മുൻകാലജീവിതം
പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ കുടുംബത്തിൽ ജനിക്കുന്നത്. അബൂബക്കർ അബ്ദുല്ല ഇബ്നു ഉസ്മാൻ അബു ഖുഹാഫ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. “അസ്-സാദ്ദിഖ്” (സത്യം സാക്ഷ്യപ്പെടുത്തുന്നവൻ) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിറാജിന്റെ (സ്വർഗ്ഗാരോഹണ) അനുഭവം നബി (സ) വിവരിച്ചപ്പോൾ വിശ്വസിക്കാൻ ഒരു നിമിഷം പോലും അദ്ദേഹം മടി കാണിച്ചില്ല. പ്രവാചകൻ അദ്ദേഹത്തിന് സിദ്ദീഖ് എന്ന പദവി നൽകി ആദരിച്ചത് ഈ സത്യസന്ധത അദ്ദേഹം ജീവിത ചര്യയാക്കിയത് കൊണ്ടായിരുന്നു. വളരെ ശാന്തനും ആത്മാർത്ഥതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഖുറൈഷ് ഗോത്രത്തിന്റെ ഒരു ശാഖയായ ബനൂ തമീമിൽ പെട്ട ഒരു കുലീനമായ കുടുംബത്തിൽ നിന്നായിരുന്നു അദ്ദേഹം വന്നത്.
പ്രവാചകനോടപ്പുള്ള സഹവാസം
അബൂബക്കർ സിദ്ദിഖ് ഒരു സമ്പന്നനായ വ്യാപാരിയായിരുന്നു. ചില വ്യാപാര ദൗത്യങ്ങളിൽ അദ്ദേഹം നബി (സ) യേയും അനുഗമിച്ചു.
പ്രവാചകന്റെ (സ) ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹം ഇസ്ലാം സ്വീകരിച്ച ആദ്യത്തെ, മുതിർന്ന, സ്വതന്ത്ര വ്യക്തി കൂടിയാണ്. ഒരിക്കൽ നബി(സ) ഇതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു.
ഞാൻ ജനങ്ങളെ അള്ളാഹുവിലേക്ക് ക്ഷണിച്ചപ്പോൾ അബൂബക്കർ (റ) ഒഴികെ, മറ്റുള്ളവരെല്ലാം അൽപ്പനേരത്തേക്കെങ്കിലും മടിച്ചുനിൽക്കുകയോ, അൽപ്പം ചിന്തിക്കുകയോ ചെയ്‌തു. എന്നാൽ അബൂബക്കർ ഞാൻ പറഞ്ഞ ഉടനെ ആ സന്ദേശം ഒരു നിമിഷം പോലും സന്ദേഹിക്കാതെ സ്വീകരിച്ചു
ഹസ്രത്ത് സയ്യിദ് റബീഅ ഇബ്‌നു കഅബ് (റ) പറഞ്ഞത് പ്രകാരം ഹസ്രത്ത് സയ്യിദ്‌ന അബൂബക്കർ സിദ്ദീഖിന്റെ (റ) ഇസ്‌ലാം ആശ്ലേഷനത്തിന്റെ പിന്നിൽ ഒരു സ്വർഗ്ഗീയ വെളിപാട് കൂടിയുണ്ട്. അബൂബക്കർ വ്യാപാരത്തിനായി സിറിയയിലേക്ക് പോയപ്പോൾ, അദ്ദേഹം അവിടെ വെച്ച് ഒരു സ്വപ്നം കണ്ടു, അത് “ബഹിറ” എന്ന സന്യാസിയോട് അദ്ദേഹം പങ്കുവെച്ചു .
സന്യാസി ചോദിച്ചു: നിങ്ങൾ എവിടെ നിന്നാണ് വന്നത്?
അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “മക്കയിൽ നിന്ന്”.
അപ്പോൾ സന്യാസി ചോദിച്ചു: “നിങ്ങൾ ഏത് ഗോത്രത്തിൽ പെടുന്നു?
അബൂബക്കർ മറുപടി പറഞ്ഞു: “ഖുറൈശികളിൽ നിന്ന്”.
സന്യാസി : “നിങ്ങൾ എന്താണ് ചെയ്യുന്നത്?
അദ്ദേഹം പറഞ്ഞു: ഞാനൊരു വ്യവസായിയാണ്.
