുള്ള മഹാ വ്യക്തികളെ ക്കുറിച്ച് ചിന്തിക്കാം.
മുഹമ്മദ് നബി (സ) യുടെ പ്രബോധനങ്ങളിൽ നിന്ന് മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തെ ഇത്രയധികം പ്രേരിപ്പിച്ചതെന്താണ്? അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ:
“ഞാൻ ധാരാളം ഹദീസുകൾ (നബിയുടെ പാരമ്പര്യങ്ങൾ) നിവേദനം ചെയിതിട്ടുണ്ടെന്നു ആളുകൾ പറയുന്നു. ഖുർആനിലെ രണ്ട് വാക്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഞാൻ ഒരു ഹദീസ് പോലും നിവേദനം ചെയ്യില്ലായിരുന്നു, ആ സൂക്തങ്ങൾ ഇവയാണ്:
നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, ( സത്യം ജനങ്ങള്‍ക്ക് ) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (അൽ-ബഖറ 2:159-160). (ബുഖാരി 3:118)
പ്രവാചകൻ മുഹമ്മദ് നബി (സ) യുമായി അടുത്ത സാമീപ്യം പുലർത്തിയതിന്റെ ഫലമായി അബു ഹുറൈറ (റ) പ്രവാചകനുമായി നേരിട്ട് ചർച്ച നടത്തുന്നത്തിന്റെയും സംഭാഷണങ്ങളുടെയും ഗുണഭോക്താവായിരുന്നു. ഒരിക്കൽ സ്വഹാബികൾ പ്രാർത്ഥിക്കുകയും മുഹമ്മദ് നബി (സ) അവരോടൊപ്പം ചേരുകയും ചെയ്തുവെന്ന് അൽ-ബാഷ വിവരിക്കുന്നു.
അബൂഹുറൈറ(റ)യുടെ ഊഴം വന്നപ്പോൾ അദ്ദേഹം പറഞ്ഞു:
“അല്ലാഹുവേ! എന്റെ കൂട്ടാളികൾ ചോദിച്ചതെല്ലാം ഞാൻ നിന്നോട് ചോദിക്കുന്നു, എനിക്ക് ഒരിക്കലും മറക്കാനാവാത്ത അറിവ് ഞാൻ നിന്നോട് ചോദിക്കുന്നു. ആ പ്രാർത്ഥനയോട് പ്രവാചകൻ “ആമീൻ” പറഞ്ഞു! (അഷ്-ഷൗകാനി)
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ നമ്മൾ പഠിക്കുന്നു:
“… നബിയുടെ അനുചരന്മാരിൽ എന്നെക്കാൾ കൂടുതൽ ഹദീസുകൾ നിവേദനം ചെയ്ത മറ്റാരുമില്ല, അവ എഴുതിയിരുന്ന അബ്ദുല്ലാഹ് ബിൻ അംർ (ബിൻ അൽ-ആസ്) ഒഴികെ, ഞാൻ അത് ഒരിക്കലും എഴുതിയിരുന്നില്ല.” (ബുഖാരി 3:113)
തീർച്ചയായും, അൽ-ബാഷയുടെ അഭിപ്രായത്തിൽ, അബു ഹുറൈറ (റ) 1,600-ലധികം ഹദീസുകൾ മനഃപാഠമാക്കിയിട്ടുണ്ട്, കൂടാതെ മുഹമ്മദ് നബി (സ) യുടെ ആധികാരിക വാക്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും നിവേദകനായി ഹദീസ് പുസ്തകങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം വഹിക്കുന്നു.
അന്തിമ ചിന്തകൾ
പ്രവാചകന്റെ അധ്യാപനങ്ങൾ മനഃപാഠമാക്കാനും സംരക്ഷിക്കാനും അദ്ദേഹം ശ്രമിച്ചതിന്റെ ഫലമായി ഓരോ തലമുറയിൽ പെട്ട മുസ്ലിങ്ങൾക്കും വലിയ പ്രയോജനം ലഭിച്ചു.
- ഖുർആനുമായും മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളുമായും നമ്മുടെ സ്വന്തം ബന്ധം എന്താണ്?
- അറിവിന്റെ സ്രോതസ്സുകളുമായി നാം എത്രത്തോളം അടുത്തിരിക്കുന്നു?
- പഠിക്കാനും പഠിക്കുന്നത് പ്രാവർത്തികമാക്കാനും എന്തെല്ലാം ത്യാഗങ്ങളാണ് നാം ചെയ്യുന്നത്?
- നമ്മുടെ മാതാപിതാക്കളുമായുള്ള നമ്മുടെ ബന്ധം എന്താണ്?
- അത് ശക്തമല്ലെങ്കിൽ, അത് ശക്തമാക്കാൻ സഹായിക്കാൻ സർവ്വശക്തനായ അല്ലാഹുവിനോട് നമ്മൾ പ്രാർത്ഥിക്കുന്നുണ്ടോ?
ഇങ്ങനെ പല പാഠങ്ങളും അബൂഹുറൈറ(റ)യുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാം.
അവസാനമായി, അബു ഹുറൈറ (റ) നിവേദനം ചെയ്‌ത ഓരോ ഹദീസുകളും പ്രധാനമാണെങ്കിലും, അവയിലൊന്ന് വളരെ പ്രധാനമാണ്, കാരണം അത് നമ്മിലേക്ക് സംപ്രേഷണം ചെയ്തതിലൂടെ നമുക്ക് ഒരിക്കലും അറിയാൻ കഴിയാതെ പോകുമായിരുന്ന ഒരു കാര്യത്തെക്കുറിച്ച് നമ്മൾ മനസ്സിലാക്കി. മക്കയിൽ നിന്ന് അബിസീനിയയിലേക്ക് പലായനം ചെയ്ത ആദ്യകാല അഭയാർത്ഥികൾക്ക് അബിസീനിയ രാജാവ് (ഇന്നത്തെ എത്യോപ്യ) അൻ-നജാഷ് നൽകിയ സ്‌നേഹവും സ്വാഗതാർഹവുമായ സ്വീകരണത്തെക്കുറിച്ച് നിങ്ങൾക്ക് സൗകര്യാർത്ഥം വായിക്കാം.
അബൂ ഹുറൈറ (റ) നിവേദനം ചെയ്തില്ലായിരുന്നെങ്കിൽ നജാഷ് വഫാത്താകുന്നതിന് മുമ്പ് ഇസ്ലാം സ്വീകരിച്ചതായി നാം അറിയുമായിരുന്നില്ല. അബു ഹുറൈറ(റ) നിവേദനം:
“അൻ-നജാഷ് (എത്യോപ്യയിലെ രാജാവ്) അന്തരിച്ച ദിവസം അദ്ദേഹം മരിച്ചുവെന്ന വാർത്തയെക്കുറിച്ച് അല്ലാഹുവിന്റെ ദൂതൻ (സ) ഞങ്ങളെ അറിയിച്ചു. അദ്ദേഹം പറഞ്ഞു, ‘നിന്റെ സഹോദരനുവേണ്ടി അല്ലാഹുവിനോട് മാപ്പ് ചോദിക്കൂ.’ പ്രവാചകൻ അവരെ മസ്ജിദിൽ വരിവരിയായി നിരത്തി നാല് തക്ബീർ ചൊല്ലി. [സ്വലാത്തുൽ ജനാസ, മയ്യിത്ത് നമസ്കാരം] (അൽ-ബുഖാരി 23:412)
അബു ഹുറൈറ (റ) എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്റെ ജീവിതം എത്ര അത്ഭുതകരമായിരുന്നു!