ഇത് കേട്ട സന്യാസി പറഞ്ഞു: സർവ്വശക്തനായ അല്ലാഹു നിങ്ങളുടെ സ്വപ്നം നിറവേറ്റുകയാണെങ്കിൽ, അവൻ നിങ്ങളുടെ സ്വന്തം രാജ്യത്ത് ഒരു പ്രവാചകനെ അവരോധിക്കും, ആ പ്രവാചകന്റെ ജീവിതത്തിൽ നിങ്ങൾ സന്തത സഹചാരിയും അദ്ദേഹത്തിന്റെ മരണശേഷം പിൻഗാമിയും ആയി ഉയർത്തപ്പെടുകയും ചെയ്യും.
ഹസ്രത്ത് അബൂബക്കർ ഈ സംഭവം രഹസ്യമാക്കി വെച്ചു. പിന്നീട് നബി (സ) പ്രവാചകത്വം മക്കക്കാർക്ക് മുന്നിൽ പ്രഖ്യാപിച്ചപ്പോൾ, നബി (സ) ഈ സംഭവം അദ്ദേഹത്തോട് ഒരു വാദമായി അവതരിപ്പിക്കുകയുണ്ടായി. ഇതുകേട്ട അദ്ദേഹം തിരുനബി(സ)യെ ആശ്ലേഷിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു കൊണ്ട് “അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, നിങ്ങൾ അല്ലാഹുവിന്റെ യഥാർത്ഥ ദൂതരാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു “എന്ന് പ്രസ്താവിച്ചു ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നു വരുകയും ചെയ്‌തു.
കുടുംബം
അദ്ദേഹത്തിന്റെ പിതാവ് ഉസ്മാൻ അബു ഖുഹാഫയും മാതാവ് സൽമ ഉമ്മുൽ ഖൈറുമായിരുന്നു. നാല് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം മക്കയിൽ നിന്നു രണ്ടും മദീനയിൽ നിന്നും രണ്ടും വിവാഹം കഴിച്ചു. മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു അബൂബക്കർ (റ)ന്.
ഇസ്‌ലാമിന്റെ വളർച്ചയിൽ പലവിധത്തിൽ അദ്ദേഹം സംഭാവന നൽകി. ആദ്യകാലങ്ങളിൽ ഇസ്ലാമിലേക്ക് കടന്നു വന്ന പലരും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം മതം മാറിയവരായിരുന്നു .
ഇസ്ലാം സ്വീകരിച്ച അടിമകളെ ഖുറൈശികൾ പീഡിപ്പിച്ചു. യജമാനന്മാരാൽ അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ബിലാൽ (റ) അത്തരം അടിമകളിൽ ഒരാളായിരുന്നു, ബിലാൽ (റ)യുടെ യജമാനൻ മരുഭൂമിയിലെ കത്തുന്ന മണലിൽ അദ്ദേഹത്തെ വലിച്ചിഴച്ചു. എന്നാൽ ഇതറിഞ്ഞ അബൂബക്കർ സിദ്ദീഖ് (റ) ബിലാൽ (റ)യെ മോചിപ്പിച്ചു. ബിലാൽ (റ)യെ പ്പോലെ മറ്റ് നിരവധി അടിമകളെയും അദ്ദേഹം അടിമത്വത്തിന്റെ ചങ്ങലയിൽ നിന്നും മോചിതമാക്കി.
നബി(സ)യോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു അബൂബക്കർ (റ). മാത്രമല്ല, പ്രസിദ്ധമായ ഹുദൈബിയ്യ ഉടമ്പടിയുടെ സമയത്ത് നബി (സ്വ)യെ പിന്തുണക്കുകയും ചെയ്തു ഈ മഹാ മനീഷി. ഉടമ്പടിയിലെ വ്യവസ്ഥകൾ ഉമർ എതിർത്തപ്പോൾ അദ്ദേഹത്തെ സമാധാനിപ്പിച്ചത് അബൂബക്കർ (റ)യായിരുന്നു.
തബൂക്കിന്റെ പര്യവേഷണ വേളയിൽ, അബൂബക്കർ സിദ്ദീഖ് (റ) തന്റെ എല്ലാ സ്വത്തും പര്യവേഷണത്തിനായി നൽകി ഏറ്റവും വലിയ പരിത്യാഗിയായി മാറി. ഹസ്രത്ത് അബൂബക്കർ സിദ്ദീഖ് (റ) ഹിജ്‌റ 9-ാം വർഷം ആദ്യത്തെ അമീർ-അൽ ഹജ്ജായി നിയമിക്കപ്പെട്ടു. നബി(സ) രോഗബാധിതനായപ്പോൾ നമസ്കാരത്തിന് നേതൃത്വം നൽകാൻ അബൂബക്കർ സിദ്ദീഖ് നെ നിയോഗിച്ചു പ്രവാചകൻ. മൃദുഹൃദയനായതിനാൽ അത് അദ്ദേഹത്തിന് ബുദ്ധിമുട്ടാണെന്നും അദ്ദേഹത്തെ മാറ്റിസ്ഥാപിക്കണമെന്നും ആഇശ (റ) പ്രവാചകനോട് അഭ്യർത്ഥിച്ചപ്പോൾ പോലും നബി (സ) തന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. പിന്നീട് രോഗാവസ്ഥയിൽ പ്രവാചകൻ (സ) പള്ളിയിൽ വരുകയും ഒരു പ്രഭാഷണം നടത്തുകയും ചെയ്‌തു. പ്രഭാഷണത്തിന് ശേഷം അദ്ദേഹം പറഞ്ഞു: “അല്ലാഹു തന്റെ ദാസന്മാരിൽ ഒരാൾക്ക് ഈ ഭൂമിയിൽ ഒരു ജീവിതവും അവനോടൊപ്പം ഒരു ജീവിതവും വാഗ്ദാനം ചെയ്തു. എന്നാൽ ദാസൻ രണ്ടാമത്തേത് സ്വീകരിച്ചു” (സ്വഹീഹ് ബുഖാരി). ഇത് കേട്ടയുടനെ , പ്രവാചകന്റെ ദൗത്യം അവസാനിച്ചുവെന്നും ഉടൻ തന്നെ തങ്ങളിൽ നിന്ന് വേർപിരിയുമെന്നും മനസ്സിലാക്കിയ അബൂബക്കറിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
എന്നാൽ പ്രവാചകന്റെ ഈ അഭിസംബോധനയുടെ അർത്ഥം മിക്ക ആളുകൾക്കും മനസ്സിലായില്ല, അത് കൊണ്ട് തന്നെ അബൂബക്കറിന്റെ കരച്ചിൽ കണ്ട് അവർ ആശ്ചര്യപ്പെട്ടു. നബി (സ) വഫാത്തായപ്പോൾ ഉമർ (റ) വികാരാധീനനായി, നബി (സ) മരിച്ചുവെന്ന് പറയാൻ ധൈര്യപ്പെടുന്നവനെ കൊല്ലുമെന്ന് അദ്ദേഹം വിഷമം സഹിക്കവയ്യാതെ പറഞ്ഞു. ആ നിമിഷം അബൂബക്കർ സിദ്ദീഖ് (റ) ഒരു പ്രസംഗം നടത്തുകയും മുസ്ലീങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഉപസംഹാരം
റസൂൽ (സ) അബൂബക്കറിനെ വളരെയധികം വിലമതിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന കാര്യം പല ഹദീസുകളിലും കാണാം. 632-ൽ സംഭവിച്ച മുഹമ്മദ് നബി (സ) യുടെ മരണ ശേഷം അബൂബക്കറാണ് മുസ്ലീം ലോകത്തെ നയിക്കേണ്ടതതെന്നും അത്തരം ഹദീസുകളിൽ പറയുന്നുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ ഭരണം നടത്തിയ അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്ന് തന്നെ പ്രവാചകന്റെ മരണശേഷം അറേബ്യയെ വിഴുങ്ങിയ പ്രക്ഷുബ്ധമായ അവസ്ഥ ഇല്ലാതാക്കി മുസ്ലിം ലോകത്തെ നയിച്ചു. ചില മുസ്ലീങ്ങൾ വ്യാജ പ്രവാചകന്മാരെ പിന്തുടർന്ന് അല്ലാഹുവിന്റെ നാമം ഉപേക്ഷിച്ചപ്പോയും മറ്റുള്ളവർ സകാത്ത് നൽകാൻ വിസമ്മതിച്ചപ്പോഴും അബൂബക്കർ കാണിച്ച വിവേക പൂർണ്ണമായ നടപടികൾ ഒരു മികച്ച ഭരണാധികാരി എന്ന നിലയിൽ അദ്ദേഹത്തെ വേറിട്ടു നിർത്തി. അറേബ്യയിലുടനീളം ഇസ്ലാം ശക്തിപ്പെട്ട കാലമായിരുന്നു അത്. പ്രവാചകന്റെ മികച്ച സഹചാരി അബൂബക്കർ (റ) ആണെന്നതിലും, അദ്ദേഹത്തിന്റെ ഇസ്ലാമിക വളർച്ചയിൽ ഉള്ള പങ്കിനെ കുറിച്ചും പണ്ഡിതന്മാർക്കിടയിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല